സീ കേരളം അവാര്‍ഡ് നിശയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ നടന്‍ ജനാര്‍ദ്ദനൊപ്പമുളള നടന്‍ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രേക്ഷകരുടെ മനംനിറയ്ക്കുകയാണ്. കരിയറിന്റെ തുടക്കത്തില്‍ ജനാര്‍ദ്ദനന്‍ തന്നോട് കാണിച്ച കരുതലിനെ കുറിച്ചും ഒരേ നാട്ടുകാരനായ സന്തോഷവുമൊക്കെയാണ് മമ്മൂട്ടി പങ്ക് വക്കുന്നത്.
താന്‍ സിനിമയില്‍ വന്ന കാലത്ത് ഒരു പരിചയക്കാരന്‍ എന്നു പറയാന്‍ എനിക്ക് ജനാര്‍ദ്ദനന്‍ ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടി തന്റെ നാട്ടുകാരനാ കെട്ടോ എന്ന് ജനാര്‍ദ്ദനന്‍ എല്ലാവരോടും പറയുമായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളൂ, ഒരു പരിചയക്കാരന്‍ എന്നു പറയാന്‍ എനിക്ക് ജനാര്‍ദ്ദനന്‍ ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്നു പറയുന്നത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്. അന്ന് ഞാനൊരു ചെറിയ നടനാണ്. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല. മലയാളത്തിലെ അത്രയും പ്രഗത്ഭനായൊരു നടന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണ്, സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോള്‍ നമ്മളെത്രത്തോളം സെക്യൂര്‍ഡ് ആവുന്നു എന്നുള്ളത് നിങ്ങള്‍ക്കത് അനുഭവത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ മനസ്സിലാവൂ.
അന്യനാട്ടില്‍ ചെല്ലുമ്പോള്‍, നമ്മുടെ നാട്ടുകാരനായ ഒരാളെ കാണുമ്പോള്‍, നമ്മുടെ ഭാഷ സംസാരിക്കുന്ന ആളെ കാണുമ്പോള്‍ ഒരു സന്തോഷമില്ലേ, സമാധാനമില്ലേ. അതുപോലെ ജനാര്‍ദ്ധനന്‍ ചേട്ടനെ കണ്ടപ്പോള്‍ അദ്ദേഹം വൈക്കത്തുകാരനാണ് ഞാന്‍ എന്ന് മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോള്‍ എനിക്കുണ്ടായൊരു ആത്മധൈര്യം... താങ്ക്യൂ..,'
ഒരുപാട് കാലമായി ചേട്ടന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതെന്ന്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പല ആള്‍ക്കാരും ഇപ്പോള്‍ ഇല്ല. അവര്‍ക്കൊക്കെ ഒരുപാട് അംഗീകാരങ്ങള്‍ കിട്ടുന്നുണ്ട്. ഒരുപാട് ബഹുമതികള്‍ കിട്ടുന്നുണ്ട് ഇപ്പോഴും. ജനാര്‍ദ്ദനന്‍ ചേട്ടനോട് ഈ സ്നേഹവും ആദരവും കാണിച്ച സീ ടീവിക്ക് ആദ്യമായിട്ട് ഒരു നന്ദി. ഇപ്പോഴും അടുത്തകാലത്ത് നടന്ന ഒരു പരിപാടിയില്‍ ഞാന്‍ ജനാര്‍ദ്ദനന്‍ ചേട്ടനെ ഒന്ന് ആദരിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള സംവിധാനങ്ങള്‍ ഇല്ല എന്നാണ് പറഞ്ഞത്. ഇത് എനിക്ക് ഇന്നത്തെ ഏറ്റവും വലിയ സന്തോഷമുള്ള ഒരു കാര്യമാണ്.' മമ്മൂട്ടി പറഞ്ഞു.ജനാര്‍ദ്ദനന് സ്‌നേഹചുംബനം നല്‍കി കൊണ്ടാണ് മമ്മൂട്ടി തന്റെ സ്പീച്ച് അവസാനിപ്പിച്ചത്.
മമ്മൂട്ടിയുടെ പിതാവിനെയാണ് താനാദ്യം പരിചയപ്പെട്ടത് എന്നായിരുന്നു മറുപടി പ്രസംഗത്തില്‍ ജനാര്‍ദ്ദനന്‍ പറഞ്ഞത്. 'മമ്മൂട്ടിയെ പരിചയപ്പെടും മുന്‍പ് എനിക്ക് അദ്ദേഹത്തിന്റെ അച്ഛനെയായിരുന്നു പരിചയം. കോട്ടയത്ത് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ചെമ്പിലെ ഒരു നല്ല ചായക്കട ഉണ്ട്. അവിടെ വച്ച് സുമുഖനായൊരാളെ പരിചയപ്പെട്ടു,' തന്റെ പിതാവിനെ കുറിച്ച് ജനാര്‍ദ്ദനന്‍ സംസാരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണാം.