പേര് സൂചിപ്പിക്കും പോലെ തന്നെ മനസിന് കുളിര്‍മ നല്‍കുന്ന സിനിമ തന്നെയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന കൊച്ചു സിനിമ. സ്‌ക്കൂള്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ കോമഡി ഡ്രാമാ വിഭാഗത്തില്‍ പെടുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ ബോറഡിപ്പിക്കാതെ പിടിച്ചിരുത്താന്‍ സംവിധായകന്‍ ഗിരീഷിനെ കൊണ്ട് സാധിച്ചിട്ടുണ്ട്. സംവിധായകന്‍ ഗിരീഷ് എഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കാമറാമാന്‍ ജോമോന്‍ ടി ജോണ്‍,ഷെമീര്‍ മുഹമ്മദ്,ഷെബിന്‍ ബെക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ്, അനശ്വര രാജന്‍ എന്നിവരാണ് .
സ്‌ക്കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ കഥയും സ്‌ക്കൂള്‍ ജീവിതവുമായ് ബന്ധപ്പെട്ടുള്ളതാണ്. മാത്യു തോമസ് അവതരിപ്പിക്കുന്ന ജെയ്‌സണ്‍ എന്ന കാഥാപാത്രത്തിന്റെ മൂന്ന് ദുംഖങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു ദുംഖം ജെയ്‌സണ്‍ പ്രണയിക്കുന്ന കീര്‍ത്തിയാണ്. മറ്റൊന്ന് എന്തിനും ഏതിനും ജെയ്‌സണെ കുറ്റപ്പെടുത്തുന്ന രവി സാറാണ്, മൂന്നാമത്തെ ദുംഖം സഹപാടിയുമായിട്ടുള്ള പ്രശ്‌നവും. ചിത്രത്തില്‍ ജെയ്‌സണ്‍ സ്‌നേഹിക്കുന്ന കീര്‍ത്തിയായെത്തുന്നത് അനശ്വര രാജനാണ്. രവി സാറായ് എത്തുന്നത് വിനീത് ശ്രീനിവാസനും. അധ്യാപകനായ് രവി സാര്‍ എത്തുന്നതോടെ ജെയ്‌സണ്‍ നേരിടുന്ന പ്രശ്‌നങ്ങളും അതെല്ലാം ജെയ്‌സണ്‍ തരണം ചെയ്യുന്നതും, ഇതിന്റെയെല്ലാം ഒരു വശത്തുകൂടെ തന്റെ പ്രണയം മുന്നോട്ട് കൊണ്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്ന കഥാസന്ദര്‍ഭങ്ങളാണെങ്കിലും വളരെ വ്യത്യസ്തമായ രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
സിനിമയെ മൊത്തത്തില്‍ ഒന്ന് ചുരുക്കി പറയാം..
സിനിമയുടെ സാങ്കേതിക തലത്തിലേക്ക് കടക്കും മുമ്പേ സിനിമയെക്കുറിച്ച് ചെറുതായൊന്ന് പറയാം. വളരെ രസകരമായ രീതിയില്‍ ചെറിയ ചെറിയ തമാശകളിലൂടെയാണ് സിനിമയുടെ തുടക്കം. തുടക്കത്തില്‍ പ്രേക്ഷകരില്‍ നിറച്ച ചിരി സിനിമയുടെ അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് സിനിമയുടെ വിജയമാണ്. ചെറിയൊരു വിഷയത്തെ വളരെ മികച്ച രീതിയില്‍ വ്യത്യസ്തമായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. ഒട്ടും നാടകീയത ഇല്ലാതെ തന്നെയായിരുന്നു ചിത്രത്തിലെ ഒരോ അഭിനേതാവിന്റെയും പ്രകടനം. അഭിനേതാക്കള്‍ എല്ലാം തന്നെ തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം മാത്യു തോമസിന്റെയും അനശ്വര രാജന്റെയും പ്രകടനത്തെക്കുറിച്ചാണ്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷമുള്ള മാത്യു തോമസിന്റെ മികച്ച പ്രകടനമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങളിലേത്.
ഈ സിനിമയിലെ മറ്റൊരു പ്രധാന ആഘര്‍ഷണമായിരുന്നു വിനീത് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ ചെയ്തിട്ടുള്ളതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങളിലേത്. ചെറിയൊരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു താരത്തിന്റെത്. എങ്കിലും നന്നായി തന്നെ തനിക്ക് ലഭിച്ച കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട് . വിനീതിനും മാത്യു തോമസിനും അനശ്വര രാജനും പുറമേ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങല്‍ ഉണ്ടായിരുന്നു . അവരെല്ലാം തന്നെ മികച്ച അഭിനയം തന്നെയാണ് കാഴ്ച്ചവെച്ചത്. ചിത്രത്തില്‍ ഇടയ്ക്കിടക്ക് കാണിക്കുന്ന തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും പഫ്‌സ് കഴിക്കുന്നതുമായ രംഗങ്ങള്‍ വളരെ ലളിതമായതും കാണാന്‍ രസമുള്ളതുമാണ്.
സ്‌ക്കൂള്‍ കാലഘട്ടത്തെ പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്നു..
സ്‌ക്കൂള്‍ ലൈഫില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ സ്‌ക്കൂള്‍ ജീവിതത്തിലെ അത്തരത്തിലുള്ള കൊച്ചു കൊച്ചു നിമിഷങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം തന്നെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമ തന്നെയാണിത്. മാത്യു തോമസ് അവതരിപ്പിക്കുന്ന ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നതെങ്കിലും. അതിലെ തന്നെ മറ്റ് പ്രധാന ഘടകങ്ങളാണ് വിനിത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന രവി സാറും, അനശ്വര അവതരിപ്പിക്കുന്ന കീര്‍ത്തിയും, പിന്നെ ജെയ്‌സന്റെ സുഹൃത്തുക്കളും. സിനിമയില്‍ സുഹൃത്തുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. എന്തിനും ഏതിനും ജെയ്‌സണ് താങ്ങായി നില്‍ക്കുന്ന സുഹൃത്തകള്‍ ഒരേസമയം പ്രേക്ഷകനില്‍ ചിരിയും നൊസ്റ്റാള്‍ജിയയും ജനിപ്പിക്കുന്നു.
തമാശയും പ്രണയവും നിറച്ച ഒരു കൊച്ചു ചിത്രം. സിനിമ കാണുന്നവരെ അവരുടെ സ്‌ക്കൂള്‍ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നുണ്ട്. പ്ലസ് ടു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ ഇതിന് മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും ആ സിനിമകളൊന്നും തരാത്ത ഒരു ഫീല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നല്‍കുന്നുണ്ട്. തണുത്ത തണ്ണീര്‍ മത്തന്‍ ജ്യൂസ് കുടിക്കുന്ന ഒരു ഫീല്‍. സിനിമ കണ്ട് രസിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് സിനിമ തീരുന്നത്. എന്നാല്‍ മൊത്തത്തില്‍ നല്ല ഒഴുക്കില്‍ പോയ സിനിമയുടെ അവസാന ഭാഗത്ത് എത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ചെറുതായ് ഒരു കപടോക്തി കടന്ന് വരുന്നുണ്ട് എങ്കിലും ക്ലൈമാക്‌സിലൂടെ ആ പോരായ്മ സംവിധായകന്‍ മറികടക്കുന്നുമുണ്ട്.
ഇനി സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ കാമറയും എഡിറ്റിങ്ങുമെല്ലാം കുഴപ്പമില്ലാതെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രത്തെ കുറച്ച് കൂടെ മനോഹരമാക്കുന്നുമുണ്ട്. എന്തായാലും വളരെ റിയലസ്റ്റിക്കായ് തന്നെയുളള ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് നിരാശ നല്‍കില്ല. അതായത് കൈയിലെ കാശ് കൊടുത്ത് സിനിമ കണ്ടത് നഷ്ടമായി പോയെന്ന് കരുതേണ്ടിവരില്ല.