ആദ്യപകുതിയില്‍ കാളിയുടെ മരണമാസ് ആട്ടം; രണ്ടാം പകുതിയില്‍ അടങ്ങാത്ത പ്രതികാരത്തിന്റെ വേട്ട; വിന്റേജ് രജനിയെ തിരികെ സമ്മാനിച്ച് കാര്‍ത്തിക് സുബ്ബരാജ്; പ്രതിനായകവേഷത്തില്‍ അരങ്ങുതകര്‍ത്ത് വിജയ് സേതുപതിയും നവാസുദ്ദീന്‍ സിദ്ദിഖിയും; ഇത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കൊലമാസ് പകര്‍ന്നാട്ടം

എം.എസ് ശംഭു
 ആദ്യപകുതിയില്‍ കാളിയുടെ മരണമാസ് ആട്ടം; രണ്ടാം പകുതിയില്‍ അടങ്ങാത്ത പ്രതികാരത്തിന്റെ വേട്ട; വിന്റേജ് രജനിയെ തിരികെ സമ്മാനിച്ച് കാര്‍ത്തിക് സുബ്ബരാജ്; പ്രതിനായകവേഷത്തില്‍ അരങ്ങുതകര്‍ത്ത് വിജയ് സേതുപതിയും നവാസുദ്ദീന്‍ സിദ്ദിഖിയും;  ഇത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കൊലമാസ് പകര്‍ന്നാട്ടം

2012ല്‍ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെ തമിഴകത്തിന് കിട്ടിയ മാണിക്യമാണ് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍. ജിഗര്‍തണ്ട , മെര്‍ക്കുറി, ഇരൈവി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സ്റ്റൈല്‍ മന്നന്‍ രജനി കാന്തിനായി തിരക്കഥ എഴുതി പേട്ട പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മാസ് എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല.

സുപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ  മാസും ക്ലാസും സ്റ്റൈലും കലര്‍ന്ന ചിത്രം. വിന്റേജിലേക്കുള്ള ആ പഴയ രജനികാന്തിലേക്കുള്ള പറിച്ചു നടല്‍ എന്നൊക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ശിവാജി, കബാലി, യന്തിരന്‍, കാലാ തുടങ്ങിയ രജനി മാസ് ചിത്രങ്ങളെയെല്ലാം തട്ടിച്ച് നോക്കുമ്പോള്‍ ഒരുപക്ഷേ തകര്‍പ്പന്‍ അവതരണം എന്നു പറയാം. ലാഗിങ്ങോ, അമിത ഡലോഗോ, ഇല്ലാതെ കഥയും മാസും കലര്‍ത്തിയുള്ള ചിത്രം. സ്റ്റൈല്‍ മന്നന്‍ രജനി കാന്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത് എന്താണോ അത് ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം പത്ത് മടങ്ങ് ഇരട്ടിയായി നല്‍കിയിട്ടുണ്ട്.  

 

 

ഇത് വിന്റേജ് രജനിയുടെ തിരിച്ചുവരവ് 

യുവതാരനിരകളെല്ലാം ചിത്രത്തില്‍ അണിനിരക്കുമ്പോള്‍ ചിത്രത്തെ ക്ലാസാക്കുന്നത് രജനിയുടെ മാസ് തന്നെയാണെന്ന് ആദ്യം തന്നെ പറഞ്ഞു തുടങ്ങട്ടെ. ഒരര്‍ത്ഥത്തില്‍ പോലും പ്രേക്ഷകനെ നിരാശരാക്കാത്ത ചിത്രം എന്നതിലുപരി തിരക്കഥയുടെ മേന്മകൊണ്ട്് ഈ ചിത്രം മറ്റ് രജനി ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു.കഥ തുടങ്ങുന്നത് തന്നെ ഹില്‍ ടോപ്പില്‍ സ്ഥിതി ചെയ്യുന്ന ഒരു കോളജില്‍ നിന്നാണ്.

കോളജിലെ ഹോസ്റ്റലിലെ വാര്‍ഡനായി രജനികാന്തിന്റെ കാളി എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്യുന്നു. ആത്യാവശ്യം റാഗിങ്ങും അലമ്പുമൊക്കെയുള്ള ക്യാമ്പസ് ഹോസ്റ്റലിലേക്ക് കാളി എത്തുന്നതും, ഇവിടുത്തെ പ്രശ്‌നങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന കഥാപാത്രത്തെ ആദ്യപകുതിയില്‍ കാണാം. രണ്ടാം പകുതിയിലേക്ക് കഥ കടക്കുന്നതോടെ കാളിയില്‍ നിന്ന് പേട്ട എന്ന തന്റെ യഥാര്‍ത്ഥ വൃക്തിത്വത്തിലേക്ക് നായകന്‍ രൂപമാറ്റം ചെയ്യുന്നു. പേട്ട എന്തിന് കാളി ആയി എന്നത് സിനിമയുടെ സസ്‌പെന്‍സ് തന്നെയാണ്. തിരക്കഥയിലെ മേന്‍മയും ചിത്രീകരണത്തിലെ വേറിട്ട തലവും തന്നെയാണ് കാര്‍ത്തിക് സുബ്ബരാജിന്റെ രജനി പരീക്ഷണത്തെ വിജയിപ്പിച്ചത് എന്നു തന്നെ പറയാം.

 

കാളിയില്‍ നിന്ന് പേട്ടയിലേക്കുള്ള രണ്ടാം പകുതി 

പേട്ട എന്ന ഗ്ലാങ്‌സ്റ്ററായ രജനി കാളിയായി മാറുന്നത് പ്രതികാരത്തിന്റെ കനലുമായിട്ടാണ്. വര്‍ത്തമാനവും ഭൂതവും കലര്‍ന്ന സമ്മിശ്ര അവതരണത്തിലൂടെ കഥയെ സംവിധായകന്‍ കൊണ്ടുപോകുന്നത്. കോളജ് ഹോസ്റ്റലിലെ മാസും ക്ലാസും കലര്‍ന്ന ഭാഗങ്ങളും  നര്‍മങ്ങളും സിമ്രാനുമൊത്തുള്ള മികച്ച കോംബിനേഷനുമൊക്കെ ആദ്യപകുതി ഗംഭീരമാക്കുന്നുണ്ട്.

കോളജിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന കോളജ്കുമാരനില്‍ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കഥയെ പേട്ടയെന്ന നായകന്റെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു. എന്തിനാണ് പേട്ട കാളിയായതെന്ന് തുറന്നുപറയുന്നത് രണ്ടാം ഭാഗത്തിലാണ്. അടങ്ങാത്ത പകയും കനലുമെക്കെയായിട്ടാണ് പേട്ടയുടെ ആട്ടമാരംഭിക്കുന്നത് തന്നെ. രജനി സിനിമകളില്‍ അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും സസ്‌പെന്‍സ് സമ്മാനിച്ച ക്ലൈമാക്‌സ് തന്നയാണ് ചിത്രത്തിലെ മറ്റൊരു സവിശേഷത. 

 

മുസ്ലിം ഹിന്ദു മിശ്രവിവാവഹവും അതിനെ തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ, സാഹൂഹിക വിഷയങ്ങളുമെല്ലാം കഥയിലൂടെ കടന്നുപോകുന്നുണ്ട്.. തമിഴ്ഗ്രാമങ്ങളില്‍ ഇന്നും തുടരുന്ന വംശീയതയും വിവാത്തിന്റെ പേരില്‍ നടത്തപ്പെടുന്ന കൊലപാതകങ്ങളും സിനിമയിലൂടെ ഒരുപക്ഷേ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. കഥയുടെ കാമ്പിന് ഈ വംശീയ ഹത്യയുമായി ലവലേശം ബന്ധമുണ്ട്. തന്റെ കുടുംബത്തേയും ഉറ്റസുഹൃത്തുക്കളേയും കൊലപ്പെടുത്തുന്നതും നായകന്റെ തിരിച്ചടികളുമൊക്കെ രണ്ടാം പകുതി നിറഞ്ഞ് നില്‍ക്കുന്നു. അടുത്തത് എന്ത് എന്ന് മുന്‍കൂട്ടി പ്രവചിക്കാത്ത വിധം വ്യത്യസ്തതകള്‍ സമ്മാനിക്കുന്നതാണ് കഥാവഴി. 

 

നായകനൊത്ത പ്രതിനായകന്മാര്‍

ഇനി കഥാപാത്രങ്ങളിലേക്ക് വന്നാല്‍ ജിത്തു എന്ന വില്ലന്‍ കഥാപാത്രമായി എത്തിയ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പ്രകടനം, നവാസുദ്ദിന്‍ സിദ്ദിഖിയുടെ സിംഗാര്‍ സിംങ് എന്ന കഥാപാത്രം എന്നിവ പ്രതിനായകവേഷങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ വില്ലന്‍ കഥാപാത്രമാണ് രജനിയെ പോലെ തന്നെ അരങ്ങു തകര്‍ത്തത്. ചിത്രത്തില്‍ മാലിക്ക് എന്ന മറ്റൊരു പ്രധാന റോളില്‍ ശശികുമാറും എത്തുന്നു.

കോളജ് വിദ്യാര്‍ത്ഥിയായി ബോബി സിന്‍ഹ അവതരിപ്പിച്ച കഥാപാത്രം എന്നിവ ശ്രദ്ധേയമാണ്. രണ്ടു നായികമാര്‍ ചിത്രത്തിലെത്തിയെങ്കിലും നായികപ്രാധാന്യം സിനിമയില്‍  ആവശ്യമായി വന്നിട്ടില്ല. ചിത്രത്തില്‍ രജനിയുടെ ഭാര്യ സരോ എന്ന കഥാപാത്രമായിട്ടാണ് തൃഷ എത്തുന്നത് (തൃഷയുടെ കഥാപാത്രം ഇടയ്ക്ക് തലകാണിക്കാറുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അത്രപോലും വന്നിട്ടില്ല) വമ്പന്‍ താരനിര തന്നെയുണ്ടെങ്കിലും രജനിയുടെ വണ്‍മാന്‍ ഷോ തന്നെയാണ് ചിത്രം. 

 

 

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പേട്ടയിലെ മറ്റൊരു സുപ്രധാന റോളായിരുന്നു മണിക്ണ്ഠന്‍ ആചാരിയുടേത്. തുടക്കം മുതല്‍ ഒടുക്കം വരെ മണികണ്ഠന് പ്രാധാന്യമുള്ള റോള്‍ നിലനില്‍ക്കുന്നു. മണികണ്ഠന്റെ കരിയറിലെ മികച്ച കഥാപാത്രം എന്നുതന്നെ പറയാം.അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പശ്ചാത്തല സംഗീതം എന്നിവ മരണമാസാക്കിയിട്ടുണ്ട്.

തിരുവിന്റെ ഛായാഗ്രഹണത്തില്‍ സ്റ്റൈല്‍ മന്നന്റെ തകര്‍ത്താട്ടം ഒപ്പം തന്നെ ക്ലാസാക്കി. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം. സണ്‍ പിച്ചേഴ്‌സിന്റെ നിര്‍മാണത്തില്‍ കലാനിധി മാരനാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. 

rejanikanth petta movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES