അപ്രതീക്ഷിതമായിട്ടാണ് നടന്‍ കലാഭവന്‍ നവാസിന്റെ മരണം പ്രിയപ്പെട്ടവരിലേക്കും മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലേക്കും എത്തിയത്. ആര്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത വിയോഗം ആയിരുന്നു നവാസിന്റേത്. ജീവിച്ച് കൊതിതീരും മുന്നേയുള്ള അദ്ദേഹത്തിന്റെ വേര്‍പാട് കൂട്ടുകാരെയും നാട്ടുകാരെയും മുഴുവന്‍ വേദനിപ്പിച്ചിരുന്നു. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാത്തവരും ദൈവം എന്തിന് ഇങ്ങനെ ഒരു ക്രൂരത കാട്ടിയെന്ന് ചോദിക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ലായെന്നതാണ് സത്യം. നവാസ് ഓര്‍മയാകുമ്പോള്‍ ആരാധകരുടെ മനസ്സില്‍ വേദനയോടെ നിറയുന്ന ഒരു മുഖം എന്നും അദ്ദേഹത്തോട് ചേര്‍ന്നു നിന്നിരുന്ന ഭാര്യ രഹ്നയുടേതാണ്.
നടിയും നര്‍ത്തകിയുമായ രഹ്ന സിനിമയില്‍ സജീവമായിരുന്ന കാലത്താണ് നവാസിന്റെ ജീവിതസഖിയായത്. ഒടുവില്‍ 21 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനൊടുവില്‍ രഹ്നയെ തനിച്ചാക്കി നവാസ് മടങ്ങിയപ്പോള്‍ ദിവസങ്ങള്‍ക്കിപ്പുറം രഹ്നയെ തേടിയെത്തിയത് നവാസ് കാണാന്‍ ആഗ്രഹിച്ച ഒരു സന്തോഷ നിമിഷമാണ്. നവാസും രഹ്നയും ഒരുമിച്ച് അഭിനയിച്ച ഇഴ എന്ന സിനിമയുടെ യൂട്യൂബ് റിലീസ് വാര്‍ത്തയാണത്.
സിനിമയുടെ സംവിധായകന്‍ സിറാജ് റെസയാണ് അക്കാര്യം ആരാധകരെ അറിയിച്ചതും ആ കുറിപ്പ് പങ്കുവച്ചതും. സിറാജിന്റെ കുറിപ്പ് ഇങ്ങനെയാണ്;
'പ്രിയരേ..
ഒട്ടും സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലൂടെ അല്ല ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നിരിക്കെ, നവാസ്‌ക്കായും, രഹനയും ഒരുമിച്ച് അഭിനയിച്ച 'ഇഴ' സിനിമ ഏത് platform - ലാണ് ഇനി കാണാന്‍ കഴിയുക എന്നുള്ള ഒരുപാടു പേരുടെ ഫോണ്‍ വിളികളും, മെസ്സേജുകളും വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 'ഇഴ' Reza Entertainment YouTube ല്‍ വെള്ളിയാഴ്ച ഇന്ന് (8-8-2025)ന് റിലീസ് ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ പ്രൊഡ്യൂസറായ ഏറെ പ്രിയ പെട്ട സലീക്കയുടെ ഭയങ്കര വലിയ ഒരു മനസ്സുകൊണ്ടാണ് 'ഇഴ' പൂര്‍ത്തിയായതും ഇത് നിങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചതും. നാലാളൊഴികെ ഇതില്‍ അഭിനയിച്ചിരിക്കുന്ന എല്ലാവരും പുതുമുഖങ്ങളാണ്. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്ത ഒരു കൊച്ചു സിനിമയാണ് 'ഇഴ'. ഫിലിം ക്രിട്ടിക്സ്, ജെ സി ഡാനിയല്‍, പൂവച്ചല്‍ ഖാദര്‍ ഉള്‍പ്പെടെ അഞ്ചു അവാര്‍ഡുകള്‍ 'ഇഴ' സിനിമക്ക് ഇതിനോടകം ലഭിച്ചു, അതില്‍ നവാസ്‌ക്കാക്ക് ഏറ്റവും നല്ല നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള ജെ സി ഡാനിയല്‍ അവാര്‍ഡ് രഹനക്കും ലഭിക്കുകയുണ്ടായി. എല്ലാവരും ഈ സിനിമ കാണണം നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എന്തുതന്നെ ആയാലും ചാനലിലെ കമന്റ് ബോക്സില്‍ അടയാളപ്പെടുത്താതെ പോകരുത് കാരണം അതാണ് ഞങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രചോദനവും ഏറെ പ്രതീക്ഷയോടെ സിറാജ് റെസ'. എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇത്തരത്തില്‍ ജീവിച്ചിരുന്നപ്പോള്‍ നവാസ് ഏറെ ആഗ്രഹിച്ച നിമിഷമാണ് ഇപ്പോള്‍ സ്വപ്ന പൂര്‍ത്തീകരണമെന്നോണം സഫലീകരിക്കുവാന്‍ പോകുന്നത്.