Latest News

ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കുന്ന കേദാര്‍നാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ വിലക്ക്

Malayalilife
ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു;  ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കുന്ന കേദാര്‍നാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ വിലക്ക്

ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധിച്ചു. സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സമാധാനജീവിതം തടസ്സപ്പെടുമെന്ന് ഭയന്ന് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം കേദാര്‍നാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ വിലക്ക് പ്രഖ്യാപിച്ചത്.  ചിത്രത്തിന് സംസ്ഥാനത്ത് ഉടനീളം ഔദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ഉയരാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ നൈനിറ്റാള്‍, ഉദ്ധം സിംഗ് നഗര്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ വിലക്ക് പ്രഖ്യാപിച്ചത്.

സുശാന്ത് സിംഗ് രാജ്പുത്, സാറാ അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കേദാര്‍നാഥ് ഉത്തരാഖണ്ഡില്‍ 2013-ലുണ്ടായ വെള്ളപ്പൊക്കത്തെ അധികരിച്ചുള്ള പ്രണയകഥയാണ്. കഥാപാത്രങ്ങള്‍ മുസ്ലീം, ഹിന്ദു വിശ്വാസികളായാണ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെയാണ് ചിത്രത്തിനെതിരെ തീവ്ര വിഭാഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് നേരെ അതിക്രമം ഉണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ഏതാനും ജില്ലകളില്‍ വിലക്ക് പ്രഖ്യാപിച്ചത്.

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. കേദാര്‍നാഥിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തൃവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ച ശേഷമാണ് സംസ്ഥാനത്ത് ഉടനീളം ഔദ്യോഗിക വിലക്ക് വേണ്ടെന്ന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച തീരുമാനം എടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അധികാരം നല്‍കി.സാറാ അലി ഖാന്റെ പ്രഥമ ചിത്രമാണ് കേദാര്‍നാഥ്. മുസ്ലീം, ഹിന്ദു പ്രണയം കാണിച്ച് ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണ് ചിത്രമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

kedarnath-banned-in-utharakhand- at 7 district

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES