തന്റെ അറുപതാം പിറന്നാളിന്റെ നിറവിലാണ് നടന്‍ ജയറാം. ഈ ജന്മദിനത്തില്‍ വീട്ടിലേക്ക് ഒരു മരുമകള്‍ കൂടി വലതുകാല്‍ വച്ച് പ്രവേശം നടത്തിയിരിക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ജയറാം തന്നെ തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചിരിക്കുകയാണ്. ഭാര്യ പാര്‍വതി ജയറാമാണ്, മകന്‍ കാളിദാസ് ജയറാമിന്റെ ഭാര്യയായി, തന്റെ മരുമകളായി, താരിണി കാലിംഗരായര്‍ക്ക് വിളക്ക് നല്‍കി വീട്ടിലെ പുതിയ അതിഥിയായി ക്ഷണിക്കുന്നത്. ജയറാമിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ രൂപത്തില്‍ ഈ അപൂര്‍വ ഗൃഹപ്രവേശത്തിന്റെ മുഹൂര്‍ത്തം പോസ്റ്റ് ചെയ്യപ്പെട്ടത്
വിവാഹം നടന്നത് ഇപ്പോള്‍ മാത്രമാണെങ്കിലും, താരിണി ഈ കുടുംബത്തിന്റെ ഭാഗമായിട്ട് കുറെയേറെ നാളുകളായിക്കഴിഞ്ഞു. കാളിദാസ് തന്റെ ഭാവി വധുവായി താരിണി തന്നെവേണം എന്ന് ആഗ്രഹിച്ച നിമിഷം മുതല്‍ ചെന്നൈയിലെ ഈ വീടുമായി താരിണിക്ക് ഇഴപിരിയാനാവാത്ത വിധമുള്ള ബന്ധമുണ്ട് എന്ന് മുന്‍പ് കാളിദാസ് പോസ്റ്റ് ചെയ്ത പല ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. പക്ഷെ മരുമകളായി അതേ വീട്ടിലേക്ക് എത്തിച്ചേരുക എന്ന നിമിഷത്തിനു അല്‍പ്പം കൂടി മാറ്റുകൂടും.
സ്വന്തം മകള്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തു താമസത്തിനായി പോയെങ്കിലും, കുറച്ചു മാസങ്ങളുടെ ഇടവേളയില്‍ തന്നെ ഈ വീട്ടിലേക്ക് ഒരു മകള്‍ കൂടി വന്നുചേര്‍ന്നതിന്റെ നിറവ് പാര്‍വതിയുടെയും ജയറാമിന്റെയും മുഖത്തു കാണാം. താരിണിയാകട്ടെ, സ്വന്തം വീട്ടിലെ മൂത്തമകള്‍ കൂടിയാണ്. എന്നിരുന്നാലും വിവാഹശേഷം, സ്വന്തം നാടായ ചെന്നൈ വിട്ടുപോകേണ്ട കാര്യം താരിണിക്ക് ഇല്ല. മരുമക്കള്‍ രണ്ടുപേരെയും മക്കളായി തന്നെയാണ് കുടുംബത്തിലേക്ക് ക്ഷണിച്ചത് എന്ന് ജയറാം മാധ്യമങ്ങളെ സാക്ഷി നിര്‍ത്തി പറയുകയും ഉണ്ടായി.
നാട്ടിലെ തന്റെ അസാന്നിധ്യത്തില്‍ അച്ഛനും അമ്മയ്ക്കും ഒരു മകളെ കൂടി കിട്ടിയ സന്തോഷം മാളവികയുടെ മുഖത്തുമുണ്ട്. മാളവിക ജയറാമും ഭര്‍ത്താവ് നവനീത് ഗിരീഷും ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വളരെയേറെ ദിവസങ്ങള്‍ക്ക് മുന്‍പേ വിദേശത്തു നിന്നും നാട്ടില്‍ എത്തിയിരുന്നു. താരിണി മരുമകളായി വിളക്കേന്തി വലതുകാല്‍ വച്ച് കയറുന്ന നിമിഷം ജയറാമിനും പാര്‍വതിക്കും മാത്രമല്ല, മാളവികയ്ക്കും മനസ്സില്‍ സന്തോഷം നിറയ്ക്കുന്ന നിമിഷമാണ് എന്ന് ഈ വീഡിയോയില്‍ നിന്നും മനസിലാക്കാം. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം.
ആര്‍ഭാടം വളരെ കുറച്ചു മാത്രമുള്ള വിവാഹമായിരുന്നു കാളിദാസ് ജയറാമിന്റേത്. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് തീര്‍ത്തും ലളിതമായ താലികെട്ട് ചടങ്ങാണ് അരങ്ങേറിയത്. വിവാഹത്തിന്റെ മുഹൂര്‍ത്തം ഉള്‍പ്പെടെ ജയറാം കാലേക്കൂട്ടി മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. താന്‍ ഭാര്യയായി പാര്‍വതിയെ ജീവിതത്തിലേക്ക് ക്ഷണിച്ച നിമിഷം മുതല്‍ ഒപ്പം നിന്ന മാധ്യമങ്ങളുടെ അതേ സ്നേഹം മകന്റെ വിവാഹത്തിനും ലഭിച്ചതിന്റെ ആത്മനിര്‍വൃതിയുണ്ട് ജയറാമിന്. അക്കാര്യവും അദ്ദേഹം മറച്ചുവെക്കാതെ അവതരിപ്പിച്ചു. താലികെട്ട് കഴിഞ്ഞതും, വിമാനമാര്‍ഗം ജയറാമും പാര്‍വതിയും കുടുംബവും ചെന്നൈയിലേക്ക് തിരിച്ചിരുന്നു
വിവാഹത്തിന്റെ മറ്റു പരിപാടികള്‍ എന്തെന്ന കാര്യത്തില്‍ വിശദവിവരങ്ങള്‍ ലഭ്യമായി വരുന്നതെയുള്ളൂ. ചെന്നൈയില്‍ വച്ചൊരു സ്വീകരണ ചടങ്ങ് നടക്കും എന്ന് ജയറാം അറിയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ ക്ഷണിതാക്കളായ വിവാഹമാണ് കാളിദാസ് ജയറാമിന്റേത്. എന്നിരുന്നാലും, ഗുരുവായൂര്‍ അമ്പലനടയില്‍ വളരെ അടുത്ത ബന്ധുക്കളും നടന്‍ സുരേഷ് ഗോപിയും കുടുംബവും മാത്രമാണ് കാളിദാസിന്റെ വിവാഹത്തില്‍ പങ്കുകൊണ്ടത്.