മിമിക്രി കലാകാരനും അഭിനേതാവുമായ കലാഭവന്‍ നവാസിന്റെ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് കുടുംബമടക്കം ആരും മുക്തരായിട്ടില്ല. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ വാപ്പിച്ചിയെ ഓര്‍ത്തുള്ള നൊമ്പരക്കുറിപ്പ് പങ്കിടുകയാണ് കലാഭവന്‍ നവാസിന്റെ മകന്‍ റിഹാന്‍ നവാസ്.
പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിക്കാന്‍ വാപ്പിച്ചി ഇല്ലാതെപോയെന്നും വാപ്പിച്ചിയുടെ ആശംസകള്‍ കേള്‍ക്കാന്‍ പറ്റാത്ത ആദ്യത്തെ പിറന്നാളാണിതെന്നും റിഹാന്‍ കുറിച്ചു.
''ഇന്നന്റെ പിറന്നാളാണ്...ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസ്സാകുക എന്നത്. പക്ഷെ എനിക്ക് 18 വയസ്സായത് കാണാന്‍ വാപ്പിച്ചി ഇല്ല...വാപ്പിച്ചിയുടെ ആശംസകള്‍ കേള്‍ക്കാന്‍ പറ്റാത്ത ആദ്യത്തെ പിറന്നാള്‍....വാപ്പിച്ചിയുടെ വസ്ത്രങ്ങള്‍ അണിയാന്‍ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്...എപ്പോള്‍ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും? ഞങ്ങള്‍ അത് ധരിക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ നോക്കി നില്‍ക്കും.
ഇപ്പോള്‍ ഞാനും റിദുവും ആ വസ്ത്രങ്ങള്‍ അണിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ അത് അണിയുമ്പോള്‍ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീല്‍ ആണ്, വല്ലാത്ത ധൈര്യവും തോന്നും. വാപ്പിച്ചി 50 വയസ്സു പൂര്‍ത്തിയാക്കിയില്ല (രേഖകളില്‍ ജനന തിയതി തെറ്റാണ്, ഓഗസ്റ്റ്-10-1974 ആണ് യഥാര്‍ത്ഥ ജനന തിയതി). പക്ഷേ, ഞങ്ങള്‍ക്ക് 24 വയസ്സാണ് വാപ്പയെ കണ്ടാല്‍ തോന്നാറുള്ളൂ. അത്ര യങ് ആയ മനസ്സാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ സേഫ് ആക്കിയിട്ടാണ് വാപ്പിച്ചി പോയത്....'' എന്നാണ് റിഹാന്‍ കുറിച്ചിരിക്കുന്നത്. കലാഭവന്‍ നവാസിന്റെ വസ്ത്രം അണിഞ്ഞുള്ള ചിത്രങ്ങള്‍ക്കും മുന്‍ പിറന്നാളിന് നവാസ് കേക്ക് നല്‍കുന്ന വിഡിയോയ്ക്കുമൊപ്പമാണ് റിഹാന്റെ കുറിപ്പ്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്ന നവാസിനെ ഓഗസ്റ്റ് ഒന്നിനാണ് അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാള സിനിമാലോകത്തെയും ആരാധകരെയും സ്വന്തം കുടുംബത്തെയും നൊമ്പരപ്പെടുത്തിയാണ് മിമിക്രി താരവും സിനിമാതാരവുമായിരുന്ന കലാഭവന്‍ നവാസിന്റെ വേര്‍പാട്.