വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗായിക കെ എസ് ചിത്രയ്ക്കും ഭര്‍ത്താവിനും ഒരു മകള്‍ ജനിച്ചത്. മകള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയായിരുന്നതിനാല്‍ തന്നെ എവിടെ പോകുമ്പോഴും മകളെ ഒപ്പം കൂട്ടുന്ന രീതിയായിരുന്നു ചിത്രയ്ക്ക്. അങ്ങനെ ദുബായിലേക്ക് പോയ യാത്രയാണ് ഒന്‍പതാം വയസിലെ അവളുടെ മരണത്തിന് കാരണമായത്. ആ സംഭവം കഴിഞ്ഞിട്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ചിത്രയുടെ മനസിലെ നീറുന്ന ഓര്‍മ്മയാണ് നന്ദന എന്ന മകള്‍. ഇന്നിതാ, അവളുടെ പിറന്നാളും. ഒരമ്മയ്ക്കും മറക്കാന്‍ സാധിക്കാത്ത മകളുടെ പിറന്നാള്‍ ദിവസം നെഞ്ചുവിങ്ങുന്ന കുറിപ്പാണ് ചിത്ര പങ്കുവച്ചത്.
ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, കൂടാതെ സമയം ഒരു രോഗശാന്തിയാണെന്ന് അവരും പറയുന്നു. എന്നാല്‍ അതിലൂടെ കടന്നു പോയ ആളുകള്‍ക്ക് അത് സത്യമല്ലെന്ന് ബോധ്യമാകും. മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല.. അതേറെ വേദനാജനകവുമാണ്. മിസ് യു നന്ദന എന്നാണ് കണ്ണീരോടെ ചിത്ര മിനിറ്റുകള്‍ക്കു മുമ്പ് കുറിച്ചത്. മകള്‍ ജനിച്ചതിനു ശേഷം സന്തോഷങ്ങളാല്‍ സമൃദ്ധമായിരുന്നു ചിത്രയുടെ ആഘോഷങ്ങളെല്ലാം. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി മനസു തുറന്നൊന്നു ചിരിക്കാന്‍ പോലും സാധിക്കാതെയാണ് ഗായികയുടെ ജീവിതം.
മകളുടെ മരണ ശേഷം ഓണമടക്കം ഉള്ള എല്ലാ ആഘോഷങ്ങളും കണ്ണീരില്‍ കുതിര്‍ന്ന ദിവസങ്ങളാണ് ചിത്രയ്ക്ക്. തന്നെയും ഭര്‍ത്താവിനേയും വിട്ട് മകള്‍ നന്ദന എന്നന്നേയ്ക്കുമായി പോയ നാള്‍ മുതല്‍ ചിത്രയ്ക്ക് വിശേഷ ദിവസങ്ങളെല്ലാം ഒരു സാധാരണ ദിവസമാണ്. വീട്ടില്‍ ഓണാഘോഷങ്ങളൊന്നും തന്നെ ചിത്ര നടത്താറില്ല. ഇത്തവണയും അതിനു മാറ്റമൊന്നും സംഭവിച്ചില്ല. എന്നാല്‍ ആ ദിവസങ്ങളില്‍ ചിത്രയെ സ്‌നേഹിക്കുന്ന സഹോദരങ്ങളാണ് അരികിലേക്ക് പലപ്പോഴും ഓടിയെത്തുക. ഓണാഘോഷങ്ങള്‍ തനിക്കില്ലെന്നാണ് വേദനയോടെ ചിത്ര പറയാറുള്ളത്. കുട്ടിക്കാലത്തെ ഓര്‍മകളാണ് ഓണമെന്ന് പറയുമ്പോള്‍ തന്റെ മനസില്‍ ഇപ്പോഴുള്ളത്. സ്വയം ആശ്വസിക്കാനും സന്തോഷം കണ്ടെത്താനും ശ്രമിക്കുന്ന ഓര്‍മ്മകള്‍ കൂടിയാണത്.
2011 ഏപ്രില്‍ 11നാണ് ചിത്രയുടെ ഏക മകള്‍ നന്ദന മരിച്ചത്. ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. മാനസികമായ തകര്‍ന്ന് പോയ ചിത്രയ്ക്ക് ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചെത്താനാകുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2002 ല്‍ ചിത്രയ്ക്ക് മകള്‍ പിറന്നത്. കാത്തിരുന്ന് ലഭിച്ച മകളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഏവരെയും വിഷമിപ്പിച്ചു. അടുത്തിടെയും മകളുടെ ഓര്‍മ ദിനത്തില്‍ കെഎസ് ചിത്ര തന്റെ വിഷമം പങ്കുവെച്ചു. നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള്‍ വിട്ട് പിരിഞ്ഞിട്ടില്ല. ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും, എന്നാണ് മകളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചത്. നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാത്തതിനെക്കുറിച്ച് ചിത്ര നേരത്തെ സംസാരിച്ചിട്ടുണ്ട്.
ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം നടത്തണം. അതുവരെ ഞങ്ങള്‍ ജീവിച്ചിരിക്കുമോ എന്നറിയില്ല. അതുകൊണ്ടാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര അന്ന് വ്യക്തമാക്കി. 61 കാരിയായ ചിത്ര പിന്നണി ഗാന രംഗത്ത് ഇപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും ചിത്രയെത്തുന്നു. വിഷമഘട്ടങ്ങളില്‍ എന്നും ചിത്രയ്ക്ക് തുണയായത് സംഗീതമാണ്. ഈ പ്രായത്തിലും ചിത്രയുടെ സ്വര മാധുര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ആരാധകര്‍ പറയാറുണ്ട്.