ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കാനാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക സംഘത്തിന്റെ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഹേമ കമ്മറ്റി തയ്യാറാക്കിയ യഥാര്‍ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. സര്‍ക്കാര്‍ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 290 പേജുമാണുള്ളത്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണിത്രയും പേജുകള്‍. പല ഭാഗങ്ങളായി ഇത്രയും പേജുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വായിച്ചിരുന്നു.
അന്വേഷണസംഘത്തിലെ ഐ.ജി.സ്പര്‍ജന്‍ കുമാര്‍, ഡി.ഐ.ജി അജിതബീഗം, എസ്.പിമാരായ മെറിന്‍ ജോസഫ്, ജി.പൂങ്കുഴലി, ഐശ്വര്യ ഡോഗ്രെ എന്നീ അഞ്ച് ഉദ്യോഗസ്ഥര്‍ അഞ്ച് ഭാഗങ്ങളായി വീതിച്ച് ഒരുതവണ വായിച്ചു. ഇരുപതിലധികം പേരുടെ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരാരും റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാത്തതിനാല്‍ മൊഴികളില്‍ അവ്യക്തത തുടരുന്നുമുണ്ട്.
അതിനാല്‍ അഞ്ച് ഉദ്യോഗസ്ഥരും മൂന്ന് ദിവസം കൊണ്ട് റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാനാണ് ഇന്നലെ നടന്ന യോഗത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് നല്‍കിയ നിര്‍ദേശം. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. ചിലര്‍ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്തിയിട്ടില്ല. അവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുക. 30 ാം തീയതിക്കുള്ളില്‍ ആദ്യഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കും. അടുത്തമാസം മൂന്നിന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും മുന്‍പ് കേസുകളെടുക്കാനുമാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
അതേസമയം സിനിമയില്‍ അഭിനയിക്കുന്നതിനും ഈ മേഖലയില്‍ നിലനില്‍ക്കുന്നതിനും നടിമാര്‍ സിനിമയിലെ നായക നടന്‍, സംവിധായകന്‍, നിര്‍മാതാവ് ഉള്‍പ്പെടെയുള്ള പുരുഷന്മാരുടെ ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട് എന്നും, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് സിനിമയില്‍ നിന്നും എന്നത്തേക്കുമായി പുറത്തകേണ്ടിവരും എന്നതുള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരമാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത്. കാസ്റ്റിംഗ് കൗച്ച് മുതല്‍ രാത്രികാലങ്ങളില്‍ നടിമാര്‍ ഉറങ്ങിക്കിടക്കുന്ന മുറികളുടെ വാതിലില്‍ പുരുഷന്മാര്‍ മുട്ടുന്നതും തുറക്കുന്നതുവരെ ബഹളമുണ്ടാക്കുന്നതുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നടിമാര്‍ മുതല്‍ സിനിമാ മേഖലയിലെ അസംഘടിത തൊഴിലാളികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ വരെയുള്ളവര്‍ കടുത്ത തൊഴില്‍ചൂഷണമനുഭവിക്കുന്നു എന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണല്‍ കംപ്ലൈന്റ്റ് കമ്മിറ്റികളും, പൊതുവിലുള്ള പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ഒരു ട്രൈബ്യുണലും രൂപീകരിക്കണമെന്നുമായിരുന്നു കമ്മിറ്റിയുടെ നിദേശം. എന്നാല്‍ ട്രൈബുണല്‍ രൂപീകരിക്കാന്‍ വലിയ ചെലവുവരുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പകരം സിനിമ, സീരിയല്‍ രംഗത്തെ പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ നവംബറില്‍ കോണ്‍ക്ലേവ് നടത്തുമെന്നും, അതില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും നേരത്തെ അറിയിച്ചിരുന്നത്.