Latest News

പഞ്ചാബി ഹൗസ് ഹിറ്റായെങ്കിലും പണിതുയര്‍ത്തിയ സ്വപ്‌ന വീട് ഹിറ്റായില്ല; ഫ്‌ളോറിങ് പണിയില്‍ ഉണ്ടായ അപാകതയില്‍ മുറികളിലടക്കം ടൈലുകള്‍ പൊട്ടി പൊളിഞ്ഞു; പേരക്കുട്ടികള്‍ക്ക് വീട്ടില്‍ മുട്ടിലിഴയാനോ ഓടിനടക്കാനോ പരിപാടികള്‍ നടത്താനോ സാധിച്ചിട്ടില്ല; ഹരിശ്രീ അശോകന്‍ മോഹിച്ച് പണിതുയര്‍ത്തിയ വീടിന്റെ കാഴ്ച്ച ഞെട്ടിക്കുന്നത്

Malayalilife
പഞ്ചാബി ഹൗസ് ഹിറ്റായെങ്കിലും പണിതുയര്‍ത്തിയ സ്വപ്‌ന വീട് ഹിറ്റായില്ല; ഫ്‌ളോറിങ് പണിയില്‍ ഉണ്ടായ അപാകതയില്‍ മുറികളിലടക്കം ടൈലുകള്‍ പൊട്ടി പൊളിഞ്ഞു; പേരക്കുട്ടികള്‍ക്ക് വീട്ടില്‍ മുട്ടിലിഴയാനോ ഓടിനടക്കാനോ പരിപാടികള്‍ നടത്താനോ സാധിച്ചിട്ടില്ല; ഹരിശ്രീ അശോകന്‍ മോഹിച്ച് പണിതുയര്‍ത്തിയ വീടിന്റെ കാഴ്ച്ച ഞെട്ടിക്കുന്നത്

ടന്‍ ഹരിശ്രീ അശോകന്റെ 'പഞ്ചാബിഹൗസ് ' എന്ന വീടിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടന് നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ട വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

വീടിന്റെ പണി പൂര്‍ത്തിയായി അധികനാള്‍ കഴിയും മുന്‍പ് തന്നെ ടൈലുകളുടെ നിറംമങ്ങുകയും പൊട്ടിപ്പൊളിയുകയും ചെയ്തു. വീട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി അശോകന്‍ എതിര്‍കക്ഷികളെ സമീപിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോളിതാ നടന്റെ വീടിന് ഉള്ളിലെ നേര്‍ക്കാഴ്ച്ചകള്‍ മലയാള മനോരമയിലെ വീട് എന്ന് പരിപാടിയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

ഒരായുസിന്റെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പൊക്കുന്ന കിടപ്പാടത്തില്‍
സമാധാനത്തോടെ കിടക്കാന്‍ സാധിക്കാത്ത വേദനയും നടന്‍ പങ്ക് വച്ചു.
ഏറെകാലത്തെ സമ്പാദ്യം കൂട്ടിവച്ചാണ് കൊച്ചി നഗരത്തിലെ തന്നെ കണ്ണായ സ്ഥലത്ത് പടമുകള്‍ ചെമ്പുമുക്കില്‍ നടന്‍ 10 സെന്റ് സ്ഥലം വാങ്ങിച്ചത്. പിന്നാലെ വീടു പണിയും തുടങ്ങി. കോടികള്‍ ചെലവിട്ട് രണ്ടു നിലയിലായി അതിമനോഹരമായ വീടു തന്നെയാണ് നടന്‍ പണികഴിപ്പിച്ചത്. എന്നാല്‍ പണിയെടുത്തവര്‍ നടനെ ശരിക്കും പറ്റിക്കുകയായിരുന്നു. വീടിന്റെ പാലു കാച്ചു കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് വീടിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തു വന്നു തുടങ്ങിയത്. 

ഫ്‌ലോറിങ്ങിലെ അപാകതകള്‍മൂലം വീടിന്റെ അവസ്ഥ ശോചനീയമായി. 
വീടിന്റെ പണികള്‍ പൂര്‍ത്തിയായി പാലുകാച്ചും കഴിഞ്ഞ് അധികനാള്‍ കഴിയും മുന്‍പ് തറയോടുകളുടെ നിറംമങ്ങുകയും പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും ചെയ്തു. പിന്നാലെയാണ് ആ വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തില്‍ പ്രവേശിക്കുവാന്‍ തുടങ്ങിയെന്നാണ് നടന്‍ പറയുന്നത്.

നടന്‍ പങ്ക് വച്ചതിങ്ങനെ:

അച്ഛനും അമ്മയും ഒന്‍പത് മക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. നിരവധി പരാധീനതകളുള്ള രണ്ടുമുറി വീട്ടിലാണ് ഞങ്ങളെല്ലാം ദീര്‍ഘകാലം ജീവിച്ചത്. പിന്നീട് ഞാന്‍ മിമിക്രി വഴി സിനിമയിലെത്തി. രാവും പകലുമെന്നില്ലാതെ കഷ്ടപ്പെട്ടു. കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളിലൊന്നായ ചെമ്പുമുക്കില്‍ 10 സെന്റ് സ്ഥലം വാങ്ങി. മകളുടെ ആഗ്രഹമായിരുന്നു നല്ലൊരു വീട് വച്ചതിനുശേഷം മതി വിവാഹമെന്നത്. അങ്ങനെ ഞങ്ങള്‍ സ്വപ്നം പോലെയൊരു വീട് വച്ചു. പഴയ തറവാട്ടില്‍നിന്ന് കൂടെക്കൂട്ടിയത് അമ്മയെ മാത്രമാണ്. അമ്മയും എന്റെ കുടുംബവുമായി കുറച്ചുകാലം സന്തോഷമായി ജീവിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആ സന്തോഷത്തിന് അധികകാലം ആയുസ്സുണ്ടായിരുന്നില്ല...

ഒരു മനുഷ്യായുസ്സിലെ സമ്പാദ്യവും സ്വപ്നവും കൊണ്ടാണ് ഒരാള്‍ വീടുപണിയുന്നത്. പക്ഷേ വീടുപണിയില്‍ സംഭവിച്ച പിഴവുമൂലം ഞാനും കുടുംബവും അനുഭവിച്ച മാനസികവ്യഥ വിവരിക്കാവുന്നതിലും അപ്പുറമാണ്.
വീടിന്റെ ഫര്‍ണിഷിങ്- ഫ്‌ലോറിങ് ഘട്ടത്തില്‍ സംഭവിച്ച പിഴവാണ് തലവേദനയായത്. ഫര്‍ണിഷിങ് പൂര്‍ത്തിയായി കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയില്‍ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നു. മുകളില്‍ കയറി നോക്കുമ്പോള്‍ ഒരു ഫ്‌ലോര്‍ ടൈല്‍ പൊട്ടി പൊങ്ങിനില്‍ക്കുന്നതാണ് കണ്ടത്. പണി ചെയ്തയാളെ വിളിച്ചുപറഞ്ഞു. പക്ഷേ മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ വന്നത്. വന്നവര്‍ വീണ്ടും ലേബര്‍ ചാര്‍ജും മെറ്റീരിയല്‍ ചാര്‍ജും ചോദിച്ചു. ഞാന്‍ വിസമ്മതിച്ചു. അവര്‍ മടങ്ങി. അങ്ങനെയാണ് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി കൊടുക്കുന്നത്.

അപ്പോഴേക്കും മറ്റിടങ്ങളിലെ ടൈലുകളും നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങി. വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്കെത്തി. കാലക്രമേണ വീട്ടിലെ ഒരുവിധം എല്ലാമുറികളിലെയും ടൈലുകള്‍ ഇളകി, നടക്കാന്‍ പോലും ബുദ്ധിമുട്ടായി. അടുക്കളയിലെ വോള്‍ ടൈലുകള്‍ വിരിച്ചതിലെ അപാകത മൂലം ഈര്‍പ്പം ഇറങ്ങി കബോര്‍ഡുകള്‍ എല്ലാം നശിച്ചു. ഞാന്‍  കമ്പനികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. 

കണ്‍സ്യൂമര്‍ കോര്‍ട്ട് കമ്മീഷനെ വച്ചു. അവര്‍ വന്ന് വീട് പരിശോധിച്ച് ടൈല്‍ സാംപിള്‍ ശേഖരിച്ച് കൊണ്ടുപോയി. സര്‍ക്കാര്‍ ലാബില്‍ ടെസ്റ്റ് ചെയ്തു. ടൈല്‍ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തല്‍. ഒടുവില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം എനിക്ക് അനുകൂലമായി വിധിലഭിച്ചു.

ഈ കാലയളവില്‍ എന്റെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു, കുട്ടികളുണ്ടായി. ആ കുട്ടികള്‍ ഈ വീട്ടില്‍ ഒന്ന് മുട്ടിലിഴഞ്ഞിട്ടില്ല, ഓടിനടന്നിട്ടില്ല. ഒരു പരിപാടികളും വീട്ടില്‍ നടത്താന്‍ സാധിച്ചിട്ടില്ല. സിനിമാചര്‍ച്ചകള്‍ക്ക് ആരെങ്കിലും വിളിച്ചാലും വീട്ടിലേക്ക് ക്ഷണിക്കാനുള്ള മാനസികബുദ്ധിമുട്ടുകൊണ്ട്  'ഞാന്‍ വീട്ടിലില്ല, ഹോട്ടലില്‍ വച്ചു കാണാം' എന്ന് കള്ളംപറയുമായിരുന്നു.ഇവിടെ താമസിക്കാനുള്ള ബുദ്ധിമുട്ട് മൂലം മകന്‍ അര്‍ജുനും കുടുംബവും ഇവിടെയടുത്ത് മറ്റൊരു വീട്ടിലാണ് താമസം.

ഇനി കോടതിയുടെ അനുമതിയോടുകൂടി വീണ്ടും അറ്റകുറ്റപണികള്‍ നടത്തി, വീണ്ടും പാലുകാച്ചല്‍ നടത്തി പുതിയൊരു ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ് താനും കുടുംബവുമെന്ന് നടന്‍ പറയുന്നു. 

harisree asokan- house construction court

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES