Latest News

ആശിച്ചു പണിത വീട് പാലു കാച്ചിന് മുന്നേ വിറ്റു; സമ്പാദിച്ചതെല്ലാം തകര്‍ന്നു;മദ്യത്തിന് അടിമയായി; നടന്‍ ഹരിശ്രീ അശോകന്റെ ജീവിതത്തില്‍ സംഭവിച്ചത്.

Malayalilife
ആശിച്ചു പണിത വീട് പാലു കാച്ചിന് മുന്നേ വിറ്റു; സമ്പാദിച്ചതെല്ലാം തകര്‍ന്നു;മദ്യത്തിന് അടിമയായി; നടന്‍ ഹരിശ്രീ അശോകന്റെ ജീവിതത്തില്‍ സംഭവിച്ചത്.

രിശ്രീ എന്നു കേട്ടാല്‍ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടിവരുന്നത് ഹരിശ്രീ അശോകന്‍ എന്ന പേരാണ്. സിനിമയില്‍ നിറഞ്ഞു ചിരിച്ചും തകര്‍ത്താടിയും പ്രേക്ഷകരെ ചിരിപ്പിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച വീഴ്ചകളെ കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ല. ആരെയും അറിയിച്ചിട്ടില്ലാ എന്നതാണ് സത്യം. ആശിച്ചു പണിത വീട് പോലും പാലു കാച്ചിനു മുന്നേ വില്‍ക്കേണ്ടി വരുന്ന അവസ്ഥ ആരെയും തളര്‍ത്തുന്നതാണ്. എന്നാല്‍ അത് തന്റെ സ്വന്തം മകനെ പോലും അറിയിക്കാതെ ജീവിച്ച ഹരിശ്രീ അശോകന്‍ ഇന്ന് എല്ലാം പ്രശ്നങ്ങളും മറികടന്ന് ജീവിതം ഫുള്‍ സെറ്റില്‍ഡാക്കി മാറ്റിയിരിക്കുകയാണ്. ആരെയും അറിയിക്കാതെയിരുന്ന ആ പ്രശ്നങ്ങള്‍ ഇന്ന് മകനാണ് അച്ഛന്റെ അതിജീവനത്തിന്റെ കഥയായി ആരാധകരെ അറിയിച്ചത്.

കൊച്ചിക്കാരനാണ് ഹരിശ്രീ അശോകന്‍. എറണാകുളത്തുകാരായ കുഞ്ചപ്പന്റെയും ജാനകിയുടെയും പത്തു മക്കളില്‍ ആറാമനായിട്ടാണ് ബാബു എന്ന ഓമനപ്പേരിട്ട അശോകന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് എറണാകുളത്തു നിന്നും ടെലികോം എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം 1984ലാണ് കൊച്ചിയില്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് ലൈന്‍മാനായി ജോലിയില്‍ കയറിയത്. പഠന കാലത്തെല്ലാം മിമിക്രി ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന അശോകന്‍ ടെലികോമില്‍ ജോലി ചെയ്യുമ്പോഴാണ് കലാഭവനില്‍ ചേരുകയും പിന്നീട് ഹരിശ്രീയിലേക്ക് മാറുകയും ചെയ്തത്. അങ്ങനെയാണ് ഹരിശ്രീ അശോകന്‍ എന്ന പേര് വന്നത്.

1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകന്‍ തന്റെ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം റാംജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍, മാനത്തെ കൊട്ടാരം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും പാര്‍വ്വതി പരിണയത്തിലെ പിച്ചക്കാരന്‍ വേഷമാണ് ഒരു വലിയ ബ്രേക്ക് നല്‍കിയത്. രണ്ടാമത് സൂപ്പര്‍ ഹിറ്റായത് പഞ്ചാബി ഹൗസ് എന്ന ചിത്രമാണ്. ഇതിലെ രമണന്‍ എന്ന ഹാസ്യകഥാപാത്രം വമ്പന്‍ ഹിറ്റായി. തുടര്‍ന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയാണ് അശോകനിലെ ഹാസ്യനടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. നായക വേഷങ്ങളും അശോകനെ തേടിയെത്തി. എങ്കിലും ദിലീപ് - ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട് ചിരിയുടെ മാലപ്പടക്കങ്ങളായിരുന്നു സമ്മാനിച്ചത്.

അതിനു ശേഷം 1995 മുതല്‍ 2012 വരെ ഹരിശ്രീ അശോകന്റെ തകര്‍പ്പന്‍ കാലമായിരുന്നു. അതിനിടെ പ്രീതയുമായുള്ള വിവാഹവും കഴിഞ്ഞു. ശ്രീക്കുട്ടി, അര്‍ജ്ജുന്‍ എന്നീ രണ്ടു മക്കളും ജനിച്ചു. എന്നാല്‍ അര്‍ജ്ജുന്‍ സിനിമയിലേക്ക് ചുവടു വയ്പ്പിന് ഒരുങ്ങുമ്പോഴാണ് ഹരിശ്രീ അശോകന് തകര്‍ച്ചയുടെ കാലം തുടങ്ങിയത്. ഹരിശ്രീ അശോകന്‍ സ്‌ക്രീനില്‍ നിന്നും ഔട്ടായി നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. അതുകൊണ്ടു തന്നെ പലയിടത്തും ചാന്‍സ് ചോദിച്ചു ചെന്നിട്ടും കിട്ടിയ മറുപടികളെല്ലാം നിരാശ നല്‍കുന്നതായിരുന്നു. അതിനിടെയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അര്‍ജ്ജുന്റെ സിനിമാ പ്രവേശനം. എന്നാല്‍ അതും അതിനു ശേഷം അഭിനയിച്ച മറ്റൊരു ചിത്രവും ഒന്നും ക്ലിക്കായില്ല.

ആ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കുടുംബം കടന്നു പോയിരുന്നത്. ആ സമയത്താണ് ആശിച്ചു മോഹിച്ച് ഹരിശ്രീ അശോകന്‍ ഒരു വീട് വെച്ചത്. പക്ഷേ സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ വന്നതിനാല്‍ പാലു കാച്ചു നടത്തുന്നതിനു മുമ്പേ അത് വില്‍ക്കേണ്ടി വന്നു. അതു വിറ്റിട്ടും പ്രശ്നങ്ങള്‍ തീര്‍ന്നില്ല. സാമ്പത്തികമായി വളരെ അധികം താഴെപ്പോയി. സമ്മര്‍ദ്ദം താങ്ങാനാകാത്തതു കാരണം ഹരിശ്രീ അശോകന്‍ മദ്യത്തിന് അടിമപ്പെട്ടു. എന്നാല്‍ പിന്നീട് ഒരു നാള്‍ ഹരിശ്രീ അശോകന് തന്നെ തന്റെ പോക്ക് ശരിയല്ലെന്ന് തോന്നി. മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു. അതോടെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷകള്‍ എത്തി. തകര്‍ച്ചയില്‍ നിന്നും കരകയറി. മകളുടെ വിവാഹം നടത്തി. വീണ്ടും വലിയ വീട് വച്ചു.

ശ്രീക്കുട്ടിയ്ക്കും കുടുംബത്തിനും 30 കോടിയുടെ ദുബായ് ലോട്ടറിയും അടിച്ചതോടെ മകളുടെ ജീവിതവും സെറ്റിലായി. എന്നാല്‍ വീട്ടിലെ ഈ തകര്‍ച്ചകളൊന്നും അമ്മയും ചേച്ചിയും അര്‍ജ്ജുനെ അറിയിച്ചിരുന്നില്ല. പഠനം വരെ ഉപേക്ഷിച്ച് സിനിമയെ ലോകത്തേക്ക് അത്രത്തോളം മോഹത്തോടെ ആഴ്ന്നിറങ്ങാന്‍ നില്‍ക്കുകയായിരുന്നു അന്ന് അര്‍ജ്ജുന്‍. ഇപ്പോള്‍ ജീവിതം സാമ്പത്തികമായി ഫുള്‍ സെറ്റിലായിട്ടാണ് ഉള്ളത്. അതിനു ശേഷമാണ് പറവയിലേക്ക് അര്‍ജ്ജുനും അവസരം കിട്ടിയത്. അതായിരുന്നു അര്‍ജ്ജുന്റെ കരിയറിന് ഉയര്‍ച്ച നല്‍കിയ ചിത്രം. ഇന്ന് മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് അര്‍ജ്ജുന്‍. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയില്‍ അര്‍ജുന്‍ തന്നെ രേഖപ്പെടുത്തി കഴിഞ്ഞു.

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛന്‍ ഹരിശ്രീ അശോകനില്‍ നിന്നും വ്യത്യസ്തമായി, സ്വഭാവനടന്‍ പരിവേഷമാണ് അര്‍ജുന് മലയാളസിനിമയില്‍ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയില്‍ അര്‍ജുന്‍ നിറഞ്ഞു നില്‍ക്കുകയാണ്. രോമാഞ്ചം, പ്രണയവിലാസം, തുറമുഖം, സൂപ്പര്‍ ശരണ്യ, ത്രിശങ്കു തുടങ്ങി സമീപകാലത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം സ്‌കോര്‍ ചെയ്യുന്ന പ്രകടനമാണ് അര്‍ജുന്‍ കാഴ്ച വച്ചത്. സ്‌കൂള്‍കാലം മുതല്‍ കൂട്ടുകാരിയായ നിഖിത ഗണേശാണ് അര്‍ജുന്റെ പങ്കാലി. നീണ്ട എട്ട് വര്‍ഷത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. അന്‍വി എന്നൊരു മകളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്

arjun ashokan reveals life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES