Latest News

ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ആക്ടറിനെ അന്നന്വേഷിച്ചപ്പോള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പൃഥ്വി എന്നൊരു ആക്ടറിന് കുറിച്ച് കേട്ടു; ശരിക്കും സുപ്രിയ പറഞ്ഞത് ഒരു തരത്തില്‍ ശരിയുമായിരുന്നു എന്ന് പ്രതാപ് നായര്‍

Malayalilife
 ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ആക്ടറിനെ അന്നന്വേഷിച്ചപ്പോള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പൃഥ്വി എന്നൊരു ആക്ടറിന് കുറിച്ച് കേട്ടു; ശരിക്കും സുപ്രിയ  പറഞ്ഞത് ഒരു തരത്തില്‍ ശരിയുമായിരുന്നു എന്ന് പ്രതാപ് നായര്‍

ടൻ പൃഥ്വിരാജിന് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വിശേഷണങ്ങളിലൊന്നായിരുന്നു 'അഹങ്കാരിയായ നടന്‍'.  താരത്തെ അഹങ്കാരിയാക്കി മാറ്റിയത് ചില തുറന്ന് പറച്ചിലുകളാണ്. പൃഥ്വിയെ നിലപാടുള്ള നടനാക്കാൻ പ്രധാന കാരണം പറഞ്ഞ കാര്യങ്ങളില്‍ എന്നും ഉറച്ച് നില്‍ക്കാനുള്ള ചങ്കൂറ്റമായിരുന്നു. എന്നാൽ നടന്റെ സുപ്രിയയുമായുള്ള വിവാഹത്തിന് ശേഷം  ആദ്യമായി ഒന്നിച്ച് നടത്തിയ അഭിമുഖവും വലിയ  വിമർശനങ്ങളാണ് സൃഷ്‌ടിക്കപ്പെട്ടിരുന്നത്. സുപ്രിയ അന്ന് പറഞ്ഞിരുന്നത് ഇംഗ്ലീഷ് അറിയുന്ന തെന്നിന്ത്യന്‍ താരത്തെ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് പൃഥ്വിരാജിനെ ആണെന്നായിരുന്നു. എന്നാൽ ഇപ്പോൾ സുപ്രിയ പറഞ്ഞത് ഒരു തരത്തില്‍ ശരിയാണെന്ന് പറയുകയാണ് അന്ന് പ്രോഗ്രാം നിര്‍മ്മിച്ച പ്രതാപ് നായര്‍. 

സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനാണ് പൃഥ്വിരാജ് എന്ന് സുപ്രിയ മേനോന്‍. ഒരു കാലത്ത് രാജു ഏറ്റവും അധികം പഴി കേട്ട, വിമര്‍ശിക്കപ്പെട്ട ഒരു ഇന്റര്‍വ്യൂലെ അടര്‍ത്തിയെടുത്ത ഒരു സംഭാഷണ ശകലമാണ്. അതിനു കാരണമായ പ്രോഗ്രാം നിര്‍മ്മിച്ചതു ഞാന്‍ ആയിരുന്നു. 9 വര്‍ഷം മുന്‍പ് ഒരു മെയ് മാസത്തില്‍. ശ്രീ ജോണ്‍ ബ്രിട്ടാസ് കൈരളിയില്‍ നിന്നും ഏഷ്യാനെറ്റിലേക്കു എത്തുന്ന വാര്‍ത്ത എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സ്വാഭാവികമായും ആ എന്‍ട്രി കുറച്ചു ഗംഭീരമാക്കണെമെന്നു ചിന്തിച്ചതിനെ തെറ്റ് പറയാന്‍ ആവില്ലല്ലോ? ആ സമയത്താണ് രാജുവും സുപ്രിയയും തമ്മിലുള്ള വിവാഹം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നടന്നത്.

നവദമ്പതികളുടെ ഒരു ഇന്റര്‍വ്യൂ കിട്ടാനായി എല്ലാ പത്ര, ടിവി ചാനലുകള്‍ ശ്രമിക്കുന്ന സമയമായിരുന്നു. അതിനു ഒരു മാസം മുന്‍പ് ഉറുമി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ കല്യാണക്കാര്യം പത്രക്കാര്‍ ചോദിച്ചപ്പോള്‍ ശക്തമായി നിഷേധിച്ച പൃഥ്വി, 'വെറുതെ ഒരു പെണ്ണിന്റെ പേര് എന്റെ പേരില്‍ ചേര്‍ത്ത്, പറഞ്ഞു അതിന്റെ ഭാവി നശിപ്പിക്കരുത്. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അത് നിങ്ങളോട് പറയും' എന്ന് കൂടി പറഞ്ഞു വെച്ചു.

അതു കഴിഞ്ഞതിന്റെ അടുത്ത നാളുകളിലാണ് രാജുവിന്റെ വിവാഹം രഹസ്യമായി നടന്നത്. (അടുത്ത ബന്ധുക്കള്‍ മാത്രമുണ്ടായിരുന്ന ചെറിയ ചടങ്ങ്), ഇത് കുറേ പേരെയെങ്കിലും രാജുവിനെ വിമര്ശിക്കുന്നതിന് ഇട വരുത്തിയിരുന്നു. എന്നാല്‍ രാജു ഇതിനൊന്നും തന്നെ പിന്നീട് ഒരു വിശദീകരണവും നല്‍കിയില്ല. (സ്വന്തം ജീവിത തിരഞ്ഞെടുപ്പില്‍ അത് ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം?).


അങ്ങനെ രാജുവും സുപ്രിയയും ഏഷ്യാനെറ്റിന് ഇന്റര്‍വ്യൂ തരാമെന്നു സമ്മതിച്ചു. (ഇതിന്റെ പുറകിലെ അധ്വാനം പബ്ലിക് റിലേഷന്‍ മേധാവിയായ ബി എസ് പ്രവീണിന്റെ വക ആയിരുന്നു). തിരുവനതപുരം കവടിയാറുള്ള Windosr Rajadhani ആയിരുന്നു ലൊക്കേഷന്‍. ബ്രിട്ടാസും, രാജുവും, കൊടുത്തും, കൊണ്ടും നടത്തിയ ഗംഭീര ഇന്റര്‍വ്യൂ, ഇടയ്ക്ക് അറിയാവുന്ന മലയാളത്തില്‍ സുപ്രിയയും സംസാരിച്ചു.

അതിനിടയില്‍ ബ്രിട്ടാസിന്റെ വിവാദം സൃഷ്ടിച്ച ചോദ്യമെത്തിയത്. രാജുവിന്റെ എങ്ങിനെ പരിചയപ്പെട്ടു എന്ന്? സുപ്രിയയുടെ മറുപടിയായി ഇങ്ങനെ- 'എനിക്ക് രാജുവിനെ അറിയില്ലാരുന്നു. ഞാന്‍ ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ആക്ടറിനെ അന്നന്വേഷിച്ചപ്പോള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പൃഥ്വി എന്നൊരു ആക്ടറിന് കുറിച്ച് കേട്ടു. അങ്ങനെയാണ് വിളിച്ചത്, സംസാരിച്ചു തുടങ്ങിയത്.


ശരിക്കും അവര്‍ പറഞ്ഞത് ഒരു തരത്തില്‍ ശരിയുമായിരുന്നു. കാരണം ബിബിസി പോലൊരു ചാനലില്‍ ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ അത്യാവശ്യം നന്നായി ഇംഗ്ലീഷ് പറയുന്ന ഒരാളെ ആരേലും സജസ്റ്റ് ചെയ്താല്‍ കുറ്റം പറയാന്‍ കഴിയില്ല. സൗത്ത് ഇന്ത്യയില്‍ മറ്റൊരു നടനും ഇംഗ്ലീഷ് അറിയില്ല എന്നൊരു അര്‍ത്ഥം അതില്‍ ഇല്ലായിരുന്നു. കാരണം അവര്‍ വേറെ പല നടന്മാരെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു.

പക്ഷേ മലയാളത്തില്‍ അത്ര ഭാഷാ സ്വാധീനമില്ലാത്ത സുപ്രിയയുടെ വാക്കുകളില്‍ അഹങ്കാരവും, ജാടയും കണ്ടെത്തി ട്രോളന്മാര്‍ അവരെ പൊരിച്ചു. രാജുവിന്റെ പല അഭിപ്രായങ്ങളും വിവാദം ഉണ്ടാക്കി എങ്കിലും സുപ്രിയ നിര്‍ദോഷമായി പറഞ്ഞ, ഇംഗ്ലീഷ് സംസാരിക്കുന്ന സൗത്ത് ഇന്ത്യന്‍ താരം എന്ന പ്രയോഗമാണ് ഏറെ വിവാദം ഉണ്ടാക്കിയത്.


ഒരു മണിക്കൂര്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ വിവാദ ഭാഗങ്ങള്‍ കുറച്ചെങ്കിലും എഡിറ്റ് ചെയ്യേണ്ടത് ഉണ്ടെന്നു തോന്നിയിരുന്നു, രാജുവിനോട് ഞാന്‍ അത് സൂചിപ്പിച്ചു, പക്ഷേ മറുപടി കൃത്യമായിരുന്നു 'ഞാന്‍ പറഞ്ഞത് പറഞ്ഞത് തന്നെ.. ഒന്നും കളയണ്ട..', അഹങ്കാരമല്ല, ഒരു ആത്മവിശ്വാസം രാജുവില്‍ എനിക്കന്നു ഫീല്‍ ചെയ്തു. എഡിറ്റ് ചെയ്തു വന്നപ്പോള്‍ 56 മിനിറ്റ് ഉണ്ടായിരുന്നു.

പക്ഷേ 45 മിനിറ്റ് മാത്രമേ പറ്റുകയുള്ളു എന്ന്, അന്നത്തെ എന്റെ ചീഫ് ശ്രീ രാജന്‍ രാഘവന്‍ പറഞ്ഞു, അന്നും ഇന്നും പരസ്യത്തിന്റെ മിനുട്ടുകളാണ് ഏഷ്യാനെറ്റിലെ പരിപാടിയുടെ ദൈര്‍ഘ്യം തീരുമാനിക്കപ്പെടുന്നത്. അങ്ങനെ പരിപാടി വെട്ടിച്ചുരുക്കി 45 മിനിട്ട് ആക്കി സംപ്രേഷണം ചെയ്തു. സംഭവം ഹിറ്റായി, വിവാദവും സൃഷ്ടിച്ചു.


ഏഷ്യാനെറ്റ് കോമ്മേഴ്‌സ്യലിന്റെ ഹെഡ് ആയിരുന്ന ശ്രീ ദിലീപ്, ഏഷ്യാനെറ്റ് പ്ലസ്സില്‍ 56 മിനുട്ടുള്ള എപ്പിസോഡ്, കട്ട് ഇല്ലാതെ അടുത്ത ആഴ്ച പുന:സംപ്രേഷണം ചെയ്യാമെന്ന് വാക്ക് തന്നു . അങ്ങിനെ ആദ്യം തയ്യാറാക്കിയ എപ്പിസോഡ് ഞാന്‍ ലൈബ്രറിയില്‍ ഏല്‍പ്പിച്ചു പക്ഷേ library - Play out ലെ എന്തോ കണ്‍ഫ്യൂഷനില്‍ വീണ്ടും പഴയ 45 മിനിറ്റ് തന്നെ വീണ്ടും പോയി. ഞാന്‍ അല്ലാതെ മറ്റാരും അത് അറിഞ്ഞില്ല.. ടേപ്പ് മാറിപ്പോയതിനു കാരണക്കാരായ എന്റെ സഹപ്രവര്‍ത്തകര്‍ എന്നോട് രഹസ്യമായി ക്ഷമ ചോദിച്ചു.


പക്ഷെ അതിനിടയില്‍ സൂപ്പര്‍ സ്റ്റാര്‍ രാജപ്പന്‍ എന്ന പേരില്‍ ഒരു ട്രോള്‍ വീഡിയോ ഇറങ്ങിയിരുന്നു.. രാജുവും സുപ്രിയയും പറഞ്ഞ എന്റെ പ്രോഗ്രാമിലെ ഓരോ വാചകവും മുറിച്ചു, ഉദയനാണു താരത്തിലെ ശ്രീനിവാസന്റെ ഡയലോഗുകള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോ, എന്റെ പ്രോഗ്രാമിനെക്കാള്‍ അത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് (കുപ്രസിദ്ധി) ആയി. രാജു അല്ലാതെ മറ്റു ഏതെങ്കിലും നടന്‍ ആയിരുന്നെങ്കില്‍ തകര്‍ന്ന് തരിപ്പണമായേനെ, ആ സമയത്തു ഇറങ്ങിയ മോഹൻ സംവിധാനം ചെയ്ത രാജു നായകനായ മാണിക്യക്കല്ല് എന്ന സിനിമയെയും ഈ വിവാദങ്ങള്‍ ബാധിച്ചു.

പക്ഷേ ഒരിക്കല്‍ പോലും അന്നത്തെ വാചകങ്ങള്‍ തിരുത്താനോ, അതിനൊരു വിശദീകരണമോ, ട്രോളിയ വീഡിയോകളോട് പരിഭവമോ രാജുവോ സുപ്രിയയോ കാണിച്ചതായി ഓര്‍മ്മയില്ല. അന്ന് ഞാന്‍ ഈ കുറിപ്പ് എഴുതിയുന്നെങ്കില്‍ ചിലപ്പോള്‍ എന്നെയും ആളുകള്‍ ട്രോളിയനെ, എങ്കിലും ഒരു വാക്കിലെ അര്‍ത്ഥമറിയാത്ത പിഴവ് കുറെ നാളുകള്‍ അവരെ വേട്ടയാടിയതില്‍ എനിക്കും ഇപ്പോള്‍ കുറ്റം ബോധം തോന്നുന്നു.


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു, സുപ്രിയാ ഇന്നൊരു നിര്‍മ്മാതാവ് കൂടിയാണ് (അടുത്ത കാലത്ത് ഇറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിച്ചത് സുപ്രിയ ആണ് ) ഇന്ന് നടനായും, സംവിധായകന്‍ ആയും, നിര്‍മ്മാതാവായും, ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനായി രാജു... വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരുപാടു മാറിയിരിക്കുന്നു. അനുഭവ പാഠങ്ങളില്‍ നിന്ന് കുറെ പഠിച്ചു, പ്രത്യേകിച്ച് പത്രക്കാരുടെ കറക്കു ചോദ്യങ്ങളിലെ നേരിടാന്‍ ഒരു പ്രത്യേക കഴിവ് വേണം, അത് രാജു നന്നായി മനസ്സിലാക്കി.

ഒരിക്കല്‍ രാജപ്പന്‍ എന്ന് പറഞ്ഞു കളിയാക്കവരെ, രാജുവേട്ടാ എന്ന് വിളിപ്പിച്ചു കൂടെ നിര്‍ത്താന്‍ കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല... അന്നത്തെ 55 മിനുട്ട് വീഡിയോ മുഴുവനും ഇത് വരെ ആരും കണ്ടിട്ടില്ല, ഞാനും, ക്യാമറമാന്‍ ഷാജി മോഹനും അതിന്റെ എഡിറ്ററുമല്ലാതെ, അത് ഏഷ്യാനെറ്റ് ലൈബ്രറിയിലെ 16 ഡിഗ്രി തണുപ്പില്‍ എവിടെയോ ഉറങ്ങുന്നുണ്ടാവും. ഈ വാര്‍ത്തയും ഞാന്‍ മറന്നിരുന്നതാണ്, ഓര്‍മ്മപ്പിച്ചു എന്നെ എണീപ്പിപ്പിച്ച ഫേസ്ബുക്ക് മൊതലാളി സുക്കറണ്ണന് നന്ദി.

പ്രതാപ് നായര്‍

In fact Supriya was right in a sense said prathap nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES