മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബാല. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ വിവാഹമോചനത്തെ തുടർന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി തുറന്നു പറയുകയാണ്. മകളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ താൻ കരുവാക്കപ്പെട്ടെന്നും നടൻ വ്യക്തമാകുന്നു.
ബാലയുടെ വാക്കുകൾ:
വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഏകദേശം അഞ്ച് വർഷത്തോളം നീണ്ടുപോയിരുന്നു. ആ സമയത്ത് എന്നെ വില്ലനാക്കി ചിത്രീകരിച്ച് കുറച്ച് പേർ അഭിമുഖങ്ങൾ നൽകുകയുണ്ടായി. എന്നാൽ അതിനോടൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല. കുറച്ച് വർഷങ്ങളായി സമൂഹമാധ്യമങ്ങളിലും ഞാൻ സജീവമായിരുന്നില്ല. ആളുകളിൽ നിന്നെല്ലാം ഞാൻ അകന്നിരിക്കുകയായിരുന്നു. എന്നാൽ ഞാൻ നിശബ്ദനായിരിക്കുന്ന സമയം മുഴുവൻ എനിക്കെതിരെ അവർ കരുക്കൾ നീക്കുകയായിരുന്നു. എനിക്കെതിരെയുള്ള ചില വാർത്തകൾ എന്റെ ചുറ്റിനുമുള്ളവരെയും വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ ഇനിയും നിശബ്ദനായിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.
ബാല ഒരു റിയാലിറ്റി ഷോയിൽ പോയി, അവിടെ കണ്ട മത്സരാർഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു. ഇങ്ങനെയായിരുന്നു ഞാൻ നൽകിയ അഭിമുഖങ്ങളിൽ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്. പക്ഷേ സത്യം അതല്ല. 15 അഭിമുഖങ്ങളിൽ ഞാൻ തന്നെ തിരുത്തൽ നൽകി. എന്നാൽ അവിടംകൊണ്ടവസാനിച്ചില്ല.പതിനാറാമത്തേതു മുതൽ, അത് കേൾക്കാൻ രസമുള്ളതു കൊണ്ട്, അവർ പറയുന്നതിന് ഞാനും തലകുലുക്കി തുടങ്ങി
ഇന്ന് എനിക്കൊപ്പമുള്ള ആരാധകർ എന്റെ സിനിമകൾ കണ്ടോ കഥാപാത്രങ്ങൾ കണ്ടോ വന്നവരല്ല. എന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ് എനിക്കൊപ്പം നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചില വ്യാജവാർത്തകൾ പടച്ചുവിട്ട് അവരെ വിഡ്ഢികളാക്കാമെന്ന് നിങ്ങൾ വിചാരിക്കേണ്ട. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാൻ തന്നെ നേരിട്ട് പറഞ്ഞത്.
ഇപ്പോൾ അമൃതയുമായി ഒന്നിക്കുന്നു എന്ന വാർത്ത സൃഷ്‌ടിക്കപ്പെടുകയാണ്. ഫാൻസ് ഉൾപ്പെടുന്നവർ അത് വിശ്വസിക്കാൻ തയാറാവുന്നു. അവർക്ക് യാഥാർഥ്യം എന്തെന്നറിയില്ല വിവാഹമോചനം നടക്കുന്ന നാളുകളിൽ ഞാൻ നേരിട്ടതെന്തെന്നോ, എന്റെ മാതാപിതാക്കൾ അനുഭവിച്ചതെന്തെന്നോ, എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ അവർക്കറിയില്ല. എന്റെ വ്യക്തിപരമായ കാര്യമായതിനാൽ അത് മറ്റുള്ളവർ അറിയാൻ ഞാൻ താത്പ്പര്യപ്പെടുന്നില്ല
ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്റെ സുഹൃത്തുക്കൾക്ക് അറിയാം. എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ ഞാൻ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു. ആരുടേയും പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ അവർക്കു എന്നെയും എന്റെ ആരാധകർക്ക് എന്നോടുള്ള സ്നേഹത്തെയും കച്ചവടമാക്കണം. എന്തെങ്കിലും സംഭവിച്ച് ഞാൻ മരിച്ചാലും അതിൽ നിന്നും ചിലർ പണമുണ്ടാക്കും. ഞങ്ങൾക്കും കുടുംബവും വികാരങ്ങളും ഉണ്ടെന്നു മനസ്സിലാക്കി ഇത്തരം കഥമെനയുന്നവർ അതിൽ നിന്നും മാറിനിൽക്കണം
എല്ലാ അഭിനേതാക്കൾക്കും അവരുടേതായ വ്യക്തി ജീവിതമുണ്ട്. ഞാൻ ഒരു നല്ല നടൻ ആണോ എന്നെനിക്കറിയില്ല. പക്ഷേ ഞാനൊരു നല്ല അച്ഛനാണ്. ആ പദവി എന്നിൽ നിന്നും പറിച്ചെടുത്തപ്പോൾ ഞാൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഇപ്പോൾ എന്നിക്കു ഒരു സിനിമയിൽ അഭിനയിക്കണം എന്നുണ്ടെങ്കിൽ വേണമെങ്കിൽ എനിക്കാ സിനിമ നിർമിക്കാം. പക്ഷേ ഞാൻ വെറും പൊള്ളയായിത്തോന്നും.
വർഷങ്ങൾക്ക് മുൻപ്, എന്റെ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ച നാളുകളിൽ, അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സർ (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങൾ ചെയ്തു തന്നത്. എന്റെ ശരീരഭാരം വർധിച്ചു. ഞാൻ വിഷാദരോഗത്തിനടിമപ്പെട്ടു. അന്നേരം 'വേതാളം' സിനിമയിലെ ശ്രുതി ഹാസന്റെ സഹോദരന്റെ വേഷത്തിലേക്ക് അജിത് സർ എന്നെ ക്ഷണിച്ചു. കണ്ണാടിയിൽ നോക്കിയാൽ കാണുന്ന എന്നെ എനിക്ക് തന്നെ ഇഷ്‌ടപ്പെട്ടിരുന്നില്ല. അതു ഞാൻ ഉപേക്ഷിച്ചു
ഇപ്പോൾ ഞാൻ എന്റെ ചിന്താഗതിയിൽ മാറ്റവും വരുത്തി. ബിലാലിന് വേണ്ടി ആരോഗ്യം പരിപാലിച്ചു. ഒരു വെബ് സീരീസിൽ നായകനാവുന്നു. രജനികാന്ത് സാറിന്റെ അണ്ണാത്തെയിൽ അഭിനയിക്കുന്നു. ഒരു ചിത്രം നിർമ്മിക്കുന്നു. എല്ലാം ശരിയായി വന്നുതുടങ്ങിയതിൽ പിന്നെയാണ് ലോക്ഡൗൺ സംഭവിച്ചത്. എല്ലാത്തിനും പുറമെ ഇപ്പോൾ വ്യാജവാർത്തയും നേരിടേണ്ടി വരുന്നു.
മാർച്ച് 20ന് തുടങ്ങേണ്ട സിനിമയായിരുന്നു ബിലാൽ. ഫോർട്ട്കൊച്ചിയിലായിരുന്നു ഷൂട്ട് തീരുമാനിച്ചത്. മമ്മൂക്കയുമൊത്ത് വീണ്ടു ഒന്നിക്കുന്നതുകാണാൻ എന്റെ അച്ഛനും അമ്മയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മാർച്ച് 16ന് െചന്നൈയിൽ പോയി അവരുടെ അനുഗ്രഹം വാങ്ങാൻ ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷേ അന്നാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ ഞാൻ ആഗ്രഹിച്ചുപോകുന്നു. േകരളത്തേക്കാൾ ഭീകരാവസ്ഥയാണ് ചെന്നൈയിൽ ഇപ്പോൾ. എന്റെ സഹോദരനും കുടുംബവും അവിടെ ഒരു ഫ്ലാറ്റിലാണ് കഴിയുന്നത്. ആ ഫ്ലാറ്റിൽ മൂന്ന് കോവിഡ് രോഗികൾ ഉള്ളതിനാൽ അവർക്ക് പുറത്തിറങ്ങാനും കഴിയില്ല. അച്ഛനും അമ്മയും മറ്റൊരു സ്ഥലത്താണ് താമസം. ഒന്ന് ആശുപത്രിയിൽ പോകണമെങ്കിൽ വരെ അവർക്ക് ബുദ്ധിമുട്ടാണ്. അവരുടെ കാര്യമോർത്താണ് കൂടുതൽ സങ്കടം.’–ബാല പറഞ്ഞു.