വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. അടുത്തിടെയായിരുന്നു രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി അറിയിക്കുന്നതിന്റെ പേരില്‍ സുരേഷ് ഗോപിയും താനും വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നും നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാര്‍ തുറന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയായിരുന്നു. അതേസമയം ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന.
അച്ഛന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കപ്പെട്ടു എന്നാണ് അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്. അഹാന പ്രതികരിച്ചത് വിവാദത്തിന് കൃഷ്ണകുമാര്‍ നല്‍കിയ പ്രതികരണം വന്ന അഭിമുഖത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു.
'താനൊരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല. ആകുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ല. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയിലാണ്.
മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും വര്‍ഷം താര രാജാവായിരുന്ന അദ്ദേഹത്തിന് അറിയാം ഇത്തരം വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരാള്‍ പറയുന്നത് അതുപോലെയല്ല മാധ്യമങ്ങളില്‍ വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം' എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പ്രതികരിക്കുന്നത്.