ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിനിന്ന നായികമാരില്‍ ഒരാളാണ് നടി സില്‍ക്ക് സ്മിത. അന്ന് നടി സൂപ്പര്‍താര സിനിമകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായി തിളങ്ങുകയും ചെയ്തു. നടി സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് സജീവമായിരുന്നത്. ഇന്നും എല്ലാവരുടെയും മനസുകളില്‍ മാദക റാണിയായി തിളങ്ങിയെങ്കിലും ഒരു നൊമ്പരമായി നില്‍ക്കുകയാണ് സില്‍ക്ക് സ്മിത. എന്നാൽ ഇപ്പോൾ സില്‍ക്ക് സ്മിത ഉള്‍പ്പെടെയുളള നടിമാരെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിമാരെ കുറിച്ചുളള കുറിപ്പുമായി സിനിമാ സംബന്ധിയായ എഴുത്തുകളിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ജി ആണ് എത്തിയിരിക്കുന്നത്.
ചില വേറിട്ട ഒറ്റയടിപ്പാതകളുണ്ട്. പൊതുബോധങ്ങളോട് പുറംതിരിഞ്ഞ്, ഏകാകികളായി പോകുന്ന മനുഷ്യർക്കു മുന്നിൽ നീളുന്ന ഒറ്റയടിപ്പാതകൾ. എം.ടിയുടെ വിഖ്യാതമായ സിനിമ 'ആൾക്കൂട്ടത്തിൽ തനിയെ' എന്ന പേരുപോലെ വേറിട്ടോർക്കു മുന്നിൽ മാത്രം തെളിയുന്ന ഒറ്റയടിപ്പാതകൾ. ഒരു രാജ്യം മുഴുവൻ ഉണ്ടായിരുന്നിട്ടും സിദ്ധാർത്ഥ രാജകുമാരനെ ബോധോദയത്തിലേക്ക് നയിച്ച ഒറ്റയടിപ്പാത. വാർപ്പു മാതൃകകളുടെ കൂട്ടത്തിൽ നിന്ന് ഇറങ്ങിപ്പോന്നവരുടെ, പുറത്താക്കപ്പെട്ടവരുടെ ഒരു ഏകാന്ത ലോകത്തിലാവണം അത്...
തീർച്ചയായും അവിടെ അവർക്ക് സ്വയം നീതികരിക്കാനും സധൂകരിക്കാനും കൃത്യമായ കാരണങ്ങൾ കാണും. കഥകളായി കേട്ട്, പുച്ഛത്തോടെ തള്ളിക്കളയുന്ന ആ നെറികെട്ട പൊതുബോധങ്ങളെ തകർക്കാൻ തക്ക കരുത്തുള്ള ആ സധൂകരണങ്ങൾ വെറും തേങ്ങാക്കുലകളല്ല. ലൈംഗിക തൊഴിൽ തിരഞ്ഞെടുത്ത വ്യക്തി പറയുന്ന കാരണം കേട്ട്, അത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്ന ആ സോ കാൾഡ് പ്രബുദ്ധ ജനതയുടെ ഇടയിൽ നിന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് പുറത്ത് കടക്കാനായത് ഭാഗ്യമായി സ്വയം കരുതുന്നു.
എന്തെന്നാൽ പരമ്പരാഗതവും വ്യവസ്ഥാപിതവുമായ നീതിയെയും നീതികൊണ്ടുള്ള നീതികേടിനെയും ഇന്നേറ്റം അറിയുന്നു എന്നതുകൊണ്ട് തന്നെ. നായക നടി, ചീത്ത നടി എന്നിങ്ങനെ അയിത്താചാരണം സിനിമയിലും സമൂഹത്തിലും നിലനിന്നിരുന്ന 90'കളിൽ ആയിരുന്നു എന്റെ ബാല്യം. "പുഴയോരത്ത് പൂന്തോണി എത്തീല്ലാ...""ഏഴിമല പൂഞ്ചോലാ..."എന്നൊക്കെ പാടി മൃദു ഭാവങ്ങളോടെ, പട്ടുപോലുള്ള മിനുത്ത അർദ്ധനഗ്ന ശരീരം കാട്ടി ഡയനോരയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിലെ 'ചിത്രഗീത'ങ്ങളിൽ തെളിഞ്ഞു നിന്ന സിൽക് സ്മിത "ചീത്തനട്യാ..." എന്ന പ്രാഥമിക പൊതുവിജ്ഞാനം ഉള്ളിൽ കടന്നു വരുന്നത് മുതിർന്നവരുടെ ചില 'വർത്താന'ങ്ങളിൽ നിന്നാണ്.
ആ 'ടൈപ്പ്' നടിമാർ മോശം നടികളാണെന്ന് മനസ്സിൽ മുദ്രകുത്തപ്പെട്ടു. 96-ൽ സിൽക് സ്മിതയുടെ മരണവാർത്തയുമായി വന്ന പത്രം നോക്കി അമ്മയും ഓപ്പയും നെടുവീർപ്പിട്ടു. "സുന്ദര്യാർന്നു..പാവാർന്നു..അതിന്റ യോഗം.. തുടങ്ങി മരിച്ചുപോയാൽ മാത്രം ഒരു വ്യക്തിയെ പറ്റി പറയാറുള്ള പൊതുപദങ്ങൾ നിരത്തി വച്ചു. സിൽക്കിന് ശേഷം കേരളത്തിൽ 'ഷക്കീല തരംഗം' ഉണ്ടായി. സോഫ്റ്റ് പോൺ സിനിമകളുടെ അതിപ്രസര കാലം. കോടികൾ ലാഭം നേടിയ നിർമ്മാതാക്കൾ. പഴി കേട്ട അതിലെ നടിമാർ...
രണ്ടായിരങ്ങളുടെ മധ്യകാലം വരെ നീണ്ടു നിന്നു ആ സോഫ്റ്റ് പോൺ ചലച്ചിത്ര ശാഖ. ആ കാലഘട്ടത്തിൽ വള്ളുവനാട്ടിലെ ഒരു സദാചാര ഗ്രാമത്തിലെ യു.പി സ്കൂളിൽ നിക്കറിട്ടു, മൃദുലവും രോമരഹിതവുമായ തുട കാണാൻ പാകത്തിന് നിക്കറിട്ടു നടക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരൻ ഉണ്ടായിരുന്നു. ക്ലാസ്സിലെ ചില തലമുതിർന്നവർ അവനെ അക്കാരണത്താൽ തന്നെ 'ഷക്കീല' എന്ന ഇരട്ടപ്പേരിട്ട് വിളിക്കാൻ തുടങ്ങി. തികഞ്ഞ യഥാസ്ഥിതിക വാദികളുടെ ലോകത്ത് ജീവിച്ചിരുന്ന ആ കൊച്ചു പയ്യനെ സംബന്ധിച്ചിടത്തോളം അതിലും വലിയ അപമാനമുണ്ടോ? തുടകൾ മറച്ചു കിട്ടാൻ പാന്റ്സ് വേണം.
അതിനായി ആ കുട്ടി വീട്ടിൽ ആവശ്യം അറിയിച്ചു വാശിപിടിച്ചു. പക്ഷേ, രണ്ടോ, മൂന്നോ ആണ്ടു കൂടുമ്പോൾ മാത്രം ഓണത്തിന് 'കോടി' മണം പരക്കുന്ന ആ വീട്ടിലെ ചുറ്റുപാടുകൾ അവനെ കയ്യൊഴിഞ്ഞു. നഗ്നമായ തുടകളിൽ അതിക്രമിച്ചു കടക്കുന്ന ചില പരുപരുത്ത 'തലതെറിച്ചോ'രുടെ കൈകളും 'ഷക്കീല'വിളികളും അത് കേൾക്കെ ഉറക്കെ പൊട്ടിച്ചിരിക്കുന്ന ക്ലാസ്സിലെ പെൺപടകളുടെ ബോധക്കേടും അവനെ അങ്ങേയറ്റം അപമാനിതനാക്കി. മണ്ണാർക്കാടോ, പാലക്കാടോ ഉള്ള യാത്രവേളകളിൽ നഗരഭിത്തികളിലെ സിനിമ പോസ്റ്ററുകളിൽ കൊഴുത്ത തുടകൾ കാട്ടി 'അരിയാട്ടുന്ന', ചെറിയ ബാത്ത് ടവൽ ചുറ്റി കുളിക്കുന്ന 'ഷക്കീല'യെ കാണുമ്പോൾ വെറുപ്പോടെ മുഖം തിരിക്കുന്ന കുട്ടി.
കുഞ്ഞുമനസ്സിൽ വെറുപ്പിന്റെ എവറസ്റ്റ് കീഴടക്കിയ 'ഷക്കീല'. കാലം പിന്നെയും കടന്നുപോയി. പൊതുബോധങ്ങളുടെ പുറംതോട് പൊട്ടിച്ചു പുറത്തുവരാൻ പലരും, പല സന്ദർഭങ്ങളും കാരണമായി. ആ അപക്വ ബാലനിൽ നിന്ന് ഞാനുണ്ടായി. വിസ്മൃതികളെ കുടഞ്ഞെറിഞ്ഞുകൊണ്ട് അപ്പോഴേക്കും ഷക്കീലയും സമൂഹത്തിന്റെ മുന്നിൽ തന്റെ തുറന്ന ജീവിതവുമായി എത്തിയിരുന്നു. എന്റെ ഉള്ളിലെ അവസാനവെറുപ്പിന്റെ കണികയും ആരാധനയാക്കി, സ്നേഹമാക്കി മാറ്റിയിരുന്നു ഷക്കീല അന്നേരം.
ജീവിതത്തിൽ ഉണ്ടായ ആ 'ഷക്കീലാനുഭവം' ഒന്നരക്കൊല്ലം മുമ്പ് ഇതേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. മലയാളം അറിയാത്ത എന്റെ ഒരു കസിൻ പോസ്റ്റിലെ ഫോട്ടോ കണ്ട്, ശൃംഗാര സ്മൈലിയോടെ, ഉദ്യേഗത്തോടെ "ഷക്കീലയെ പറ്റി എന്താ എഴുതിയത്? ഇൻട്രസ്റ്റിംഗാ? "എന്ന ചോദ്യവുമായി വന്നു. നാട്ടിലെ കേശവന്മാമന്മാരും ഷക്കീല ചിത്രത്തിനപ്പുറം മറ്റൊന്നും അന്വേഷിച്ചില്ല. എന്നാൽ, മറ്റൊരിക്കൽ ജ്യേഷ്ഠനുമായുള്ള ഒരു കുടുംബകലഹത്തിനിടയിൽ "നിനക്ക് എന്ത് ഒലക്കേ അറിയാ? ഷക്കീലടെ അളവോ?" എന്ന വിടത്വം നിറഞ്ഞ ചോദ്യം ഉണ്ടായതും അതേ പോസ്റ്റിന്റെ പേരിലായിരുന്നു.
എന്റെ സകല അമർഷവും ബോധോദയത്തിന്റെ കാഴ്ചയില്ലാത്ത ആ അന്ധജനതയോടുള്ള സഹതാപകരമായ മൗനമായി മാറി. പെണ്ണുടലളവുകൾ മാത്രമാണ് പെണ്ണിന്റ വ്യക്തിത്വം എന്ന് വിശ്വസിക്കുന്ന, അതിനപ്പുറം ഒന്നും അന്വേഷിക്കാൻ മെനക്കേടാത്ത, അംഗീകരിക്കാത്ത പാരമ്പര്യബോധക്ഷയങ്ങളുടെ വിഴുപ്പ് ചുമക്കുന്ന കഴുതകൾ. ഷക്കീല എന്ന വ്യക്തി തന്നെ തന്റെ ജീവിതം പറഞ്ഞുകൊണ്ട് ഒരുപാട് പേർക്ക് മനുഷ്യൻ എന്ന നിലയിൽ മാർഗ്ഗദർശി ആയിട്ടുണ്ട്.
ഇന്ന് സിൽക് സ്മിത ഇക്കിളി ഓർമ്മകൾ അല്ലാതെ സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടുന്നതും, പോൺസ്റ്റാർ സണ്ണി ലിയോൺ കൂടുതൽ സ്വീകാര്യ ആകുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. ജീവിതം എന്തെന്ന്, ലോകം എന്തെന്ന് ചിന്തിക്കാൻ, ചിന്തിപ്പിക്കാൻ ഷക്കീലയും സിൽക്കും സണ്ണിയും ഒക്കെ എഴുതേണ്ടുന്ന, ചർച്ച ചെയ്യേണ്ടുന്ന വിഷയങ്ങൾ ആകുന്നതും ആയതിനാൽ തന്നെയാണ്. സദാചാരകൂപമണ്ഡൂകങ്ങൾക്ക് ബോധോദയം ഉണ്ടാവാൻ ഓപ്പൺ ചർച്ചകളും എഴുത്തുകളും ഉണ്ടയിക്കൊണ്ടേയിരിക്കണം. പൊതുബോധ-പുച്ഛരസങ്ങളോട് പുറംതിരിഞ്ഞുകൊണ്ടു തന്നെ. വിപിൻദാസ് കുറിച്ചു.