മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഗായത്രി അശോക്. ജോജു ജോര്‍ജിന്റെ മകളായി സ്റ്റാര്‍ എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും, ഗായത്രിയെ പ്രശസ്തയാക്കിയത് മെമ്ബര്‍ രമേഷനിലെ 'അലരേ' എന്ന് തുടങ്ങുന്ന ഗാനമാണ്. ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ സിനിമയില്‍ എത്തിയതിന് ശേഷം അവസരം ലഭിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. നടനായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ വെളിപ്പെടുത്തല്‍.
'അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ നിന്നും ഒരു ഓഫര്‍ വന്നു. അന്ന് സ്റ്റാര്‍ സിനിമ റിലീസ് ചെയ്തിട്ടില്ല. ഞാനും അമ്മയും സിനിമാ മേഖലയില്‍ പരിചയമുള്ളവര്‍ക്ക് ചിത്രങ്ങള്‍ അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ, എന്റെ വിവരങ്ങള്‍ ലഭിച്ചവരാണ് വിളിച്ചത്. തെലുങ്ക് സിനിമയില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ ഭയങ്കര സന്തോഷമായി. അങ്ങനെ അവര്‍ ടിക്കറ്റൊക്കെ അയച്ച് തന്നു. ഞങ്ങള്‍ ഷൂട്ടിങ് സ്ഥലത്തെത്തി. ഒരു ഓഡീഷനുണ്ടായിരുന്നു. അത് ചെയ്തു. ഇതിന് ശേഷം ഇനിയെന്താണെന്ന് സംവിധായകനോട് ചോദിച്ചപ്പോള്‍ 'ഒരു ലിപ് ലോക്ക് സീനാ'ണെന്ന് പറഞ്ഞു.
അത്തരം സീന്‍ ചെയ്യുന്നതില്‍ പ്രശ്നമുണ്ടോ എന്ന് അവര്‍ ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അടുത്ത സീനും ലിപ് ലോക്ക് ആണെന്ന് അവര്‍ പറഞ്ഞു. കേട്ടപ്പോള്‍ സുഖമില്ലായ്മ തോന്നി. അതോടെ, കാര്യങ്ങള്‍ വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ഞാന്‍ വരുന്ന സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്. അതോടെ പേടിയായി. ഇത് എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വച്ച് ഞങ്ങള്‍ ഉടന്‍ തന്നെ തിരിച്ച് വണ്ടി കയറി. അതൊരു അനുഭവമായിരുന്നു', ഗായത്രി പറയുന്നു.