തമിഴ് നടനും സംവിധായകനും നിര്‍മാതാവും ഗായകനുമെല്ലാമായ വിജയ് ആന്റണിയുടെ മകളുടെ അപ്രതീക്ഷിത വേര്‍പാട് കുറച്ചൊന്നുമല്ല ആരാധകരെ ഞെട്ടിച്ചത്. പതിനാറുകാരിയായുടെ മരണകാരണം ആത്മഹത്യയായിരുന്നു. ഒരു വര്‍ഷത്തോളമായി മാനസിക സമ്മര്‍ദ്ദത്തിന് ചികില്‍സയിലായിരുന്നു മീര.
മകളുടെ വിയോഗത്തിന് ശേഷം വിജയ് ആന്റണി പതിവ് പോലെ വീണ്ടും സിനിമ പ്രമോഷനും മറ്റും ഇറങ്ങിയത് വാര്‍ത്തയായിരുന്നു. എന്റെ വ്യക്തിഗത നഷ്ടം സിനിമപോലെ നൂറൂകണക്കിന് ആളുകള്‍ പണിയെടുത്ത ഒരു പ്രസ്ഥാനത്തെ ബാധിക്കരുതെന്ന് കരുതിയ വിജയ് ആന്റണിയുടെ പ്രൊഫഷണലിസത്തെ പലരും വാഴ്ത്തിയിരുന്നു ഈ വാര്‍ത്ത വന്നതിന് പിന്നാലെ.
ഇപ്പോഴിതാ ഭാര്യ ഫാത്തിമ വിജയ് ആന്റണി മകളുടെ ഓര്‍മകളില്‍ ഉരുകി പങ്കുവെച്ച കുറിപ്പാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്.
മീരയുടെ ഓര്‍മകളില്‍ താന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഫാത്തിമ കുറിച്ചത്. ''നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് എനിക്ക് അറിയുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ എന്റെ അത്ര അടുത്ത് കാത്തുവെച്ചേനെ. നിന്റെ ഓര്‍മ്മകളിലും ചിന്തകളിലും മുങ്ങി ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ... ലാറയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു. ലവ് യൂ തങ്കം...'' കുറിപ്പിനൊപ്പം ഒപ്പം മകളുടെ മനോഹരമായ ഒരു ചിത്രവും ഫാത്തിമ പങ്കുവെച്ചു.