നടന്‍ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത കേട്ടാണ് ഇന്നലെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഉറക്കമുണര്‍ന്നത്. കേട്ടമാത്രയില്‍ വ്യാജവാര്‍ത്തയായിരിക്കുമെന്ന് കരുതിയെങ്കിലും പിന്നാലെ പുറത്തുവന്നത് ഞെട്ടിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളായിരുന്നു. നടനായും സംഗീത സംവിധായകനുമായെല്ലാം കഴിവു തെളിയിച്ച വിജയ് ആന്റണിയുടെ ജീവിതത്തിലേക്ക് ഇതാദ്യമായല്ല മരണം ഒരു ദുരന്തമായി എത്തുന്നത്. ഏഴാം വയസില്‍ അച്ഛനെ നഷ്ടമായ കഥ കൂടിയുണ്ട് വിജയിയുടെ ജീവിതത്തില്‍. അച്ഛന്റെ തണല്‍ നഷ്ടമായപ്പോള്‍ തകര്‍ന്നു പോയ വിജയ് ഏറെ പരിശ്രമങ്ങള്‍ക്കു ശേഷമാണ് ജീവിത വിജയം നേടുന്നത്. ഇപ്പോഴിതാ, എല്ലാം തകര്‍ത്തടുക്കി മകളുടെ മരണവും എത്തിയപ്പോള്‍ ഹൃദയം പൊട്ടി കരയുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി നാഗര്‍കോവിലുകാരനാണ് വിജയ് ആന്റണി. ഫ്രാന്‍സിസ് സിറില്‍ ആന്റണി രാജ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പ്രശസ്ത കവിയും എഴുത്തുകാരനും പണ്ഡിതനുമൊക്കെയായ സാമുവേല്‍ വേദനായഗം പിള്ളയുടെ കൊച്ചുമകനായി ജനിച്ച വിജയിക്ക് തന്റെ ഏഴാം വയസിലാണ് സ്വന്തം പിതാവിനെ നഷ്ടമായത്. ചെറു പ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടമായതിന്റെ വേദന വിജയിയെ മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നു. എങ്കിലും അപ്പൂപ്പന്റെ സാഹിത്യവാസന പകര്‍ന്നു കിട്ടിയ വിജയ് പതിയെ സിനിമാ രംഗത്തേക്ക് ചുവടുറപ്പിക്കുകയായിരുന്നു.
കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഉടനെ ഓഡിയോ ഇന്‍ഫോടൈന്‍മെന്റ് എന്ന പേരില്‍ ഒരു ഓഡിയോ സ്റ്റുഡിയോ തുടങ്ങുകയും അവിടെ സൗണ്ട് എഞ്ചിനീയറായി ജോലി ചെയ്യുകയും ആയിരുന്നു. പതുക്കെ പരസ്യങ്ങള്‍ക്കും ടെലിവിഷന്‍ ഷോകളിലും എല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ മ്യൂസിക് കംമ്പോസിംഗിനായി ഓസ്‌കാര്‍ രവിചന്ദ്രന്‍ വിജയ് ആന്റണിയെ സമീപിച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്.
ദിഷ്യം, സുക്രന്‍ എന്നീ ചിത്രങ്ങളിലൊക്കെ മ്യൂസിക് കമ്പോസ് ചെയ്തത് വിജയ് ആന്റണി ആയിരുന്നു. തുടര്‍ന്നാണ് സിനിമാഭിനയത്തിലേക്കും വിജയ് പ്രവേശിക്കുന്നത്. ആ സമയത്ത് അഗ്‌നി എന്ന പേരു സ്വീകരിച്ചു കൊണ്ടായിരുന്നു സിനിമാപ്രവേശനം. എന്നാല്‍ പ്രശസ്ത സംവിധായകനും നിര്‍മ്മാതാവും നടന്‍ വിജയിയുടെ പിതാവുമായ എസ്. എ ചന്ദ്രശേഖര്‍ അഗ്‌നി എന്ന പേര് ഭാഗ്യം നല്‍കില്ലെന്നു പറയുകയും തുടര്‍ന്ന് തന്റെ മകന്റെ പേര് തന്നെ സ്വീകരിക്കാന്‍ പറയുകയും ആയിരുന്നു. അങ്ങനെയാണ് വിജയ് ആന്റണി എന്ന പേര് സ്വീകരിക്കുന്നത്.
തുടര്‍ന്ന് കരിയറില്‍ വലിയ വളര്‍ച്ച തന്നെ വിജയ് ആന്റണിയ്ക്ക് ഉണ്ടായി. നാന്‍, പിച്ചൈക്കാരന്‍, സൈത്താന്‍ തുടങ്ങിയവയെല്ലാം വലിയ വളര്‍ച്ച നല്‍കിയ ചിത്രങ്ങളായിരുന്നു. മാത്രമല്ല, കാന്‍സ് ഗോള്‍ഡണ്‍ ലയണ്‍ അവാര്‍ഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് വിജയ് ആന്റണി. സിനിമാ മേഖലയിലേക്ക് ചുവടു വച്ചപ്പോള്‍ തന്നെയാണ് ഫാത്തിമയുമായി വിജയിയുടെ വിവാഹവും കഴിഞ്ഞത്. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ടു പെണ്‍മക്കളും ജനിച്ചത്. അതില്‍ മൂത്ത കുട്ടിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മീര. ഇന്നലെ പുലര്‍ച്ചെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മീരയെ കണ്ടെത്തിയത്.
മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സയും തേടിയിരുന്നു. ഈ അടുത്തും യുവാക്കളുടെയും കുട്ടികളുടെയും ഇടയിലെ ആത്മഹത്യാ പ്രവണതയുടെ കാരണങ്ങളെക്കുറിച്ച് വിജയ് ആന്റണി സംസാരിച്ചിരുന്നു. ''പൈസയുടെ ബുദ്ധിമുട്ടു കൊണ്ടാണ് കൂടുതല്‍ ആളുകള്‍ക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തില്‍ ഏറ്റവുമധികം വിശ്വാസം വച്ചിരുന്ന ഒരാള്‍ ചതിച്ചാല്‍ ചിലര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ തോന്നാം. കുട്ടികളുടെ കാര്യത്തില്‍ പഠനം മൂലമുണ്ടാകുന്ന അധിക സമ്മര്‍ദമാണ് കാരണം. കുട്ടികള്‍ സ്‌കൂളില്‍നിന്നു വന്നു കഴിഞ്ഞാല്‍ ഉടനെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവര്‍ക്കു ചിന്തിക്കാന്‍ പോലും സമയം കൊടുക്കുന്നില്ല. കുറച്ചുനേരം അവരെ ചിന്തിക്കാന്‍ വിടണം. പിന്നെ, മുതിര്‍ന്നവരോട് പറയാനുള്ളത്, മറ്റുള്ളവരുടെ വിജയത്തെയും പണത്തെയും കുറിച്ച് ചിന്തിക്കാതെ സ്വയം സ്നേഹിക്കാന്‍ സാധിക്കുകയാണെങ്കില്‍ അതാകും സന്തോഷം തരുന്ന കാര്യം.'' എന്നായിരുന്നു വിജയ് ആന്റണി പറഞ്ഞത്.
അതേസമയം, സഹപ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. കുടുംബം ഈ വേര്‍പാട് എങ്ങനെ സഹിക്കുമെന്നും അതിനുള്ള ശക്തി അച്ഛനും അമ്മയ്ക്കും നല്‍കട്ടെ എന്നുമാണ് ഇവര്‍ പ്രാര്‍ഥിക്കുന്നത്. ലാര എന്ന മകള്‍ കൂടിയുണ്ട് വിജയ്ക്ക്.