യൂട്യൂബര്‍ എന്ന നിലയിലും സംരംഭക എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് അവര്‍. ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലും ഏറെ ശ്രദ്ധനേടിയിട്ടുള്ള താരമാണ് കഴിഞ്ഞ കുറച്ച് ദിവങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ദിയയുടെ ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്നും വാങ്ങിയ ആഭരണത്തിന് കേട്പാട് പറ്റിയെന്ന് പറഞ്ഞ് യൂട്യൂബര്‍ പരാതിയുമായി രംഗത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്‌ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാംഗംമായ സംഗീതയാണ് ദിയയുടെ സ്ഥാപനത്തിന്റെ ഉത്പന്നത്തിനെതിരെ പരാതിയുമായി എത്തിയത്.
മാലയും രണ്ട് കമ്മലുമാണ് താന്‍ ഈ സംരംഭത്തില്‍ നിന്ന് വാങ്ങിയതെന്നും എന്നാല്‍ കവര്‍ തുറന്ന് നോക്കിയപ്പോള്‍ മാലയിലെ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മാത്രമാണ് ഉള്ളതെന്നും സംഗീത പറയുന്നു. കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താന്‍ പകര്‍ത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാന്‍ വിളിച്ചിട്ടും യാതൊരു പ്രതികരണവും സംരംഭത്തിന്റെ ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത തന്റെ യൂട്യൂബ് വീഡിയോയില്‍ ആരോപിച്ചു.
പിന്നാലെ സമാന പരാതികളുമായി നിരവധി പേര്‍ കമന്റ് ചെയ്യുകയും ദിയക്കെതിരെ വ്യക്തിപരമായ അധിക്ഷേപമടക്കം പല വീഡിയോകളും എത്തുകയും ചെയ്തു.. ഇതോടെ വിഷയത്തില്‍ പ്രതികരിക്കുകയാണ് ദിയ കൃഷ്ണ.
ഓപ്പണിംഗ് വീഡിയോ അയക്കാത്തതിനാല്‍ ഹെല്‍പ് ചെയ്യാന്‍ പറ്റിയില്ലെന്നും അയച്ച ഓപ്പണിംഗ് വീഡിയോ കട്ടാണ്. നേരത്തെ തുറന്ന് നോക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അവര്‍ നിയമപരമായി നീങ്ങിയാല്‍ റീപ്ലേസ്‌മെന്റോ റീ ഫണ്ടോ പോലുള്ള ഓപ്ഷന്‍ ഞങ്ങള്‍ ചെയ്ത് തരാനും തയ്യാറാണ്. എന്നാല്‍ ഇപ്പോഴത്തെ വിവാദം മുതലെടുത്ത് തന്നെ ചിലര്‍ അധിക്ഷേപിക്കുന്നുണ്ടെന്ന് ദിയ തന്റെ യൂട്യൂബ് ചാനലില്‍ പറയുന്നു.
പരാതികള്‍ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കള്‍ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിര്‍ബന്ധമാണെന്നാണ് ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കൂടാതെ സംഗീതയുടെ റെന്റല്‍ ആഭരണങ്ങളുടെ ഷോപ്പില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്‌ക്രീന്‍ ഷോട്ടും ദിയ പങ്കിട്ടു.
എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു യൂട്യൂബര്‍ ദിയക്കെതിരെ വീഡിയോയുമായി എത്തി. എന്നാല്‍ ഈ വീഡിയോയില്‍ ദിയയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും ഉള്ളടക്കങ്ങളുമാണ് അടങ്ങുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. വ്യക്തിപരമായി അറിയാത്ത ഒരാളെക്കുറിച്ച് മോശം പരാമര്‍ശവും വിദ്വേഷങ്ങളും പ്രചരിപ്പിക്കുന്ന സൈബര്‍ ബുള്ളിയിംഗിനെതിരെ ദിയ ശക്തമായി പ്രതികരിച്ചു. ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ദിയ പക്വതയോടെ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
തന്റെ ബിസിനസിനെ കുറ്റപ്പെടുത്തുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്ന് ദിയ തുറന്ന് പറഞ്ഞു. കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയില്‍ അശ്വിനെയും പിടിച്ചിരുത്തിയത്. ഈ ബിസിനസ് കഷ്ടപ്പെട്ടാണുണ്ടാക്കിയത്. കുടുംബത്തില്‍ ഒരാള്‍ പോലും എന്നെ സഹായിച്ചിട്ടില്ല. സഹായം ചോദിച്ചിട്ടില്ല. ഒറ്റയ്ക്കാണ് ഇവിടെ വരെ കൊണ്ടുവന്നത്. ഇന്ന് അശ്വിന്‍ ടെക്‌നിക്കലായി സഹായിക്കുന്നുണ്ട്.
ഒരു ദിവസം കൊണ്ട് എന്റെ ബിസിനസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നില്‍ക്കാന്‍ പറ്റില്ല. ആരോടും സഹായം ചോദിച്ചിട്ടില്ല. തന്റെ ബിസിനസിനെ കളിയാക്കി പോലും അയാള്‍ സംസാരിച്ചെന്നും ദിയ പറയുന്നു. അധിക്ഷേപിച്ച യുവാവിനെതിരെ നിയമപരമായി എനിക്ക് നീങ്ങാം. പക്ഷെ ചെയ്യാത്തത് പക്വതയില്ലാത്ത ഇയാളുടെ ജീവിതം തുലയ്ക്കാന്‍ താല്‍പര്യമില്ലാത്ത് കൊണ്ടാണെന്നും ദിയ കൃഷ്ണ പറയുന്നു.
തന്റെ കസ്റ്റമേഴ്‌സിന്റെ പരാതികള്‍ക്കും ദിയ മറുപടി നല്‍കി. ഓപ്പണിംഗ് വീഡിയോ ചോദിക്കുന്നത് വേറെ വഴിയില്ലാത്തത് കൊണ്ടാണ്. സത്യം പറഞ്ഞാല്‍ പൊട്ടിക്കരഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അശ്വിന്റെ മുന്നില്‍ പോലും ഇരുന്ന് കരയാന്‍ താല്‍പര്യമില്ലാത്ത ആളാണ്. ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് കരയാന്‍ ഒട്ടും താല്‍പര്യമില്ലെന്നും ദിയ കൃഷ്ണ വൈകാരികമായി പറഞ്ഞു. ഇനിയും ഇത്തരം വീഡിയോ വന്നാല്‍ നിയമപരമായി നീങ്ങും. ഉറങ്ങാന്‍ പറ്റുന്നില്ല, ബിപി പ്രശ്‌നമുണ്ടെന്നും ദിയ വ്യക്തമാക്കി.
വീഡിയോ അവസാനിപ്പിക്കുന്നതിന് തൊട്ടുമുന്‍പായി താരം വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്വേഷ ഉള്ളടക്കം തയ്യാറാക്കി തനിക്കെതിരെ വീഡിയോ പ്രചരിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ദിയ ആവശ്യപ്പെട്ടു. പരാതിയുള്ള ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ ഉപഭോക്തൃപ്രശ്‌നപരിഹാരം കോടതി വഴിയോ അല്ലാതെയോ നേരിടുമെന്നും ദിയ വ്യക്തമാക്കി.