പാട്ടു വര്‍ത്തമാനം എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പാട്ടു വിശേഷങ്ങള്‍ പങ്കുവച്ച് ട്രെന്‍ഡ് ആയി മാറിയ ആളാണ് ദിവ കൃഷ്ണ. പിന്നീട് സാധാരണ പ്രേക്ഷകര്‍ക്കൊപ്പം താരങ്ങളും പാട്ടുവിശേഷങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെ പ്രമുഖരായ വിദ്യാസാഗറും ജയറാമും ഉള്‍പ്പെടെയുള്ളവര്‍ ദിവയെ തേടിയെത്തി. മലയാളത്തിലെ പ്രശസ്ത ചാനലില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ അവതാരകന്‍ കൂടിയായി മാറിയ ദിവ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്.ഇപ്പോഴിതാ ദിവ ചിത്രയെ കണ്ടുമുട്ടിയ അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇത്രയും ജനുവിന്‍ ക്യാരക്ടറുള്ള ചിത്രയെപ്പോലെയുള്ളവര്‍ ഇവിടെയുള്ളപ്പോള്‍ താനെങ്ങനെ അത്ര നല്ല മനുഷ്യരൊന്നും ലോകത്തില്ലെന്ന് എങ്ങനെ ചിന്തിച്ചുവെന്നാണ് ദിവാകൃഷ്ണ കുറിച്ചിരിക്കുന്നത്.
ഞാനൊക്കെ എപ്പോഴും ചിന്തിക്കാറുണ്ട് ലോകത്ത് ഇപ്പൊ അങ്ങനെ നല്ല മനുഷ്യര്‍ ഒന്നുമില്ല. ജനുവിനായി ഇടപെട്ടിരുന്ന ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് അമ്മാതിരി പണി കിട്ടിയതിന്റെ ട്രോമ ഉള്ളത് കൊണ്ടും കൂടിയാണ് കുറച്ചു വര്‍ഷമായി ആ ഒരു ചിന്ത എന്നിലേക്ക് കടന്ന് വരുന്നത്.
ലോകത്തുള്ള നല്ല മനുഷ്യരൊക്കെ എവിടെയോ പോയി, എല്ലാവരും സ്വാര്‍ത്ഥരായി, അവരവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ജീവിതത്തില്‍ അഭിനയിക്കുന്നവരായി...പക്ഷേ എന്റെ ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചൊരു യാത്രയായിരുന്നു എന്റെ ആദ്യ ദുബായ് യാത്ര.
പ്രസ്സ് മീറ്റ് കാണാന്‍ പോയി എല്ലാ മീഡിയാസിന്റെയും ഏറ്റവും പിന്നില്‍ തൂണിന്റെ മറവില്‍ ഒളിച്ചു നിന്ന എന്നെ കണ്ട നിമിഷം തന്നെ വേദിയിലേക്ക് വിളിച്ചു ഒപ്പം ഇരിക്കാന്‍ ഇരിപ്പിടം ഒരുക്കി, എന്നെപ്പറ്റി അത്രയുംപേരുടെ മുന്നില്‍ വാചാലയായ എന്റെ ചിത്ര ചേച്ചി.
തിരുവോണ ദിവസം ചിത്ര ചേച്ചിക്ക് മാത്രമായി സദ്യ ആദ്യം എത്തിച്ചപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് കഴിക്കില്ല, എല്ലാവര്‍ക്കും കൊണ്ടു വരാന്‍ പറഞ്ഞു ഞങ്ങളെല്ലാവരും ഒപ്പം ഇരുന്ന ശേഷം എല്ലാവരും കഴിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഭക്ഷണത്തില്‍ കൈവച്ച ചിത്ര ചേച്ചി.
പരിപാടിയുടെ അന്ന് ഡ്രസ്സ് കോഡ് ഉണ്ടെന്ന വിവരം അറിയാതെ കളര്‍ ഷര്‍ട്ട് ഇട്ട് ഗ്രീന്‍ റൂമില്‍ പരുങ്ങി ഇരുന്ന എന്നോട് കാര്യം അന്വേഷിച്ചു, പെട്ടെന്ന് ഷര്‍ട്ട് ഒപ്പിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച ചിത്ര ചേച്ചി.ആദ്യമായി ദുബായില്‍ വരുന്ന, ആദ്യമായി ചേച്ചിയോടൊപ്പം സ്റ്റേജില്‍ കയറാന്‍ പോകുന്ന എന്റെ അങ്കലാപ്പും, ഒറ്റപ്പെടലും കണ്ട് ആ സ്‌പോട്ടില്‍ തന്നെ ഷര്‍ട്ടിന്റെ സൈസ് ചോദിച്ചു വേഗം ഷര്‍ട്ട് വാങ്ങി വരാന്‍ ആളെ ഏര്‍പ്പാടാക്കിയ ചിത്ര ചേച്ചി.
ഓണത്തിന് ചേച്ചിയുടെ വകയായി കിട്ടിയ ആ ഓണക്കോടി അണിഞ്ഞാണ് അന്ന് ഞാന്‍ സ്റ്റേജില്‍ കയറിയതും, അവരില്‍ ഒരാളായി മാറിയതും.ഒന്ന് ആലോചിച്ചു നോക്കണേ, കെ എസ് ചിത്ര എന്ന ലെജണ്ടറി ഗായികയാണ്, ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ഒരു ലിവിങ് ലെജന്‍ഡ് ആണ് സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് അവസാന നിമിഷം എന്റെ ഷര്‍ട്ട് ശരിയാക്കാന്‍ നില്‍ക്കുന്നത്, ഒറ്റക്ക് സമാധാനമായിട്ട് കഴിക്കേണ്ടയാളാണ് നമുക്കൊപ്പമിരുന്ന് നമ്മള്‍ കഴിച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് കഴിക്കുന്നത്.
ഇങ്ങനൊരു ജനുവിന്‍ ക്യാരക്ടറുള്ള ചേച്ചിയെപ്പോലെയുള്ളവര്‍ ഇവിടെയുള്ളപ്പോള്‍ ഞാനെങ്ങനെ ചിന്തിച്ചു ലോകത്തിപ്പോ അത്ര നല്ല മനുഷ്യരൊന്നും ഇല്ലാന്ന്.
ചിത്ര ചേച്ചി.. ഉമ്മ...'' എന്നാണ് ദിവാകൃഷ്ണ കുറിച്ചത്.
ചിത്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സ്റ്റേജ് ഷോയുടെ ചിത്രങ്ങളും ദിവാകൃഷ്ണ പങ്കുവച്ചിട്ടുണ്ട്. 'നീയെന്‍ സര്‍ഗസൗന്ദര്യമേ, മീശമീനാക്ഷി' എന്നിങ്ങനെ രണ്ടു ഷോര്‍ട്ട് ഫിലിമുകളും ദിവാകൃഷ്ണ സംവിധാനം ചെയ്തിട്ടുണ്ട്.നാടക-സീരിയല്‍ നടനായ പാറശ്ശാല വിജയന്റെയും ജ്യോതിലക്ഷ്മിയുടെയും മകനാണ് ദിവാകൃഷ്ണ.
പല നാടുകളിലും സംഗീതപരിപാടികള്‍ അവതരിപ്പിക്കാറുള്ള ചിത്ര ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇക്കഴിഞ്ഞ ദിവസം ദുബായിലെത്തിയത്. ഷാര്‍ജയിലെ സംഗീതപരിപാടിക്കായാണ് ഗായിക എത്തിയത്.