താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര കലഹങ്ങളും ചേരിപ്പോരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി അന്‍സിബ ഹസ്സന്‍ രാജിവെച്ചതോടെ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണ്. രാജിക്ക് പിന്നാലെ നടന്‍ ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. തന്നെ പരസ്യമായി 'ജിഹാദി' എന്ന് വിളിച്ചെന്നും, സംഘടനയിലെ മറ്റ് നടന്മാരുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ടിനി ആരോപിച്ചതായും അന്‍സിബ തുറന്നടിച്ചു.
'അമ്മ'യുടെ ഒരു പരിപാടിക്കായി വെണ്ണല ക്ഷേത്രം 70 ലക്ഷം രൂപ സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങളുടെ തുടക്കമെന്ന് അന്‍സിബ പറയുന്നു. കടുത്ത മതവിശ്വാസമുള്ള ഇത്തരം സംഘടനകളില്‍ നിന്നും സംഘടന പണം കൈപ്പറ്റുന്നതിനെ താന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതാണ് ടിനി ടോമിനെയും നടി ലക്ഷ്മിപ്രിയയെയും തനിക്കെതിരെ തിരിക്കാന്‍ കാരണമെന്നും, തുടര്‍ന്ന് തനിക്കെതിരെ വംശീയ അധിക്ഷേപവും വ്യക്തിഹത്യയും നടത്തുകയായിരുന്നെന്നും അന്‍സിബ വെളിപ്പെടുത്തി.
വിവാദങ്ങള്‍ പുകയുന്നതിനിടെ താരസംഘടനയിലെ ഈ പുകിലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ആലപ്പി അഷ്റഫ്. മുന്‍പ് തങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അവളോടൊപ്പം നില്‍ക്കാതെ, വേട്ടക്കാരന് കുടപിടിച്ചവര്‍ക്ക് കാലം കരുതിവെച്ച 'കാവ്യനീതി'യാണ് ഇപ്പോള്‍ സംഘടനയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. അന്ന് ആ നടിയുടെ കണ്ണുനീരും കരച്ചിലും കണ്ടില്ലെന്ന് നടിച്ച് നിഷ്‌കരുണം തള്ളിക്കളഞ്ഞവരാണ് ഇപ്പോള്‍ പരസ്പരം കടിച്ചു കീറുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അന്‍സിബ നേരിട്ടത് കൃത്യമായ ജാതിവിവേചനമാണെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞു. 'അമ്മ'യുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്‍സിബയുടെ പേര് കണ്ടപ്പോള്‍, മലയാള സിനിമയില്‍ നമ്മളൊക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരു പ്രമുഖ നടന്‍ അന്‍സിബയെ കുറിച്ച് അങ്ങേയറ്റം മോശമായ പരാമര്‍ശം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. അന്‍സിബയുടെ രാജിയും പിന്നാലെയുണ്ടായ വംശീയ-വ്യക്തിപരമായ ആരോപണങ്ങളും മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ രംഗത്തുനിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധി പേരാണ് അന്‍സിബയ്ക്ക് പിന്തുണയുമായും 'അമ്മ'യിലെ ഭാരവാഹികളുടെ നിലപാടുകളെ വിമര്‍ശിച്ചും ഇപ്പോള്‍ രംഗത്തെത്തുന്നത്.
സംഘടനയ്ക്കുള്ളിലെ വിവേചനവും ചേരിതിരിവും വരും ദിവസങ്ങളില്‍ കൂടുതല്‍ വലിയ പൊട്ടിത്തെറികളിലേക്ക് വഴിമാറുമെന്നാണ് സൂചന. ആലപ്പി അഷ്റഫിന്റെ വാക്കുകള്‍: അമ്മ എന്ന താരസം?ഘടനയിലെ ആഭ്യന്തര കലഹം അതിരുവിട്ട അവസ്ഥയിലാണ്. പലരും പറയുന്നു ഇതിന് കാരണം സ്ത്രീകള്‍ തലപ്പത്ത് വന്നതുകൊണ്ടാണെന്ന്. എന്നാല്‍ ഇതിന് സത്യത്തിന്റെ മറ്റൊരു വശം കൂടിയുണ്ട്. സഹപ്രവര്‍ത്തകയായ ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അവളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരനോടൊപ്പം നിന്ന് വാ?ദിച്ചവര്‍ക്ക് കാലം കരുതിവെച്ച കാവ്യ നീതിയാണ് ഇന്ന് ഈ നടന്നുകൊണ്ടിരിക്കുന്നത്. അന്ന് ആ നടിയുടെ കണ്ണുനീരും കരച്ചിലും കണ്ടില്ലെന്ന് നടിച്ച് നിഷ്‌കരുണം തള്ളി കളഞ്ഞവരാണ് ഇവരില്‍ പലരും. അവളൊഴുക്കിയ കണ്ണുനീരിന് കണക്ക് പറയാതെ ആര്‍ക്കും കടന്ന് പോകാന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഭരണം ഏറ്റെടുത്ത അന്ന് തുടങ്ങിയ ആഭ്യന്തര കലഹമാണ്. പല പ്രാവശ്യം പൊട്ടലും ചീറ്റലുമൊക്കെ പുറം ലോകത്തും എത്തിയിരുന്നു.
അതൊക്കെ തീര്‍ത്തിട്ട് വേണ്ടേ മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ചീഞ്ഞ് നാറുന്ന ബോംബുകളായി ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. സംഘടനയിലെ താരലഹള പലവിധമാണ്. പണം തട്ടിപ്പിന്റെ പേരില്‍ പ്രശ്‌നം, കുടുംബ കലഹം ഉണ്ടാക്കിയതിന്റെ പേരില്‍ പ്രശ്‌നം, തെറി വിളിച്ചതിന്റെ പേരില്‍ പ്രശ്‌നം, അവിഹിത ബന്ധത്തിന്റെ പേരില്‍ പ്രശ്‌നം, തൊഴില്‍ പീഢനത്തിന്റെ പേരില്‍ പ്രശ്‌നം. കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ പ്രശ്‌നം, പണം കൈയ്യിട്ട് വാരി എന്നുള്ള പ്രശ്‌നം വേറെയും. എന്തിന് ഏറെ മതത്തിന്റെയും ജാതിയുടേയും പേരില്‍ പോലും പ്രശ്‌നം. പൊതുസമക്ഷത്തില്‍ ഇപ്പോള്‍ ആവലാതി പറഞ്ഞ് എത്തിയിരിക്കുന്നത് അന്‍സിബ ഹസനാണ്.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജോയിന്‍ സെക്രട്ടറിയായിരുന്നു അന്‍സിബ.
എന്നാല്‍ ചിലര്‍ക്ക് അന്‍സിബയോട് ഇഷ്ട കുറവ് ഉണ്ടായിരുന്നു. അതിന് കാരണം അവളിലുള്ള പോരായ്മകളോ കുറ്റങ്ങളോ അല്ല. അന്‍സിബ ജനിച്ച ജാതിയുടെ പ്രശ്‌നമാണ്. ഞാന്‍ ഒരു കാര്യം തുറന്ന് പറയാം.അന്‍സിബ പോലും അറിഞ്ഞിട്ടുണ്ടാവില്ല. അമ്മയുടെ തെരഞ്ഞെടുപ്പ് സമയത്ത് സംഘടനയുടെ ഭാരവാഹിയും എന്റെ അടുത്ത സുഹൃത്തുമായ ഒരു നടന്‍ എന്നോട് വളരെ വിഷമത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ അന്‍സിബയുടെ പേര് കണ്ടപ്പോള്‍ നമ്മളൊക്കെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരു നടന്‍ പറയുകയുണ്ടായി ആ മേത്തച്ചിയുടെ പേര് അതില്‍ നിന്നും വെട്ടികളയുക. അവള്‍ മോഹന്‍ലാലിന്...
ബാക്കി ഞാന്‍ പറയുന്നില്ല. അത് അശ്ലീലമാണ്. ഇത്രയും ജാതിവിവേചനമുള്ള കമന്റ് ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന ഒരാളില്‍ നിന്നും ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇത് അറിഞ്ഞവരും കേട്ടവരുമായ ഒരുപാട് പേര്‍ താരസം?ഘടനയിലുണ്ട്. അവിടെ തുടങ്ങിയതാണ് അന്‍സിബയ്ക്ക് നേരെയുള്ള ജാതി വിവേചനം. പിന്നീട് അങ്ങോട്ട് ജിഹാദി, തീവ്രവാദി, മതം മാറ്റം നടത്തുന്നവള്‍ എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തി ഒറ്റപ്പെടുത്താന്‍ ആരംഭിച്ചു. കഴിഞ്ഞ ഭരണകാലഘട്ടത്തിലൊന്നും ജാതിയമായ അധിക്ഷേപങ്ങളോ വേര്‍തിരിവുകളോ അമ്മയില്‍ ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല. അമ്മയില്‍ എപ്പോഴും സങ്കടമുണര്‍ത്തുന്ന പരാതിക്കാരിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും കുറ്റവാളികളായ ആരോപണവിധേയനായ പുരുഷന്മാരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. അതിപ്പോഴും അങ്ങനെ തുടരുന്നു.
ഇപ്പോഴുള്ള ഭരണ സംവിധാനത്തില്‍ തീവ്രമത നിലപാടുകളുള്ള ചില സ്ത്രീകളുണ്ട്. അവര്‍ കൂടി ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. വിട്ടുവീഴ്ചകളില്ലാത്ത ധീരമായ നടപടികളാണ് ഇവര്‍ക്ക് എതിരെ നടത്തേണ്ടത്. നീന കുറുപ്പിന്റെ പരാതിയില്‍ ടിനി ടോം ചെയ്ത കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഒരു സ്ത്രീയോടാണ് ടിനി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഓര്‍ക്കുക. എന്നിട്ടും ഈ വ്യക്തിയെ ന്യായീകരിച്ചുകൊണ്ട് പൊതുരം?ഗത്ത് വരാന്‍ ചില സ്ത്രീകള്‍ക്ക് ഒന്നും നാണവും മാനവുമില്ലേ? നാറിയവനെ ചുമന്നാല്‍ ചുമക്കുന്നവരും നാറും. അല്ലെങ്കിലും സംഘടനയില്‍ കാലകാലങ്ങളായി ഇത് തന്നെയാണ് നടക്കുന്നത്.