മലപ്പുറത്തെ കോളേജില്‍ ആര്‍ട്‌സ് ഡെ ഉദ്ഘാടകനായി എത്തിയ ചലചിത്രനടന്‍ ഡയിന്‍ ഡേവിസിനെ ഇറക്കി വിട്ട് അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. കൊണ്ടോട്ടിയിലെ വലയിപറമ്പ് ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലായിരുന്നു സംഭവം നടന്നത്. സത്യത്തില്‍ എന്താണ് അവിടെ നടന്നതെന്ന് വീഡിയോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുകയായിരുന്നു.
'വിളിക്കാതെ അതിക്രമിച്ച് കയറിയതാണെന്ന തരത്തില്‍ ഇപ്പോള്‍ പ്രചരണം നടക്കുന്നുണ്ടെന്നും യൂണിയന്‍ മെമ്പേഴ്‌സ് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നുമാണ് ഡെയിന്‍ പറഞ്ഞു. എല്ലാവരുടയെും അനുവാദത്തോടെ കൂടെയാണ് അവര്‍ എന്നെ വിളിച്ചത്. പരിപാടി നടക്കുന്ന ദിവസം കോളേജിന്റെ നൂറ് മീറ്റര്‍ മുമ്പ് ഡ്രസ് കോഡ് ഇട്ട കുട്ടികള്‍ നില്‍ക്കുന്നത് കണ്ടിരുന്നു. കുട്ടികളും പ്രിന്‍സിപ്പാളുമായി ഉന്തും തള്ളും ഉണ്ടായതും കണ്ടു. അതിനിടെ എന്റെ കാറിന്റെ ബോണറ്റില്‍ അടിച്ച് പ്രിന്‍സിപ്പാള്‍ 'പറഞ്ഞ പൈസയും വാങ്ങി സ്ഥലം വിട്ടോ പരിപാടി ഇല്ലെന്ന്' പറഞ്ഞു. അപ്പോഴും എനിക്ക് ഒന്നും മനസിലായില്ല. അതിനിടെ കുറച്ച് കുട്ടികള്‍ വന്ന് പറഞ്ഞു കാറ് കോളേജ് കോമ്പൗണ്ടില്‍ കയറ്റുന്നതിന് പ്രശ്‌നം ഉണ്ട്. നടന്ന് കയറണമെന്ന്. ഞാന്‍ നടന്നാണ് പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോയത്.
വേദിയില്‍ ഇരുന്ന ഉടനെ ഒരു പെണ്‍കുട്ടി വന്ന് അനൗണ്‍സ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ നിന്നോരാരാടീ അനൗണ്‍സ് ചെയ്യാന്‍ പറഞ്ഞതെന്ന് അലറികൊണ്ട് പ്രിന്‍സിപ്പാള്‍ വേദിയിലേക്ക് വന്നു. ഈ കോളേജിലെ പ്രിന്‍സിപ്പാള്‍ ഞാനാണ്. ഇവിടെ എന്ന് നടക്കണമെന്ന് ഞാന്‍ തീരുമാനിക്കും എന്നുമായിരുന്നു ഞാന്‍ ഇറങ്ങുന്നവരെ പ്രിന്‍സിപ്പാള്‍ പറഞ്ഞ് കൊണ്ടിരുന്നത്. എനിക്ക് ഒന്നും മനസിലായില്ല. അതിനിടെ കുട്ടികള്‍ രണ്ട് വാക്ക് സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. രണ്ട് വാക്ക് സംസാരിക്കാം എന്ന് പറഞ്ഞാണ് മൈക്ക് വാങ്ങി സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ നിന്നോടല്ലെ പറഞ്ഞത്, ഇറങ്ങിപ്പോകാന്‍ എന്നും പറഞ്ഞു. അതിനിടെ നാണം ഇല്ലേടാ നിനക്ക് പൊക്കൂടേടാ എന്ന് ഒരു അധ്യാപകന്‍ പറയുന്നുണ്ടായിരുന്നു.
എന്താണ് പ്രശ്‌നം എന്ന് പ്രിന്‍സിപ്പാളോ അധ്യാപകനോ മാന്യമായി പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവിടെ നിന്ന് മിണ്ടാതെ പോയേനെ. തല്ലാന്‍ നില്‍ക്കുന്നപോലെയാണ് അധ്യാപകര്‍ നിന്നത്. വിഷമം കൊണ്ടാണ് ഞാന്‍ സ്റ്റേജില്‍ നിന്ന് ശബ്ദം ഉയര്‍ത്തി സംസാരിച്ചത്. അധ്യാപകരെ മാനിക്കുന്ന വ്യക്തി തന്നെയാണ് ഞാന്‍. പെരുമാറ്റം കൂടിയാണ് അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കേണ്ടത്. എങ്ങനെയാണ് ഒരു അതിഥിയോട് സംസാരിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകരില്‍ നിന്നാണ് പഠിക്കുന്നത് . തെറ്റായെങ്കില്‍ ക്ഷമയും ചോദിച്ചാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. ഒരിക്കലും അധ്യാപകര്‍ പെരുമാറണ്ട രീതിയല്ല അവിടെ ഉണ്ടായത്. ഇത്ര പ്രശ്‌നം ആകുമെന്നും ഞാന്‍ പ്രതിക്ഷിച്ചില്ലെന്നും ഡെയിന്‍ വ്യക്തമാക്കി.'