നടനും എം.എല്‍.എയുമായ മുകേഷിനും മറ്റു പ്രമുഖ താരങ്ങള്‍ക്കുമെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതിയുടെ പരാതി. നടിക്ക് സെക്സ് മാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി രംഗത്തുവന്നത്. 2014ല്‍ ഓഡിഷനായി തന്നെ ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചെന്നതാണ് നടക്കെതിരായ ആരോപണം. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചു.
എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും ശാന്തമായി പറഞ്ഞു. തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബന്ധുവായ യുവതിയുടെ പരാതി വ്യാജമാണെന്ന് നടി പ്രതികരിച്ചു. വ്യക്തിവൈരാഗ്യം ആണ് ഇതിന് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. 2014ല്‍ തന്റെ ഷൂട്ടിങ് സെറ്റില്‍ ഇവര്‍ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം കാണാന്‍ സാധിച്ചിരുന്നില്ല. യുവതിക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.
നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയാണ് നടി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരില്‍ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചിരുന്നു. കിടക്ക പങ്കിട്ടാല്‍ മാത്രമേ അമ്മയില്‍ അംഗത്വം നല്‍കൂവെന്നും താന്‍ അറിയാതെ അമ്മയില്‍ നുഴഞ്ഞുകയറാന്‍ കഴിയില്ലെന്നും മുകേഷ് പറഞ്ഞെന്നായിരുന്നു നടിയുടെ പരാതി.