ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ചെമ്പനീര്‍പ്പൂവ്. അരുണ്‍ ഒളിംപ്യനാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സച്ചിയെ അവതരിപ്പിക്കുന്നത്. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അരുണിന് അതിനു ശേഷമാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്. ഇതിനിടെ ടൊവിനോയുടെ ഡ്യൂപ്പായും താരം ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ന് കാണുന്ന നിലയില്‍ എത്താനും അവസരങ്ങള്‍ ലഭിക്കാനുമൊക്കെ താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുകയാണ് അരുണ്‍. ഒരു യ്യടുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
ജൂനിയര്‍ ആര്‍ടിസ്റ്റായും മോഡലായുമൊക്കെ കഴിഞ്ഞ ഒരു സമയം ഉണ്ടായിരുന്നു എന്നും അന്നൊന്നും മുന്നോട്ടു പോകാനുള്ള വഴിയുണ്ടായിരുന്നില്ലെന്നും അരുണ്‍ അഭിമുഖത്തില്‍ പറയുന്നു. ''വാടക കൊടുക്കണം, ഭക്ഷണം കഴിക്കണം. ഇതൊന്നും വീട്ടില്‍ അറിയിക്കാന്‍ പറ്റില്ല. എനിക്ക് ജീവിക്കാനുള്ള വകയൊക്കെ അച്ഛന്‍ നേരത്തേ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പിന്നെ ഞാന്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന ചോദ്യം വരും. ഒരു സമയത്ത് യാതൊരു ജോലിയും കിട്ടാതെ ആയി. ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടി. വെള്ളം കുടിച്ച് കഴിഞ്ഞ അവസരം ഉണ്ടായിരുന്നു. പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു. ഒരു ദിവസം നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചെമ്പനീര്‍പൂവിലെ ഡയറക്ടര്‍ നായകനായി വിളിക്കുന്നത്''.
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇവിടം വരെ എത്തിയത്. ഞാന്‍ സീറോയില്‍ നിന്നും വന്നവനാണ്. നമ്മള്‍ നന്നായിട്ട് സ്ട്രഗിള്‍ ചെയ്തു ജീവിച്ചു വരണം. അതിനുശേഷം കിട്ടുന്ന റിസള്‍ട്ട് വളരെ വലുതായിരിക്കും ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടിയ സമയം ഉണ്ടായിരുന്നു. ഞാന്‍ ബുദ്ധിമുട്ടിയ സമയത്ത് എന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. നൂറു രൂപ ചോദിച്ചാല്‍ ഉണ്ടായിട്ടും പലരും ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ ആളുകള്‍ എന്റെ കൂടെ വന്നു നില്‍ക്കുമ്പോള്‍ എനിക്ക് പുച്ഛം തോന്നാറുണ്ട്. ലൈഫില്‍ ആരെയും നമ്മള്‍ വിലകുറച്ച് കാണാന്‍ പാടില്ല.
വീട്ടില്‍ ആര്‍ക്കും കലയുമായി ബന്ധമില്ല. മൂത്ത ചേട്ടനായിരുന്നു ഈ ഫീല്‍ഡിലേക്ക് വരാന്‍ ഇഷ്ടം. ചേട്ടനൊപ്പം ടിക്ക് ടോക്ക് ചെയ്താണ് എന്റെ തുടക്കം. പുള്ളിയാണ് എനിക്ക് അഭിനയിക്കാന്‍ ഉള്ള കഴിവ് ഉണ്ടെന്ന് മനസ്സിലാക്കുന്നത്. പുള്ളിയുടെ ആഗ്രഹം ഞാന്‍ നിറവേറ്റി എന്ന് വേണം പറയാന്‍. കല്ല്യാണം കഴിഞ്ഞപ്പോള്‍ ചേട്ടന്‍ ഒരു ഫാമിലി മാന്‍ ആയിപ്പോയി. അങ്ങനെയാണ് ഞാന്‍ ഈ ഫീല്‍ഡിലേക്ക് ഇറങ്ങുന്നത്. ഡ്യൂപ്പായിട്ട് വേഷം ഇട്ടിട്ടുണ്ട്. പക്ഷേ അത് ചെയ്തപ്പോള്‍ എല്ലാവരും വേണ്ട എന്ന് പറഞ്ഞിരുന്നു. അതിന് കാരണം പിന്നീട് ഡ്യൂപ്പിലേക്ക് തന്നെ ഒതുങ്ങി പോകും എന്ന് കരുതീട്ടാണ്. ഡ്യൂപ് ചെയ്തതിന് ശേഷമാണ് ജൂനിയര്‍ റോളിലേക്ക് ഒക്കെ വിളി വന്നത്. പിന്നീട് അതില്‍ പിടിച്ച് കയറി.
ചില ആളുകളെ സഹായിക്കാന്‍ പോയി എനിക്ക് തിരിച്ച് പണികിട്ടി. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ ആളുകളോട് സംസാരിക്കുമ്പോള്‍ സെലക്ടീവ് ആണ്. അത് ആളുകള്‍ വിചാരിക്കുന്നത് എനിക്ക് ജാഡ ആണ് എന്നൊക്കെ ആയിരിക്കും. വീട്ടില്‍ വേറെ ആരും കലയുമായി ബന്ധമുള്ള ആളല്ല. എന്റെ അമ്മ ജീവിതത്തില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്തു വന്ന ആളാണ്. അതുകൊണ്ട് തന്നെ അമ്മ കരയുന്നത് എനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ആള് കരയുന്നത് എനിക്ക് ഭയങ്കര വിഷമം ഉള്ള കാര്യമാണ്. എന്റെ മുന്നില്‍ ആണാണെങ്കിലും പെണ്ണാണെങ്കിലും ഒരാള്‍ കരയുമ്പോള്‍ എനിക്കെന്റെ അമ്മയെ ഓര്‍മ്മ വരും. ഞാന്‍ സഹായിക്കാന്‍ പോകുകയും ചെയ്യും. ഇപ്പോള്‍ കുറെ പ്രൊപോസല്‍സ് ഒക്കെ വരുന്നുണ്ട്. മാരേജിനെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്ന് പറയും. ഞാന്‍ ഇപ്പോള്‍ സിംഗിള്‍ ആണ്. എവിടെയോ ഞാന്‍ ഒരു അഭിമുഖത്തില്‍ എന്നേക്കാള്‍ ഹൈറ്റ് ഉള്ള ആളെ പാര്‍ട്ണര്‍ ആയിട്ട് വേണം എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടികള്‍ ഒക്കെ അതുപറഞ്ഞിട്ടാണ് മെസേജ് അയക്കുന്നത്.
കോഴിക്കോട് ബാലുശേരി സ്വദേശിയായ അരുണ്‍ ഒളിംപ്യന്‍ ഒരു ആര്‍ക്കിടെക്ട് കൂടിയാണ്. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം. ഒളിംപ്യന്‍ എന്ന പേരില്‍ കോഴിക്കോട് ഒരു ജിമ്മും അരുണ്‍ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേര്‍ക്കുകയായിരുന്നു. ഫോട്ടോഷൂട്ടിലും മോഡലിങ്ങിലൂടെയുമാണ് അരുണ്‍ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെയാണ് സിനിമയില്‍ അവസരം ലഭിച്ചത്.