Latest News

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു, എസ്.ഐ.ടിക്ക് കൈമാറി; സിനിമാ കേസുകളില്‍ തിടുക്കപ്പെട്ട് അറസ്റ്റില്ല

Malayalilife
 ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു, എസ്.ഐ.ടിക്ക് കൈമാറി; സിനിമാ കേസുകളില്‍ തിടുക്കപ്പെട്ട് അറസ്റ്റില്ല

സിനിമ രംഗത്തെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. ശ്രീകുമാര്‍ മേനോനും നടന്‍ ബാബുരാജിനുമെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. മരട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) കൈമാറി. മുകേഷ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐ.ടിക്ക് മുന്നില്‍ പുതിയ കേസെത്തുന്നത്.

 

ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാര്‍ മേനോന്‍ മരടിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ശനിയാഴ്ച രാവിലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എസ്.ഐ.ടിക്ക് കൈമാറിയെന്ന് എറണാകുളം സിറ്റി പൊലീസ് വ്യക്തമാക്കി. ഇതോടെ എട്ട് കേസുകളാണ് കൊച്ചിയില്‍ എസ്.ഐ.ടിയുടെ അന്വേഷണത്തിനു കീഴില്‍ വന്നത്.

അതേസമയം ആരോപണ വിധേയനായ നടന്‍ സിദ്ദിഖ് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം തന്നെ തയാറാക്കിയെന്നാണ് വിവരം. നടന്‍ ദിലീരിനു വേണ്ടി നടിയെ ആക്രമിച്ച കേസില്‍ ഹാജരായ അഭിഭാഷകരാണ് സിദ്ദിഖിനു വേണ്ടിയും കോടതിയെ സമീപിക്കുന്നത്. നേരത്തെ മുകേഷിന്റെയും അഡ്വ. ചന്ദ്രശേഖറിന്റെയും അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു

അതേസമയം സിനിമയിലെ ലൈംഗികാതിക്രമ പരാതികളിലെടുത്ത കേസുകളില്‍ അറസ്റ്റ് കരുതലോടെ മാത്രമെന്ന നിലപാടിലാണ് പോലീസ്. സിപിഎം എം.എല്‍.എയും പ്രമുഖ നടന്മാരുമടക്കം ഉള്‍പ്പെട്ട പ്രധാനപ്പെട്ട കേസുകളില്‍ കോടതിയില്‍ തിരിച്ചടിയൊഴിവാക്കാന്‍ പരാതികളില്‍ പരമാവധി വസ്തുതാപരിശോധനയും തെളിവുശേഖരണവും നടത്തിയ ശേഷം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. ഒരു കേസിലും മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ധൃതിപിടിച്ചുള്ള അറസ്റ്റുണ്ടാവില്ല. മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനും ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ കണ്ടെത്തി പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കാനുമാണ് അന്വേഷണസംഘങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

അതേസമയം, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയെടുത്ത കേസുകളില്‍ നിയമപ്രകാരം അറസ്റ്റ് അനിവാര്യമാണ്.ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള ഡിവൈ.എസ്.പിമാരുടെ അന്വേഷണ സംഘങ്ങള്‍ ഓരോ കേസിലെയും പരമാവധി വിവരങ്ങള്‍ ശേഖരിക്കും. ഇതുവരെ 11കേസുകളെടുത്തു. കോഴിക്കോട്ട് 3 കേസുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യും. കേസുകളില്‍ പ്രോട്ടോക്കോള്‍ പ്രകാരം രഹസ്യ മൊഴിയെടുപ്പും ശാസ്ത്രീയ, വൈദ്യ പരിശോധനകളുമുണ്ടാവും. മൊഴികളിലെ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിശദാന്വേഷണമുണ്ടാവും.

ചാടിക്കയറി അറസ്റ്റിനു തുനിഞ്ഞാല്‍ കോടതിയില്‍ തിരിച്ചടി നേരിടാനും പൊലീസിന്റെ വിശ്വാസ്യത തകരാനുമിടയാക്കുമെന്ന് ഇന്നലെ ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗം വിലയിരുത്തി.ഡി.ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തില്‍ നാല് വനിതാ ഐ.പി.എസുദ്യോഗസ്ഥര്‍ എല്ലാ കേസുകളിലെയും മൊഴികളും തെളിവുകളും വസ്തുതകളും പരിശോധിച്ച് ഉറപ്പിക്കും.

case against sreekumar menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES