ഡബ്ല്യൂ സി സിക്കെതിരെ തുറന്നടിച്ച് ഡബ്ബിങ് കലാകാരിയും നടിയുമായ ഭാഗ്യലക്ഷ്മി. ഡബ്ല്യൂ സി സിയുടെ കാര്യത്തില്‍ എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പല സ്ഥലങ്ങളിലും ഞാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ ഒരു ശത്രുവായിട്ടാണ് അവര്‍ കാണുന്നത്. ഏത് സംഘടനയായാലും തെറ്റുകള്‍ സംഭവിക്കും. അത് നമ്മള്‍ ചൂണ്ടിക്കാണിക്കേണ്ടതാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഞാന്‍ ഫെഫ്കയുടെ ജനറല്‍ കൌണ്‍സില്‍ മെമ്പറായിരിക്കുമ്പോള്‍ ഇന്ന ഇന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ഇറങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്. ഡബ്ല്യൂ സി സിക്കെന്താണ് തെറ്റ് പറ്റില്ലേ. അല്ലെങ്കില്‍ അത്രയും സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുന്നവരാണെന്ന് അവര്‍ തെളിയിക്കേണ്ടതാണ്.
ഡബ്ല്യൂ സി സി കളക്ടീവ് അല്ല, സെലക്ടീവ് ആകുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതായത് അവര്‍ക്ക് പ്രിയപ്പെട്ട ആളുകള്‍ക്ക് നേരെ ആരോപണങ്ങല്‍ വരുമ്പോള്‍ അവര്‍ നിശബ്ദരായിരിക്കും. എന്നാല്‍ അവരുടെ എതിരാളികള്‍ക്ക് നേരെ എന്തെങ്കിലും കാര്യം വരുമ്പോള്‍ അവര്‍ പുറത്തേക്ക് വരുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
എതിരാളികളുടെ കാര്യത്തില്‍ അവര്‍ സോഷ്യല്‍ മീഡിയ വഴിയും ചാനല്‍ വഴിയുമൊക്കെ സംസാരിക്കും. സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരാള്‍ ആരോപണം ഉന്നയിച്ചു. അതില്‍ വ്യക്തമായിട്ട് മറ്റൊരു ആര്‍ട്ടിസിറ്റിന്റെ പേര് അയാള്‍ പറയുന്നത്. അവര്‍ ഡബ്ല്യൂ സി സിയില്‍ ഉള്ള ആളാണ്. എന്നാല്‍ ഡബ്ല്യൂ സി സി ഒന്നും മിണ്ടുന്നില്ല. ഇത് മറുവശത്തുള്ള ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നെങ്കില്‍ ഇവരുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ. 'ഞങ്ങള്‍ പറഞ്ഞില്ലേ.. സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കെതിരെ' എന്നൊക്കെ പറഞ്ഞ് അവര്‍ ആഘോഷിക്കുമായിരുന്നു. ഒരുപാട് വിഷയത്തില്‍ ഇങ്ങനെയുണ്ട്. അലന്‍സിയര്‍ പലയിടത്തും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി. എന്നാല്‍ അവര്‍ ആരും ആ വിഷയത്തില്‍ പ്രതിഷേധം നടത്തിയില്ല.
അതുപോലെ തന്നെയാണ് ഷൈന്‍ ടോം ചാക്കോയുടെ കാര്യം. അതിനെതിരേയും അവര്‍ ഒന്നും പറയുന്നില്ല. ഡബ്ല്യൂ സി സിയിലെ തന്നെ അംഗത്തിന്റെ ഒരു സിനിമ ചെയ്യുന്ന സമയത്ത് കാരവാന്‍ ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുവെന്ന് മാലാപാര്‍വതി തന്നെ വ്യക്തമാക്കിയല്ലോ. അവരുടെ ഭാഗത്തും ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. പ്രമുഖര്‍ എന്ന് പറയുന്നതില്‍ അവരും ഉണ്ട്. പ്രമുഖര്‍ എന്ന് പറയുന്നത് പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളുമുണ്ട്. ഒരുപാടുപേരുണ്ട്. ഹേമ കമ്മിറ്റിയുടെ മുമ്പാകെ പാര്‍വതി ആരുടെയെങ്കിലും പേര് പറഞ്ഞോയെന്ന് എനിക്ക് അറിയില്ല, അല്ലാതെ പറഞ്ഞിട്ടില്ല. പക്ഷെ അവര്‍ ഒന്ന് ധൈര്യത്തോടെ മുമ്പോട്ട് വരുന്നത് ഒരുപാട് പേര്‍ക്ക് പ്രചോദനം നല്‍കും. ആ ഒരു വിഷയത്തില്‍ എനിക്ക് നല്ല അഭിപ്രായ വ്യത്യാസമുണ്ട്.
അമ്മയുടെ നേതൃസംഘടനയില്‍ മാറ്റം വരണം എന്ന് പറയുന്നത് പോലെ ഡബ്ല്യൂ സി സിയിലും മാറ്റം വരണം. അവിടേയും മാറട്ടെ, അവരുടെ നിലപാടുകള്‍ വളരെ ശക്തമായിരിക്കണം. ഡബ്ല്യൂ സി സി എന്ന് പറയുന്നത് ഒരു സംഘടനയല്ല, കൂട്ടായ്മയാണ്. ആര്‍ക്കുവേണ്ടിയാണ് അത്. നായികമാര്‍ക്ക് വേണ്ടി മാത്രമുള്ളതാണോ. ഇവിടെ മറ്റ് പല വിഭാഗങ്ങളിലും ജോലി ചെയ്യുന്ന ഒരുപാടുപേരുണ്ട്. അവരെക്കുറിച്ചൊന്നും ഇവര്‍ സംസാരിക്കുന്നില്ല. നിങ്ങളോടൊപ്പം ഞങ്ങള്‍ ഉണ്ടെന്ന് പറയേണ്ടത്, ഒരു വിഷയം പുറത്ത് വരുമ്പോള്‍ അല്ല. നിങ്ങള്‍ സ്ത്രീകള്‍ എല്ലാവരേയും വിളിച്ച് ഒരു ജനറല്‍ ബോഡി പോലെ കൂടണമെന്ന് ആ സംഘടനയിലുള്ള ചിലരോടൊക്കെ ഞാന്‍ തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയിലുള്ള എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ വിളിച്ച് അങ്ങനെ കൂടിയിരുന്നെങ്കില്‍ അത് വലിയൊരു സംഭവമായി മാറിയേനെ. അതുകൊണ്ടൊക്കെ എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ചീറ്റിപ്പോയ ഒരു സിനിമയെപ്പോലെയായി അതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.