തിരുവനന്തപുരം: വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ ഗുരുതരാവസ്ഥ തരണം ചെയ്തു. മരുന്നുകളോട് പ്രതികരിക്കുകയും ഇന്ന് ബോധം തെളിയുകയും ചെയ്തു. ബന്ധുക്കളെയൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞതോടെ എല്ലാവര്‍ക്കും ആശങ്ക ഒഴിഞ്ഞു. ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നുവെന്നും ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
ഇന്നലെ നടത്തിയ ന്യൂറോ സര്‍ജ്ജറിക്ക് ശേഷം രക്തസമ്മര്‍ദ്ദം കുറയുകയും വീണ്ടും അപകടാവസ്ഥയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ശ്രമഫലമായി സാധാരണ നിലയിലാകുകയും നട്ടെല്ലിനുള്ള ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഈ ശസ്ത്രക്രിയയും വിജയമായി. ഇന്ന് രാവിലെയാണ് ബോധം തെളിഞ്ഞത്. ബോധം വീണെങ്കിലും വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല. പ്രത്യേക പരിചരണം എന്ന നിലയ്ക്കാണ് വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വെന്റിലേറ്റര്‍ ഇല്ലാതെ സാധാരണ ഗതിയില്‍ ശ്വാസോച്ഛാസം നടക്കുന്നുണ്ട്. ഹൃദയമിടിപ്പും നോര്‍മലാണ്. ഇതോടെ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വിലയിരുത്തി.
ബാലഭാസ്‌ക്കറിന്റെ ആരോഗ്യസ്ഥിതിക്ക് പുരോഗതിയുണ്ടെന്നറിഞ്ഞതില്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം ഏറെ സന്തോഷത്തിലാണ്. ആപത്തൊന്നും വരാതിരിക്കാന്‍ പ്രാര്‍ത്ഥനയിലായിരുന്നു ഏവരും. ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്ത എല്ലാവര്‍ക്കും ആശ്വാസം പകര്‍ന്നു. ഇന്നലെ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും അപകടനില തരണം ചെയ്ത് സാധാരണ നിലയിലെത്തിയിരുന്നു. ഇവരും ഇപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ഏക മകളുടെ വിയോഗം ഇതുവരെ ഇവരെ അറിയിച്ചിട്ടില്ല. നാളെ ഡോക്ടര്‍മാര്‍ തന്നെ ഇക്കാര്യം ഇരുവരോടും പറയാനാണ് തീരുമാനം. നാളെ കഴിഞ്ഞ് കുഞ്ഞിന്റെ സംസ്‌ക്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനവും. തേജസ്വനിയുടെ മൃതദേഹം അനന്തപുരി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്ക് കാലിനുള്ള പരിക്കൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ല. അനന്തപുരി ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജ്ജന്‍ മാര്‍ത്താണ്ഡന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ഇവരുടെ ചികിത്സ നടത്തുന്നത്. ഇവര്‍ക്കുള്ള ഇന്‍ജക്ഷനുകളും മറ്റും നല്‍കുന്നത് പോലും ഡോക്ടര്‍മാര്‍ തന്നെയാണ്. സ്‌പെഷ്യല്‍ കെയര്‍ എന്ന നിലയിലാണ് നഴ്‌സുമാരെ ഏല്‍പ്പിക്കാത്തത്.അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീ വ്യവസ്ഥകള്‍ക്കുമാണ് പരിക്കേറ്റത്. തുടര്‍ന്നാണ് ഇന്നലെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ബാലഭാസ്‌കറിന്റെ ശരീരം മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്.
തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിരാവിലെ പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ കുട്ടി ബോധരഹിതയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.