Latest News

കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ അവസാന നോക്ക് കാണാന്‍ കഴിയാതെ ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തന്നെ; ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും മാറ്റം വന്നിട്ടില്ല; കണ്ണീര്‍കടലിലായി നാടും നഗരവും

Malayalilife
കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ അവസാന നോക്ക് കാണാന്‍ കഴിയാതെ ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തന്നെ; ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും മാറ്റം വന്നിട്ടില്ല; കണ്ണീര്‍കടലിലായി നാടും നഗരവും

തിരുവനന്തപുരം: തിരുവനന്തപുരത്തെ കുണ്ടമണ്‍ഭാഗം തിട്ടമംഗലം പുലരി നഗര്‍ ഇപ്പോഴും ആ അപകടത്തിന്റെ ഞെട്ടലിലാണ്. അത്രമേല്‍ ഇഷ്ടമായിരുന്നു ഇവിടുത്തുകാര്‍ക്ക് കുഞ്ഞ് തേജസ്വിനി ബാലയെ. വയലിനില്‍ മാന്ത്രികസംഗീതം മീട്ടുന്ന ബാലഭാസ്‌ക്കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിയെ പള്ളിപ്പുറത്തെ അപകടം കൊണ്ടു പോയി. അച്ഛനും അമ്മയും അനന്തപുരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഒന്നുമറിയാതെ കിടക്കുകയാണ്.

തേജസ്വിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലാണ്. അച്ഛനും അമ്മയും പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. അതുകൊണ്ട് തന്നെ മകള്‍ക്ക് അന്ത്യചുംബനം നല്‍കാനും ബാലഭാസ്‌കറിനും ഭാര്യയ്ക്കുമാകില്ല.

ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തേജസ്വിയെ കിട്ടുന്നത്. തിട്ടമംഗലം പുലരി നഗര്‍ 'ടിആര്‍എ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി. ആരെ കണ്ടാലും പുഞ്ചരിക്കും. അച്ഛന്റെ അതേ ലാളിത്യമായിരുന്നു മുഖത്ത്. അതുകൊണ്ട് തന്നെ തേജസ്വിയുടെ വേര്‍പാടിന്റെ വില എല്ലാവര്‍ക്കും അറിയാം. അതീവ ഗുരുതരാവസ്ഥയിലുള്ള ബാലഭാസ്റുടെ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്.

അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ കാര്യത്തില്‍ ആശങ്ക അകലുകയാണ്. ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു കഴിഞ്ഞു. പക്ഷേ ഓര്‍മ്മയെത്തുമ്പോള്‍ ഈ അച്ഛനും അമ്മയും ആദ്യം തിരക്കുക തങ്ങളുടെ കണ്‍മണിയെയാകും. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലയുകയാണ് അതുകൊണ്ട് തന്നെ ബന്ധുക്കളും സുഹൃത്തുക്കളും.

നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു പ്രതീക്ഷ. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടെയും ശസ്ത്രക്രിയ കഴിഞ്ഞു. ഇരുവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, അപകടത്തില്‍ മരിച്ച കുഞ്ഞ് തേജസ്വിനി ബാലയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. അതിന് ശേഷം സംസ്‌കാരം നടത്താനാണ് കുടുംബക്കാരുടെ തീരുമാനം. അതുകൊണ്ട് തന്നെ മകളുടെ മരണവും ചടങ്ങുമൊന്നും അച്ഛനും അമ്മയും അറിയില്ല. ഞായറാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു പോയത്. മകളുടെ പേരിലുള്ള വഴിപാടു നടത്താനായിരുന്നു യാത്ര. നേര്‍ച്ച കഴിഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് തൃശ്ശൂരില്‍നിന്നു തിരിച്ചു പുറപ്പെട്ടത്.

കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാര്‍ക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തില്‍ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടപ്പോള്‍ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂര്‍ വടക്കുംനാഥനു മുന്നില്‍ മനമുരുകി പ്രാര്‍ത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. ഇതിനിടെയാണ് ഡ്രൈവറുടെ ഉറക്കം ദുരന്തമായെത്തിയത്.

balabhaskar accident funeral his daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES