രണ്ട് പുരസ്‌കാരങ്ങളുടെയും ഫൈനല്‍ ലിസ്റ്റില്‍ ഇടംനേടി മലയാളത്തിന്റെ പ്രിയ നടന്‍;  ദേശീയ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; ദേശിയ തലത്തില്‍ നടനൊപ്പം ഏറ്റുമുട്ടുന്നത് ഋഷഭ് ഷെട്ടി; ആകാംക്ഷയോടെ സിനിമാ ലോകവും ആരാധകരും

Malayalilife
രണ്ട് പുരസ്‌കാരങ്ങളുടെയും ഫൈനല്‍ ലിസ്റ്റില്‍ ഇടംനേടി മലയാളത്തിന്റെ പ്രിയ നടന്‍;  ദേശീയ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; ദേശിയ തലത്തില്‍ നടനൊപ്പം ഏറ്റുമുട്ടുന്നത് ഋഷഭ് ഷെട്ടി; ആകാംക്ഷയോടെ സിനിമാ ലോകവും ആരാധകരും

സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവുമാണ് ഒരുദിവസം നടക്കുന്നത്. 2022ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്.  പകല്‍ മൂന്നിനാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കുന്നത്. 

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ മികവിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും മത്സരിക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലടക്കമുയരുന്ന ചര്‍ച്ച. 

മമ്മൂട്ടിയുടെ 'കാതല്‍', 'ഭ്രമയുഗം', പൃഥ്വിരാജിന്റെ 'ആട് ജീവിതം', 'ഉള്ളൊഴുക്ക്', 2018, 'ഫാലിമി' തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ആണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ ഉണ്ടാവുന്നത്.
കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. 'കാതലി'ലെ മാത്യുവിനെ അവതരിപ്പിച്ച മമ്മൂട്ടിയോ അതോ 'ആടുജീവിത'ത്തിലെ നജീബായി മാറിയ പൃഥ്വിരാജോ അതോ ഇനിയും റിലീസിനെത്താത്ത ചിത്രങ്ങളിലെ പ്രകടനത്തിന് മറ്റാരെങ്കിലോ, ആരാകും മികച്ച നടന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. ടൊവിനോ തോമസിന്റെ 'അദൃശ്യ ജാലകങ്ങളും' ജൂറിയുടെ അഭിപ്രായം നേടുന്നു.

'ഉള്ളൊഴുക്കി'ലെ ലീലാമ്മയായി വേഷമിട്ട ഉര്‍വശിയെയും, അഞ്ജുവായെത്തിയ പാര്‍വതി തിരുവോത്തിനെയും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിലെണ്ടെന്നാണ് സൂചന. മോഹന്‍ലാല്‍ - ജിത്തു ജോസഫ് ചിത്രം 'നേരി'ലെ പ്രകടനത്തില്‍ അനശ്വര രാജനും പരിഗണനയിലുണ്ട്. ബ്ലെസി, ജിയോ ബേബി, ക്രിസ്റ്റോ ടോമി തുടങ്ങിയവര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാര പട്ടികയിലുണ്ട്.

160 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനുള്ളത്. ഇതില്‍ 84 സിനിമകള്‍ നവാഗത സംവിധായകരുടേതാണ്. തിയേറ്ററില്‍ റിലീസാകാത്ത, എന്നാല്‍ രാജ്യാന്തര മേളകളില്‍ അടക്കം ശ്രദ്ധ നേടിയ ചിത്രങ്ങളും ജൂറിയുടെ മുന്നിലുണ്ട്. 

സ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. 

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സ്‌ക്രീനിംഗ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്.

2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.

state and National film award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES