നടന്‍ വിജയകുമാറിനെതിരെ പരാതിയുമായി മകള്‍ അര്‍ഥന ബിനു . വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രാവിലെ തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അര്‍ഥന പറയുന്നു. അമ്മയില്‍ നിന്ന് നിയമപരമായി വിവാഹമോചനം നേടിയിട്ടും വിജയകുമാര്‍ നിരന്തരം തങ്ങളെ ശല്യപ്പെടുത്തുകയാണെന്നും അര്‍ഥന കൂട്ടിച്ചേര്‍ത്തു. വിജയകുമാര്‍ വീടിന്റെ മതില്‍ ചാടി കടക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്‍ഥന വിവരം പുറത്തുവിട്ടത്.
'സഹായത്തിനായി 9:45 ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടന്‍ കൂടിയായ എന്റെ പിതാവ് വിജയകുമാറാണ് വീഡിയോയിലുള്ളത്. മതില്‍ ചാടിക്കടന്ന് ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന ശേഷം അദ്ദേഹം തിരികെ പോകുന്നതാണ് ഈ കാണുന്നത്.
എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചനം നേടിയവരാണ്. ഞാനും അമ്മയും സഹോദരിയും 85 വയസിന് മുകളില്‍ പ്രായമുള്ള എന്റെ അമ്മൂമ്മയ്ക്കൊപ്പം ഞങ്ങളുടെ മാതൃവീട്ടിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി അയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നു, നിരവധി തവണ പരാതി നല്‍കി. ഇന്ന് അയാള്‍ ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി. വാതില്‍ പൂട്ടിയിരുന്നതിനാല്‍ ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോള്‍ ഞാന്‍ അയാളോട് സംസാരിച്ചു
അയാള്‍ ജനലില്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു. താന്‍ പറയുന്ന സിനിമകളില്‍ അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിക്കുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. ജീവിക്കാന്‍ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാള്‍ ആരോപിച്ചു.
ഇപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞ എന്റെ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും, അമ്മയുടെ ജോലിസ്ഥലത്തും, സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും ഞാനും അമ്മയും അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത കേസ് കോടതിയില്‍ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.
എന്റെ ഇഷ്ടത്തിനാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്. ആരോഗ്യം അനുവദിക്കുന്നിടത്തോളം ഞാന്‍ അഭിനയിക്കുന്നത് തുടരും. ഒരു മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ അഭിനയിക്കുന്നതില്‍ നിന്ന് തടയാന്‍ അദ്ദേഹം കേസ് കൊടുത്തു. ഞാന്‍ ഷൈലോക്കില്‍ അഭിനയിച്ചപ്പോഴും അദ്ദേഹം കേസ് ഫയല്‍ ചെയ്തു. സിനിമ മുടങ്ങാതിരിക്കാന്‍, സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയിക്കുന്നതെന്ന് ഒപ്പിട്ടുകൊടുത്തു. എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ ഫയല്‍ ചെയ്ത കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.'- എന്നാണ് പോസ്റ്റില്‍ പറയുന്നത്.
മുദ്ദുഗൗ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചാണ് അര്‍ത്ഥന വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഷൈലോക്ക് എന്ന ചിത്രത്തിലും അഭിനയിച്ച അര്‍ത്ഥന തമിഴിലും തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.