കലാസംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ നിതിന്‍ ദേശായി അന്തരിച്ചു. ബുധനാഴ്ച രാവിലെ കര്‍ജാത്തിലെ എന്‍ ഡി സ്റ്റുഡിയോയിലാണ് നിതിന്‍ ദേശായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. അശുതോഷ് ഗോവാരിക്കര്‍, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം നിതിന്‍ ദേശായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുംബൈ കര്‍ജാത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള എന്‍.ഡി സ്റ്റുഡിയോയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി?ഗമനം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് നിതിന്‍ ദേശായി നാല് തവണ നേടിയിട്ടുണ്ട്. ബോളിവുഡില്‍ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഹം ദില്‍ ദേ ചുകേ സനം, ദേവദാസ്, ജോധ അക്ബര്‍, ലഗാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ അശുതോഷ് ഗോവാരിക്കറിന്റെ പാനിപ്പത്തായിരുന്നു അവസാന ചിത്രം. സിനിമയിലെ പ്രവര്‍ത്തനത്തിന് ഹോളിവുഡിലെ പ്രശസ്തമായ ആര്‍ട്ട് ഡയറക്ടേഴ്സ് ഗില്‍ഡ് ഫിലിം സൊസൈറ്റിയും അമേരിക്കന്‍ സിനിമാതേക്കും നിതിന്‍ ദേശായിയെ ആദരിച്ചിരുന്നു.
കലാസംവിധാനത്തിന് പുറമെ 2003ല്‍ 'ദേശ് ദേവി മാ ആശാപുര' എന്ന ചിത്രത്തിലൂടെ നിതിന്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു. രാജാ ശിവഛത്രപതി എന്ന മറാത്തി സീരിയലും നിര്‍മ്മിച്ചു. 2005-ലാണ് നിതിന്‍ എന്‍ഡി സ്റ്റുഡിയോ ആരംഭിക്കുന്നത്. 'ഹലോ ജയ് ഹിന്ദ്' (2011), 'അജിന്ത' (2012) തുടങ്ങിയ സിനിമകളും നിതിന്‍ സംവിധാനം ചെയ്തിട്ടുണ്ട്.