ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവന്നിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ തന്റെ ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുന്ന വീഡിയോ ദൃശ്യങ്ങള്‍ സംവിധായകന്‍ തന്നെയാണ് പങ്കുവെച്ചത്.
അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- ഒരു സുഹൃത്ത് എനിക്ക് ഇത് അയച്ചുതരിക ആയിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഹൃദയം തകര്‍ക്കുന്നു... വേറേ ഒന്ന് പറയന്‍ എല്ല ... ടെലിഗ്രാം വഴി ARM കാണേണ്ടവര്‍ കാണട്ടെ ... അല്ലെ എന്ത് പറയാനാണ്.'' ജിതിന്റെ കുറിപ്പ് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
എന്തായാലും ഇങ്ങനെയുള്ള പ്രവൃത്തികളിലൂടെ സിനിമയെ നശിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി ആവശ്യമാണെന്ന് കൂടുതല്‍ ആളുകളും പറയുന്നു.ടൊവിനോ തോമസ് മൂന്ന് ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന് വലിയ രീതിയില്‍ ഉള്ള പിന്തുണയാണ് തിയറ്ററില്‍ കിട്ടുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല ചിത്രമായിട്ടാണ് എആര്‍എം വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ഒരു സംവിധായകന്റെ എട്ട് വര്‍ഷത്തെ സ്വപ്നമാണ് ഈ സിനിമ. വലിയ മുതല്‍മുടക്കില്‍ വര്‍ഷങ്ങളെടുത്ത് ഒരുക്കിയതാണ് ഈ ചിത്രമെന്നും എആര്‍എം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അതിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ആരാണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും ലിസ്റ്റിന്‍ പ്രതികരിച്ചു.
കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെയും ഇതിനെതിരെ ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചിട്ടുണ്ട്. 'നന്ദി ഉണ്ട്... ഇങ്ങനെ പ്രചരിപ്പിക്കുന്നത്തില്‍ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബില്‍ കയറാന്‍ പോകുന്ന സിനിമയുടെ അവസ്ഥയാണ് ! വീട്ടില്‍ ഇരുന്ന് തിയേറ്റര്‍ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റും ചെയ്യുന്നു.
150 ദിവസങ്ങള്‍ക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍, 8 വര്‍ഷത്തെ സംവിധായകന്‍ - തിരക്കഥാകൃത്തിന്റെ സ്വപ്നം , ഇന്‍വെസ്റ്റ് ചെയ്ത നിര്‍മാതാക്കള്‍ , 100ല്‍ അധികം വരുന്ന ടീമിന്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതല്‍ ആയി വേറെ എന്തു പറയാനാ? ഈ നേരവും കടന്നു പോവും. കേരളത്തില്‍ 90% എആര്‍എം കളിക്കുന്നതും 3ഡി ആണ്, 100% തിയേറ്റര്‍ എക്‌സ്പീരിയന്‍സ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്,' എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.