താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരെ കടുത്ത വിമര്‍ശനം നടത്തി നടന്‍ അനൂപ് ചന്ദ്രന്‍. ഒരു അഭിമുഖത്തിലാണ് അനൂപ് ചന്ദ്രന്‍ ഫഹദിനെ വിമര്‍ശിച്ചത്.
അനൂപിന്റെ വാക്കുകള്‍ ഇങ്ങനെ:
അമ്മയില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റെയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്.
മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. ഒരുമിച്ച് നടന്ന് പോകുന്നവര്‍,കാലിടറി വീഴുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്.
ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകയാണ്. അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് എന്നും അഭിമുഖത്തില്‍ അനൂപ് ചന്ദ്രന്‍ ആരോപിച്ചു.
എമ്പുരാന്റെ' ചിത്രീകരണം നടക്കുന്നത് ഇന്ത്യയ്ക്ക് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു.
എല്ലാ തരത്തിലും സംഘടനയുമായി സഹകരിക്കുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. നിങ്ങളുടെ സിനിമയില്‍ അസോസിയേഷനിലെ ഇന്ന ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധികക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷററാണ്
കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃതത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവര്‍ക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെഎല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല- അനൂപ് ചന്ദ്രന്‍ പറഞ്ഞു..
എന്നാല്‍ ഈ അഭിമുഖം വാര്‍ത്തയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അനൂപിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. ഫഹദിന്റെ ശമ്പളം എന്ത് ചെയ്യണം എന്നത് ഫഹദിന്റെ തീരുമാനമല്ലെ അതില്‍ അഭിപ്രായം പറയാമോ എന്നാണ് പലരും ചോദിക്കുന്നത്. ഒപ്പം തന്നെ അമ്മ വഴി മാത്രമാണോ ചാരിറ്റി നടത്താന്‍ പറ്റു എന്നും ചോദ്യം ഉയരുന്നുണ്ട്.