റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' എന്ന സിനിമ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണെന്ന് നടി ആന്‍ അഗസ്റ്റിന്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്. 'കണ്ടു കഴിഞ്ഞാല്‍ മറന്നുപോകുന്ന സിനിമയല്ല 'പാതിരാത്രി'. നമ്മളെ പിന്തുടരുന്ന എന്തോ ഒന്ന് അതിലുണ്ട്. സിനിമ കണ്ടു വീട്ടിലെത്തിയാലും അതിനെക്കുറിച്ച് നമ്മള്‍ വീണ്ടും ആലോചിക്കും. സിനിമയിലെ കഥാപാത്രങ്ങളെയും ആ സ്ഥലത്തെയും കുറിച്ച് ഓര്‍ക്കും. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ കഥയുണ്ട്. ഈ സിനിമയിലെ സ്ഥലവും കാലാവസ്ഥയുമൊക്കെ ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്,' ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.
കണ്‍വെന്‍ഷനല്‍ പൊലീസ് സ്റ്റോറികളില്‍ നിന്ന് വ്യത്യസ്തമായി, അന്വേഷണത്തിനിടയില്‍ കടന്നുവരുന്ന സംഭവങ്ങളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ചിത്രമാണ് 'പാതിരാത്രി'. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന കോണ്‍സ്റ്റബിള്‍ ഹരീഷ്, നവ്യ നായര്‍ അവതരിപ്പിക്കുന്ന പ്രബേഷണറി എസ്.ഐ. ജാന്‍സി കുര്യന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഹരിശ്രി അശോകന്‍, സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയ രാജന്‍, ഇന്ദ്രന്‍സ്, അച്യുത് കുമാര്‍, ശബരീഷ് വര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ മുന്നോട്ട് പോകാന്‍ കഴിയാതെ സ്റ്റക്കായിപ്പോകുന്ന, എന്ത് ചെയ്യണമെന്നറിയാതെ വലയുന്ന മനുഷ്യരുണ്ട്. ചില സാഹചര്യങ്ങള്‍ കാരണം ഇങ്ങനെയായി പോകുന്നവരാണ് അവര്‍. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്.
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റും കാണുന്നവരാണ്. ഈ മൂന്നുപേരില്‍ ആരുടെയെങ്കിലും ജീവിത സാഹചര്യങ്ങളിലൂടെ നമ്മള്‍ കടന്നുപോയിട്ടുണ്ടാകാം,' എന്നാണ് നവ്യ നായര്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 'ഇലവഴാ പൂഞ്ചിറ'ക്ക് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. കെ.വി.അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.