രണ്ടു വര്‍ഷം മുമ്പ് വൈറലായ ഒരു വാര്‍ത്ത ആയിരുന്നു എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ നടി അഞ്ജു കൃഷ്ണ അറസ്റ്റിലായി എന്നത്. ഇടപ്പള്ളിയില്‍ വച്ച് നാടക നടിയായ അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായതെങ്കിലും വൈറലായതു മുഴുവന്‍ സിനിമാ നടിയായ അഞ്ജു കൃഷ്ണയുടെ ചിത്രങ്ങളാണ്. പല മാധ്യമ വാര്‍ത്തകളിലും അഞ്ജു കൃഷ്ണാ അശോകിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ എത്രയും പെട്ടെന്ന് ആ ടാഗുകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട അഞ്ജു ഇപ്പോഴിതാ, രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ വിവാഹ വാര്‍ത്തയുമായാണ് രംഗത്തു വന്നിരിക്കുന്നത്.
ഇന്ന് റമദാന്‍ നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് നടിയുടെ വിവാഹം നടന്നിരിക്കുന്നത്. സിംപിള്‍ സെറ്റുസാരിയില്‍ സുന്ദരിയായി എത്തിയ അഞ്ജു കണ്ണനെ തൊഴുത് പ്രിയപ്പെട്ടവന്റെ കൈകോര്‍ത്തു പിടിച്ചാണ് താലികെട്ടാന്‍ എത്തിയത്. മോഡലിങ് രംഗത്ത് സജീവമായിരുന്ന അഞ്ജു കൃഷ്ണ അശോക് ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്റ് സുമേഷ് തുടങ്ങിയ ചിത്രങ്ങളിലും കായ്‌പോളയില്‍ നായികയായും വേഷമിട്ടിട്ടുണ്ട്. ഇടുക്കിയില്‍ ജനിച്ച് കോട്ടയത്ത് വിദ്യാഭ്യാസം നേടിയ നടിയാണ് അഞ്ചു.
2019 ലെ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരളയാണ് അഞ്ജു കൃഷ്ണ അശോക്. 2020 ല്‍ മിസ്സ് മില്ലേനിയല്‍ ടോപ് മോഡല്‍ ഫസ്റ്റ് റണ്ണറപ്പ് ആയി. 2021 ലെ സ്റ്റാര്‍ മിസ്സ് ഫേസ് ഓഫ് ഇന്ത്യയിലും അഞ്ജു കൃഷ്ണ അശോക് പങ്കെടുത്തിട്ടുണ്ട്. മോഡലിങിലൂടെയും സൗന്ദര്യ മത്സരത്തിലൂടെയും കരിയര്‍ ആരംഭിച്ച അഞ്ജു കൃഷ്ണ അശോക് കോട്ടയത്താണ് വളര്‍ന്നതെല്ലാം. മൗണ്ട്കാര്‍മല്‍ ഗേള്‍സ് ഹൈസ്‌കൂളിലും ഇഎംഎസ് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷനില്‍ നിന്നുമാണ് ഫാഷന്‍ ഡിസൈനിങ് പഠിച്ചത്.
2019ലാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെ അഞ്ജു കൃഷ്ണ അശോകിന്റെ അഭിനയാരങ്ങേറ്റം. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ കൂട്ടുകാരിയായ രമയായി എത്തി. സുമേഷ് ആന്റ് രമേഷ് എന്ന ചിത്രത്തിലാണ് ആദ്യമായി അഞ്ജു നായികയായി അഭിനയിച്ചത്. ആ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള കലാഭവന്‍ മെമ്മോറിയല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
2023 മാര്‍ച്ചിലാണ് നടിയ്ക്കെതിരായ വ്യാജ വാര്‍ത്ത പുറത്തു വന്നത്. തുടര്‍ന്നാണ് ആ നാടക നടി താനല്ലെന്ന വിശദീകരണവുമായി അഞ്ജു രംഗത്തു വന്നത്. പേരിലെ സാമ്യമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചതെന്നും കാര്യമറിയാതെ മാധ്യമസ്ഥാപനങ്ങള്‍ അടക്കം തന്നെ ടാഗ് ചെയ്യുകയാണ് എന്നുമാണ് നടി പറഞ്ഞത്. തുടര്‍ന്ന ്ഇന്‍സ്റ്റഗ്രാമിലാണ് അഞ്ജു കൃഷ്ണ വിശദീകരണ കുറിപ്പിറക്കിയത്. തന്നെ ടാഗ് ചെയ്തത് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.
ലഹരിമരുന്ന് ഇടപാട് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നാടക നടിയായ അഞ്ജു പിടിയിലായത്. കൂടെയുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ സുഹൃത്ത് ഷമീര്‍ ഓടി രക്ഷപ്പെട്ടു. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് കണ്ടെത്തിയത്. 2022 നവംബറിലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ രാസലഹരി ഉപയോഗം നടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഗരമാണ് കൊച്ചി. ലഹരി ഇടപാടുകള്‍ക്കും പാര്‍ട്ടികള്‍ക്കും തടയിടാന്‍ പ്രത്യേക ദൗത്യസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.