മനോഹരമായ ശബ്ദവും പുഞ്ചിരിയുമാണ് അഞ്ജു ജോസഫ് എന്ന ഗായികയെ മലയാള സംഗീത പ്രേമികള്‍ക്ക് പ്രിയങ്കരിയാക്കിയത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ നിഷ്‌കളങ്കമായ ചിരിയ്ക്ക് മാറ്റങ്ങളൊന്നും വന്നിട്ടില്ലായെന്നതാണ് അഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇക്കാലത്തിനുള്ളില്‍ ഒട്ടേറെ വേദനകളും കണ്ണീരും ഉണ്ടായിട്ടും അതിനെയെല്ലാം മറികടക്കാന്‍ അഞ്ജുവിനെ സഹായിച്ചത് ആദിത്യന്‍ എന്ന നിഷ്‌കളങ്കനായ ഈ മലയാളി പയ്യന്റെ കൂട്ടാണ്. അപ്രതീക്ഷിതമായി അഞ്ജുവിന്റെ ജീവിതത്തിലേക്ക് വന്ന ആദിത്യന്‍ പിന്നീട് അവളുടെ മനസിന്റെ ഏറ്റവും വലിയ ആശ്വാസമായി തന്നെ മാറുകയായിരുന്നു.
ആലപ്പുഴക്കാരനാണ് ആദിത്യന്‍ പരമേശ്വരന്‍ എന്ന ഹിന്ദു പയ്യന്‍. അഞ്ജു കോട്ടയം കാഞ്ഞിരപ്പള്ളിക്കാരിയും. മതവും ജാതിയും നോക്കിയുള്ള പ്രണയത്തിനും ജീവിതത്തിനും ഒന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന് തിരിച്ചറിഞ്ഞ കാലമായിരുന്നു അഞ്ജുവിന് കഴിഞ്ഞു പോയത്. അതുകൊണ്ടു തന്നെ, മനസിനിണങ്ങിയ, അഞ്ജുവിനെ പോലെ തന്നെ നിഷ്‌കളങ്കനായ, അല്ലെങ്കില്‍ അഞ്ജുവിനേക്കാള്‍ പാവത്താനായ ഒരു പയ്യനെ കണ്ടു മുട്ടിയപ്പോള്‍ അവന്‍ മനസിലേക്ക് കയറിപ്പറ്റാന്‍ പിന്നെ അധിക കാലമൊന്നും വേണ്ടിവന്നില്ല. അച്ഛന്റെയും അമ്മയുടേയും ഏകമകനായ ആദിത്യന്‍ ബാംഗ്ലൂരിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.
അവിടെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ഈ 32കാരന്‍. ട്രാന്‍സ്പോര്‍ട്ട് പ്ലാനിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി രംഗത്താണ് ആദിത്യ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ബി ടെക് പാസായ ആദിത്യ കര്‍ണാടക എന്‍ഐടിയില്‍ നിന്നാണ് സിവില്‍ എഞ്ചിനീയറിംഗ് ട്രാന്‍സ്പോര്‍ട്ടില്‍ എംടെക് നേടിയത്. ബാംഗ്ലൂരിലെ ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ടിലും ആര്‍ക്കഡീസിലും എല്ലാം പ്രവര്‍ത്തിച്ച ആദിത്യ ഇപ്പോള്‍ കെപിഎംജി ഇന്ത്യ ആന്റ് യുകെയില്‍ 2022 മുതല്‍ കണ്‍സള്‍ട്ടന്റ് ആന്റ് അഡ്വാന്‍സ്ഡ് അസിസ്റ്റന്‍ മാനേജരായി ജോലി ചെയ്യുകയാണ്. മാത്രമല്ല, കോസ്റ്റല്‍ ക്ലീനപ്പ് മിഷന്‍, കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മാരത്തോണ്‍ തുടങ്ങി ഒട്ടനേകം സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനെല്ലാം ഉപരി നല്ലൊരു ഗായകന്‍ കൂടിയാണ് ആദിത്യ. അതുതന്നെയാണ് അഞ്ജുവിനെയും ആദിത്യനേയും തമ്മില്‍ അടുപ്പിച്ചതും. ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ലൂടെ എത്തിയ അഞ്ജുവിന്റെ ആദ്യ വിവാഹത്തിലേക്ക് നയിച്ച പ്രണയവും മൊട്ടിട്ടത് അവിടെ വച്ചായിരുന്നു. അഞ്ചു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. സംഗീതവും പഠനവും എല്ലാം ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോയ അഞ്ജു ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ എംഎ നേടുകയും ചെയ്തു. ആദ്യ വിവാഹത്തിന് വീട്ടുകാരുടെ ചെറിയ എതിര്‍പ്പ് ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം മറികടന്ന് 2013ല്‍ അഞ്ജുവും അനൂപും വിവാഹിതരായെങ്കിലും അധികം വൈകാതെ തന്നെ വേര്‍പിരിയുകയും ചെയ്തു. ഇതോടെ ആകെ തകര്‍ന്നു പോവുകയായിരുന്നു അഞ്ജു.
പിന്നീട് ജീവിതത്തിലും കരിയറിലുമെല്ലാം തോറ്റുപോയി എന്ന ചിന്തയായി. രണ്ടു തവണ ഡിപ്രഷന്‍ അടക്കം പല പ്രശ്‌നങ്ങളും അനുഭവിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്ന നാളുകളിലാണ് തെറാപ്പികളിലൂടെയും സുഹൃത്തുക്കളിലൂടെയും ആശ്വാസം നേടുന്നതിനിടെ ആദിത്യനെ കണ്ടുമുട്ടുന്നതും പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുന്നതും.