മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രികാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത് . അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്.ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരികളില്ലായിരുന്നു. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് എത്തുന്നത്.
അതേസമയം അമ്മ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്. സിദ്ദിക്ക്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍.
രണ്ട് പതിറ്റാണ്ടിലധികമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകാന്‍ ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 30 ന് ആണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചത്.
മൂന്നുകൊല്ലത്തില്‍ ഒരിക്കലാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം മുപ്പതിന് കൊച്ചിയിലാണ് ഇത്തവണത്തെ പൊതുയോഗം. ഈ മാസം മൂന്നുമുതലാണ് വിവിധ തലങ്ങളില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് പത്രിക സ്വീകരിച്ചുതുടങ്ങിയത്. വോട്ടിംഗിന് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയില്‍ ഉള്ളത്.കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് തിരഞ്ഞെടുപ്പ്.
ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ മോഹന്‍ലാല്‍ അമ്മയെ നയിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു.സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ഉയര്‍ന്നു. ഗണേഷും മുകേഷുമായിരുന്നു വൈസ് പ്രസിഡന്റുമാര്‍. മോഹന്‍ലാലിനെതിരെ ആരും മത്സരിക്കാനില്ലാത്തതിനാല്‍ ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. ഇത്തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമില്ല.
പതിനൊന്നംഗ എക്‌സിക്യൂട്ടീവിലേക്ക് പന്ത്രണ്ട് പേര്‍ പത്രിക നല്‍കി. അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റൊണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, വിനുമോഹന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് മല്‍സരിക്കുന്നത്.