അല്ലു അര്ജുന് നായകനായ പുഷ്പയുടെ രണ്ടാം ഭാഗം, പുഷ്പ 2 ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന് തിരക്കിലാണ് അല്ലു അര്‍ജുനും നായികയായ രശ്മിക മന്ദാനയും. പ്രമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു. പുഷ്പ 2ല്‍ പ്രതിനായകനായി മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പ്രമോഷനെത്തിയ താരങ്ങള്‍ക്കൊപ്പം ഫഹദ് ഫാസില്‍ എത്താത്താണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
പുഷ്പയുടെ പ്രമോഷന് വേണ്ടി വന്നിട്ട് ഫഫയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് അല്ലു അര്‍ജുനും പറയുകയുണ്ടായി. 'നടന്റെ വാക്കുകള്‍ ഇങ്ങനെ;
എന്റെ സിനിമ ജീവിതത്തില്‍ ആദ്യമായി ഞാനൊരു മികച്ച മലയാളം നടനൊപ്പം മുഴുനീള വേഷം ചെയ്തു, നമ്മുടെ ഫഫ. ഇന്ന് ഫഫയെ കാണാത്തതില്‍ ഞാന്‍ വളരെ അധികം മിസ്സ് ചെയ്യുന്നുണ്ട്. ഇന്നിവിടെ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയെങ്കില്‍ അത് ഐക്കോണിക് ആയേനെ. എന്റെ സഹോദര, നന്ദി. ഞാന്‍ മലയാളികളോട് അടിവരയിട്ടു പറയുന്നു, പുഷ്പ 2 യില്‍ ഫഹദ് ഫാസില്‍ റോക്ക് ചെയ്തിട്ടുണ്ട്. നിങ്ങളെ എല്ലാം അദ്ദേഹം പ്രൗഡാക്കും. എന്റെ വാക്ക് നോട്ട് ചെയ്തു വച്ചോളൂ' എന്നാണ് അല്ലു അര്ജുന് പറഞ്ഞത്.
അതോടൊപ്പം ചിത്രത്തിലെ ഒരു ഗാനം തുടങ്ങുന്നത് മലയാളം വരികളോടെയാണെന്നും അല്ലു അര്ജുന് പറഞ്ഞു. ആറു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ടെങ്കിലും അതിലെല്ലാം ഈ വരികള്‍ മലയാളത്തില്‍ തന്നെയാകും വരികയെന്ന് അല്ലു അര്ജുന് പറഞ്ഞു.മലയാളികളോടുള്ള തന്റെ സ്നേഹം അടയാളപ്പെടുത്താനുള്ള ചെറിയ പരിശ്രമമാണിതെന്നും അല്ലു അര്ജുന് വ്യക്തമാക്കി. പുഷ്പരാജായി അല്ലു അര്ജുനെത്തുമ്പോള് ഭന്‍വര്‍ സിങ് ഷെഖാവത്തായാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുക. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.