Latest News

വഴങ്ങിയാല്‍ അവസരം, ഇല്ലെങ്കില്‍ വീട്ടിലിരുന്നോളൂ എന്ന് പറഞ്ഞു; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; മുകേഷിനെതിരെയും ആരോപണം

Malayalilife
 വഴങ്ങിയാല്‍ അവസരം, ഇല്ലെങ്കില്‍ വീട്ടിലിരുന്നോളൂ എന്ന് പറഞ്ഞു; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; മുകേഷിനെതിരെയും ആരോപണം

സിനിമാ മേഖലയിലെ തുറന്നു പറച്ചിലുകള്‍ തുടരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യ രംഗത്തുവന്നു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.

''അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അമല എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായി''- സന്ധ്യ വ്യക്തമാക്കി.

പ്രശസ്തരായ കുറെ നായികമാര്‍ ഈ വഴി വന്നവരാണെന്നും. കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും വിച്ചു ഫോണിലൂടെ തന്നോട് പറഞ്ഞതായും സന്ധ്യ വെളിപ്പെടുത്തി. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുള്ളുവെന്ന് വിച്ചു പറഞ്ഞുവെന്നും ആരോപിക്കുന്നു.

ഒരു വര്‍ഷമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. അഭിനയം പാഷനാണ്, കുറച്ച് വര്‍ഷമായി ഇതിന് വേണ്ടി പരിശ്രമിക്കുകയാണ്. കാസ്റ്റിങ് ഡയറക്ടര്‍മാര്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് തുടങ്ങിയവരെ ബന്ധപ്പെടുമ്പോള്‍ നമ്മുടെ വിവരങ്ങള്‍ ചോദിക്കും. ഫോട്ടോസ് ചോദിക്കും. പക്ഷേ നമ്മുടെ കഥാപാത്രത്തെക്കുറിച്ചോ, പ്രൊജക്ടിനെ കുറിച്ചോ ചോദിക്കുമ്പോള്‍ അവര്‍ സംസാരിക്കാന്‍ തയ്യാറാകില്ല. എക്സ്പോസിങ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറാണോ, എക്സ്പോസിങ് സീനുകള്‍ അഭിനയിക്കാന്‍ തയ്യാറാണോ, നിങ്ങള്‍ക്ക് ബോള്‍ഡ് സീനുകള്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. അതില്‍ പറ്റില്ലെന്ന് പറയുമ്പോള്‍ കാസ്റ്റിങ് കൗച്ചിന് തയ്യാറാണോ, അഡ്ജസ്റ്റിന് തയ്യാറാണോയെന്ന് ചോദിക്കും. ചില ആളുകള്‍ എക്സ്പോസിങ്ങ് ഫോട്ടോ ചോദിക്കും. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ ചാന്‍സ് കിട്ടുള്ളു, അല്ലെങ്കില്‍ പാഷനും പിടിച്ച് വീട്ടിലിരിക്കാമെന്ന് പറയും’; സന്ധ്യ പറഞ്ഞു.

പ്രതിഫലത്തിന്റെ കാര്യത്തിലും വിലപേശല്‍ നടത്തേണ്ടി വരുമെന്നും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. കണ്ണന്‍ദേവന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ 8000 ശമ്പളം പറഞ്ഞിട്ട് 2500 ആണ് തന്നത്. ഈ മേഖലയിലെ പലര്‍ക്കും മോശം ഉദ്ദേശ്യമാണുള്ളതെന്നും പുരുഷാധിപത്യമുള്ള മേഖലയാണിതെന്നും സന്ധ്യ പറഞ്ഞു. പാഷന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും നല്ല വേഷങ്ങളാണെങ്കില്‍ ചെയ്യുമെന്നും വ്യക്തമാക്കിയ സന്ധ്യ തെറ്റായ രീതിയില്‍ അവസരങ്ങള്‍ വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പരസ്യ ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകന്‍ ചാറ്റ് ചെയ്തു, എറണാകുളത്ത് വന്നാല്‍ കാണാമെന്ന് പറഞ്ഞു. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടില്ലെന്നും സന്ധ്യ പറഞ്ഞു.

നടനും എംഎല്‍എയുമായ മുകേഷിനെതിരെയും സന്ധ്യ ആരോപണം ഉന്നയിച്ചു. മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി. വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി.

Read more topics: # സന്ധ്യ
allegation against mukesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES