ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ നടി ഐശ്വര്യ ഭാസ്കരന്. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ, അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവര്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചാണ്് ഇതിനെതിരെ പ്രതികരിച്ചത്.
സോപ്പുകളും ബ്യൂട്ടി പ്രൊഡക്ട്സും വിറ്റാണ് താരമിപ്പോള്‍ ജീവിക്കുന്നത്. ഓണ്‍ലൈനിലൂടെ പ്രൊഡക്ട്സ് ഓര്‍ഡര്‍ ചെയ്യാന്‍ രണ്ട് ഫോണ്‍ നമ്പരുകള്‍ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. രാവിലെ ഒന്പതുമുതല് രാത്രി ഒന്പതുവരെ അതില്‍ വിളിച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നും ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ രാത്രി പതിനൊന്ന് മണിക്കൊക്കെ ചിലര്‍ അശ്ലീല സന്ദേശം അയക്കുകയാണ്. ശല്യം തുടര്‍ന്നതോടെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ നടി രംഗത്തെത്തിയത്.
'വയസായെങ്കിലും ശരീരം ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ' എന്നൊക്കെ ചോദിച്ചാണ് ചിലര്‍ മെസേജ് അയക്കുന്നത്. ഒരാള്‍ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോയെടുത്ത് അയച്ചു. രാധാകൃഷ്ണന് എന്നൊരാള്‍ രാത്രി പതിനൊന്നരയ്ക്ക് പേഴ്സണലായി വീട്ടില്‍ വന്ന് സോപ്പ് കാണട്ടെയെന്ന് ചോദിച്ചു. ഭര്‍ത്താവില്ലാതെ ജീവിക്കുന്നവരെ കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പൂരി അടിക്കണമെന്ന് ഐശ്വര്യ പറയുന്നു.<
സൈബര്‍ സെല്ലിലും പൊലീസിലും പരാതി നല്‍കിയിട്ടില്ല. ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും മകളോട് ചോദിച്ചപ്പോള്‍ വീഡിയോ ചെയ്യണമെന്ന് അവള് പറഞ്ഞെന്നും ഐശ്വര്യ പറയുന്നു. ഐശ്വര്യ വിവാഹ മോചിതയാണ്.
ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്....
''എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. ആ ധൈര്യം എനിക്കുണ്ടെന്നും അവള്‍ക്കറിയാം. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം. രാധാകൃഷ്ണന് എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണം.
ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന് റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര് എന്റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്.'-ഐശ്വര്യ പറഞ്ഞു.