ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ച് ഓളം തീര്‍ത്ത നടി. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ വിവാഹവും ദാമ്പത്യവും. എന്നാല്‍ ചീട്ട് കൊട്ടാരം പോലെ ആ ജീവിതം തകര്‍ന്നടിഞ്ഞു. എല്ലാം ഒരു 13 വര്‍ഷത്തിനുള്ളില്‍ തന്നെ. രാവണപ്രഭുവിലെ പൊട്ട് കുത്തടി പുടവ ചുറ്റടി എന്ന ഗാനത്തിലൂടെയും ദുബായിലെ സൂസന്നയായും കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ 'മൊയ്തൂട്ടി ഹാജി'യുടെ ആദ്യ ഭാര്യ ഫാത്തിമയായും എല്ലാം അഭിനയിച്ച നടി വിന്ധ്യയുടെ സ്വകാര്യ ജീവിതമാണ് ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞത്. അതിനു പിന്നിലെ കാരണങ്ങളും അതിനു ശേഷം വിന്ധ്യ ചെന്നെത്തിയ സ്ഥലങ്ങളും ഒക്കെയാണ് നടിയുടെ ജീവിതം മാറ്റിമറിച്ചതും ഇപ്പോള്‍ ശ്രദ്ധ നേടുവാന്‍ കാരണമായതും.
1980ല്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് വിന്ധ്യ ജനിച്ചത്. 19ാം വയസില്‍ നടന്‍ റഹ്മാന്റെ നായികയായി തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. അന്ന് മറ്റാര്‍ക്കും ലഭിക്കാത്ത പ്രതിഫലമായിരുന്നു വിന്ധ്യയ്ക്ക് ലഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം. അതിനു ശേഷം തമിഴിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഓരോ വര്‍ഷവും നാലും അഞ്ചും ആറുമായി കൈനിറയെ ചിത്രങ്ങളും. പിന്നാലെയാണ് ദുബായ് എന്ന സിനിമയില്‍ മമ്മൂക്കയ്ക്കൊപ്പം സൂസന്നയായും രാവണപ്രഭുവില്‍ പൊട്ടു കുത്തെടി പുടവ ചുറ്റടി എന്ന സൂപ്പര്‍ ഗാനത്തില്‍ ഐറ്റം ഡാന്‍സറായും എത്തിയത്.
അതിലെല്ലാം ഉപരി വിന്ധ്യയെ ശ്രദ്ധേയയാക്കിയത് കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ശ്രീനിവാസന്റെ 'മൊയ്തൂട്ടി ഹാജി'യെന്ന കഥാപാത്രത്തിന്റെ ആദ്യ ഭാര്യയായ ഫാത്തിമയായി എത്തിയതാണ്. പിന്നീട് മലയാളത്തിലേക്ക് കണ്ടില്ലെങ്കിലും തമിഴില്‍ സജീവമായിരുന്നു. അങ്ങനെയിരിക്കെ 28ാം വയസിലാണ് നടി ഭാനുപ്രിയയുടെ സഹോദരനായ ഗോപാലകൃഷ്ണനെ വിവാഹം കഴിക്കുന്നത്. തികച്ചും അറേഞ്ച്ഡ് മാര്യേജായിരുന്നു ഇവരുടേത്. 2008 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. അതിനു ശേഷം പൂര്‍ണമായും വീട്ടമ്മയായി ഒതുങ്ങിയ വിന്ധ്യ നാലാം വര്‍ഷം ആ ചരടുപൊട്ടിച്ച് 2012ല്‍ വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു.
പിന്നാലെ സിനിമയും അഭിനയവും എല്ലാം ഉപേക്ഷിച്ച് വിന്ധ്യ സജീവമായി ഇറങ്ങിയത് രാഷ്ട്രീയത്തിലേക്ക് ആയിരുന്നു. ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വിന്ധ്യ രാഷ്ട്രീയപ്രവര്‍ത്തനത്തിലും സജീവമായി. ഇപ്പോള്‍ എഐഎഡിഎംകെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയാണ് വിന്ധ്യ. ഈ പദവിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ജി.ആര്‍. തന്റെ പ്രിയങ്കരിയായ ജയലളിതയ്ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കാനായി സൃഷ്ടിച്ചെടുത്തതാണ് ഈ പദവി. അവിടെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ജയ ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറുകയും അവിടെനിന്നും തുടങ്ങിയ വളര്‍ച്ച അവരെ ആറു തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തിക്കുകയും ചെയ്തു. ആ ജയയോടുളള ആരാധനയും ആദരവുമാണ് വിന്ധ്യയെ അഭിനയവും ദാമ്പത്യവും ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്താന്‍ പ്രേരിപ്പിച്ചത്. പിന്നീട് ജയലളിതയ്ക്ക് മകളെപോലെയായി മാറിയ വിന്ധ്യ പൊതുപ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു.
വേനല്‍ക്കാലത്ത് വിന്ധ്യ തന്റെ ചന്ദ്രഗിരി തോട്ടത്തില്‍ നിന്നുളള മാമ്പഴങ്ങള്‍ ജയലളിതയ്ക്ക് വീട്ടില്‍ ചെന്ന് സമ്മാനിക്കുമായിരുന്നു. അതേറെ ഇഷ്ടവുമായിരുന്നു ജയലളിതയ്ക്ക്. മരണശേഷവും അവര്‍ പതിവ് മുടക്കിയില്ല. മറീനാ ബീച്ചിലെ ജയയുടെ ശവകുടീരത്തില്‍ പതിവായി മാമ്പഴക്കൊട്ടകള്‍ സമര്‍പ്പിച്ചു. പലപ്പോളും കാക്കകള്‍ ആ മാമ്പഴം കൊത്തിപ്പെറുക്കുന്നത് അകലെ മാറി തൊഴുകൈയോടെ നോക്കി നില്‍ക്കുമായിരുന്നു വിന്ധ്യ. ജയയുടെ മരണശേഷം രാഷ്ട്രീയത്തില്‍ നിന്നും മാറിനിന്ന വിന്ധ്യയെ സിനിമയിലും ദാമ്പത്യത്തിലും തുണയ്ക്കാതെ പോയ ഭാഗ്യം രാഷ്ട്രീയത്തില്‍ തുണയ്ക്കുമോ എന്നാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉറ്റു നോക്കുന്നത്.