Latest News

മലയാളത്തിന്റെ മുഖശ്രീയായി തിളങ്ങിയ നായിക; സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്ത് വളര്‍ന്നു; ക്യാന്‍സര്‍ ബാധിച്ച് ഒറ്റപ്പെട്ടു; തിരക്കഥ എന്ന ചിത്രത്തിലൂടെ പറഞ്ഞ ജീവിതം; നടി ശ്രീവിദ്യ ഓര്‍മ്മയായി 14 വര്‍ഷങ്ങള്‍

Malayalilife
മലയാളത്തിന്റെ മുഖശ്രീയായി തിളങ്ങിയ നായിക; സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്ത് വളര്‍ന്നു; ക്യാന്‍സര്‍ ബാധിച്ച് ഒറ്റപ്പെട്ടു; തിരക്കഥ എന്ന ചിത്രത്തിലൂടെ പറഞ്ഞ ജീവിതം; നടി ശ്രീവിദ്യ ഓര്‍മ്മയായി 14 വര്‍ഷങ്ങള്‍

ലയാളത്തിന്റെ ശ്രീ എന്ന് വിശേഷിപ്പിക്കപ്പെട്ട നായികയായിരുന്നു ശ്രീവിദ്യ. സൗന്ദര്യവും അഭിനയവും ഒരുപോലെ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു അവര്‍. കാന്‍സറിന്റെ പിടിയില്‍ ശ്രീവിദ്യ വിടവാങ്ങി ഇന്ന് 14 വര്‍ഷം തികയുകയാണ്. ഒരു നടിയുടെ ജീവിതം എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ശ്രീവിദ്യയുടെ ജീവിതം. 

ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും പ്രശസ്തഗായിക എം.എല്‍. വസന്തകുമാരിയുടേയും മകളായി തമിഴ്നാട്ടിലെ മദ്രാസിലാണ് (ചെന്നൈ) ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്. 13-ആം വയസ്സില്‍ 'തിരുവുള്‍ ചൊല്‍വര്‍' എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്. 'അമ്പലപ്രാവ്' എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെണ്‍കുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.

1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത 'ചട്ടമ്ബിക്കവല' എന്ന ചിത്രത്തില്‍ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സില്‍ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പ്രശസ്തപുണ്യപുരാണചിത്രമായ 'അംബ അംബിക അംബാലികയിലെ' വേഷവും ശ്രദ്ധേയമായി. 'സൊല്ലത്താന്‍ നിനക്കിറേന്‍', 'അപൂര്‍വരാഗങ്ങള്‍' എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 'ചെണ്ട', 'ഉത്സവം', 'തീക്കനല്‍', 'ഇടവഴിയിലെ മിണ്ടാപ്പൂച്ച', 'വേനലില്‍ ഒരു മഴ', 'ആദാമിന്റെ വാരിയെല്ല്', 'എന്റെ സൂര്യപുത്രിക്ക്' എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉള്‍പ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അഭിനയിച്ചതു് മലയാളത്തിലാണ് .

'അയലത്തെ സുന്ദരി' എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയുമായി അവര്‍. രചന,ദൈവത്തിന്റെ വികൃതികള്‍, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ശ്രീവിദ്യയെ തേടിയെത്തി. മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സത്യന്‍- ശാരദ, നസീര്‍- ഷീല ജോഡികള്‍ പോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു മധു-ശ്രീവിദ്യ ജോഡി. ചെണ്ട,തീക്കനല്‍,അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നീ ചിത്രങ്ങളിലെ മധു-ശ്രീവിദ്യ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ നിര്‍മ്മാതാവായിരുന്ന ജോര്‍ജ്ജ് തോമസുമായി പ്രണയത്തിലായി . 1979ല്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ മൂലം വേര്‍പിരിഞ്ഞു. 1999 ഏപ്രിലില്‍ ആ ബന്ധം വിവാഹമോചനത്തില്‍ അവസാനിച്ചു.

അമ്മയെപ്പോലെ ഒരു പാട്ടുകാരിയും കൂടിയായിരുന്നു ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളില്‍ ശ്രീവിദ്യ പാടിയ പാട്ടുകള്‍ എന്നും ഓര്‍ക്കുന്നവയാണ്. അവസാന കാലത്ത് മിനിസ്‌ക്രീനിലും സജീവമായിരുന്നു അവര്‍ 2004-ലെ 'അവിചാരിതം' എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടി വി അവാര്‍ഡ് ശ്രീവിദ്യക്കു ലഭിച്ചു.

ഒരു നടിയുടെ ജീവിതം എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ശ്രീവിദ്യയുടെ ജീവിതം. എല്ലാം നഷ്ടപ്പെട്ട് ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോള്‍ ആരുമുണ്ടായിരുന്നില്ല കൂട്ടിന്. താരത്തിളക്കങ്ങള്‍ക്കിടയിലും ഒറ്റക്കായിരുന്നു അവര്‍. ശ്രീവിദ്യയുടെ അവസാനനാളില്‍ ആദ്യ കാമുകനായിരുന്ന കമല്‍ഹാസന്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് രഞ്ജിത് തിരക്കഥ എന്ന ചിത്രത്തിന് ആധാരമായത് ഈ സന്ദര്‍ശനമായിരുന്നു. ജീവിച്ചിരിക്കുന്ന കാലത്തോളം സുന്ദരിയായിരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. ക്യാന്‍സറിന് പോലും വേദനകള്‍ക്കിടയിലും മരണക്കിടക്കയിലും ശ്രീവിദ്യയുടെ സൌന്ദര്യത്തെ തകര്‍ക്കാന്‍ സാധിച്ചില്ല.അമ്മത്തമ്പുരാട്ടി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്. കാന്‍സര്‍ ബാധിച്ച് ശ്രീവിദ്യ 2006 ഒക്ടോബര്‍ 19-നു അന്തരിച്ചു. 


 

actress sreevidhya 14th death anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES