മലയാള സിനിമയിലിപ്പോള്‍ റീ-റിലീസുകളുടെ കാലമാണ്. അടുത്തിടെ വീണ്ടും തീയറ്ററില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങളായ രാവണപ്രഭു, മണിച്ചിത്രത്താഴ്, ദേവദൂതന്‍ തുടങ്ങിയവ ബോക്‌സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ ഭരതന്‍ സംവിധാനം ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ അമരം തീയേറ്ററിലേത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയില്ല.
എന്നാല്‍ അമരം റീ-റിലീസായതിന് പിന്നാലെ, ചിത്രത്തില്‍ നായികയായി എത്തിയ പ്രശസ്ത നടി മാതു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഭരതന്റെ ചിത്രത്തില്‍, മമ്മൂട്ടിയുടെ കഥാപാത്രമായ അച്ചൂട്ടിയുടെ ഒരേയൊരു മകളായ രാധയുടെ വേഷത്തിലാണ് സീനിയര്‍ നടി വേഷമിട്ടത്. സിനിമയില്‍ നിന്ന് ഇപ്പോള്‍ വിട്ട് നില്‍ക്കുന്ന നായിക തന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രത്തെ കുറിച്ച് റി റിലീസ് സമയത്ത് സംസാരിച്ചിരുന്നു,
അമരത്തിലെ രാധയായി ആദ്യം പരിഗണിച്ചത് തന്നെയല്ല എന്നാണ് മാതു അടുത്തിടെ വെളിപ്പെടുത്തിയത്. മലയാളത്തില്‍ തുടക്കക്കാരിയായ തനിക്ക്, അതില്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും, അങ്ങനെ ആദ്യം സംഭവിക്കാതിരുന്നപ്പോള്‍ വിഷമമായി. പക്ഷെ ആദ്യം തീരുമാനിച്ച നടി പിന്നീട് പ്രോജെക്ടില്‍ നിന്ന് മാറിയപ്പോള്‍, ആ അവസരം മാതുവിനെ തന്നെ തേടിയെത്തുകയായിരുന്നു. 'ഫോണ്‍ കാള്‍ വന്നപ്പോള്‍, ഏതു റോളിന് വേണ്ടിയാകും വിളിക്കുന്നത് എന്നാണ് ആലോചിച്ചത്. കാരണം മകളുടെ റോള്‍ പ്രധാനപ്പെട്ടതാണെന്ന് അറിഞ്ഞിരുന്നു,' നടി പറഞ്ഞു.
മമ്മൂട്ടിയ്ക്കൊപ്പം 'കുട്ടേട്ടന്‍' എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് മാതു അമരം സെറ്റില്‍ എത്തുന്നത്. അത് കൊണ്ട് തന്നെ, മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കംഫര്‍ട്ടബിളായിരുന്നു എന്നാണ് താരം പറഞ്ഞത്. അച്ഛനും മകളുമായി അഭിനയിക്കുമ്പോള്‍, തങ്ങള്‍ തമ്മില്‍ ഒരു നല്ല കെമിസ്ട്രി ഉണ്ടായിരുന്നുവെന്നും നടി ഓര്‍ത്തെടുത്തു. എന്നാല്‍, എല്ലാവരും ഏറെ പറഞ്ഞിട്ടുള്ള മമ്മൂട്ടിയുടെ ദേഷ്യം, താന്‍ ഒരിക്കലും കണ്ടിട്ടില്ല എന്നും നടി ഓര്‍ത്തെടുത്തു. തന്നെ 'കുട്ടി' എന്ന് വിളിച്ചിരുന്ന, വളരെ കെയറോട് കൂടി മാത്രം പെരുമാറാറുള്ള താരത്തെയാണ് താന്‍ കണ്ടിരുന്നത് എന്നാണ് നടി വെളിപ്പെടുത്തിയത്.
ബാലതാരമായിട്ടാണ് മാതുവിന്റെ തുടക്കം. തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍അഭിനയിച്ചതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. മാധവി എന്നാണ് യഥാര്‍ത്ഥ പേര്. പക്ഷേ, അന്ന് നടി മാധവി തിളങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ സിനിമയ്ക്ക് വേണ്ടി പേരു മാറ്റുകയായിരുന്നു.
നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലാണ് മാതു മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്ന തനിക്ക് ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് നെടുമുടി വേണുവാണെന്ന് മാതു പറയുന്നു. മാധവി എന്ന പേരു മാറ്റി മാതു എന്ന പേരു നല്‍കിയത് നെടുമുടി വേണു ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു മലയാളം ക്ലാസിക്കായ 'പെരുന്തച്ചനില്‍' മോനിഷയ്ക്ക് വേണ്ടി ഒഴിവാക്കപ്പെട്ടശേഷമാണ് മാതുവിന് അമരത്തിലെ റോള്‍ ലഭിക്കുന്നത്. 'പെരുന്തച്ചന്‍' നഷ്ടപ്പെട്ട ശേഷം 'അമരത്തില്‍' എങ്ങനെ അഭിനയിച്ചു എന്ന് 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് മാതു പങ്ക് വച്ചിരുന്നു.'കുട്ടേട്ടന്' ശേഷം ഉടന്‍ തന്നെ എനിക്ക് 'പെരുന്തച്ചനിലെ' നായിക വേഷം വാഗ്ദാനം ചെയ്തു. അതൊരു അഭിമാനകരമായ പ്രോജക്റ്റായിരുന്നു, അതിന്റെ ഭാഗമാകാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. അണിയറപ്രവര്‍ത്തകരുമായി ചേരാന്‍ ഞാന്‍ കാത്തിരിക്കുമ്പോള്‍, എന്റെ റോള്‍ മോനിഷയ്ക്ക് നല്‍കിയെന്ന വാര്‍ത്ത വന്നു. അത് എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു'.
വൈകാരികമായി തളര്‍ന്നുപോയ സമയത്താണ് ക്രിസ്തുമതം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തത്. 'എന്റെ അമ്മ എന്നെ സഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ ഞാന്‍ കര്‍ത്താവിന് മുന്നില്‍ തകര്‍ന്നു കരഞ്ഞു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ 'അമരത്തിലെ'റോളിനായുള്ള വിളി വന്നുവെന്നും നടി പറഞ്ഞിരുന്നു.
പെരുന്തച്ചന്‍' സംഭവം അറിഞ്ഞ ആരെങ്കിലും ചെയ്ത തമാശയാണെന്ന് ഞാന്‍ കരുതി, പക്ഷേ അമ്മ അവരുമായി സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ആ സംഭവം യേശുവിലുള്ള എന്റെ വിശ്വാസം ഉറപ്പിച്ചുവെന്നായിരുന്നു നടി പറഞ്ഞത്.
മാതാപിതാക്കളുടെ പിന്തുണയോടെ നടി പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. മാധവി എന്നായിരുന്നു മാതുവിന്റെ യഥാര്‍ത്ഥ പേര്, മതം മാറിയ ശേഷം അവര്‍ മീന എന്ന പേര് സ്വീകരിച്ചു. 2000ല്‍ അവര്‍ സിനിമാരംഗം ഉപേക്ഷിച്ചു. ഇന്ന്, അവര്‍ യുഎസിലെ ലോംഗ് ഐലന്‍ഡില്‍ ഒരു അക്കൗണ്ടന്റായി ജോലി ചെയ്യുകയും, തന്റെ രണ്ടാമത്തെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ശാന്തമായ ജീവിതം ആസ്വദിക്കുകയുമാണ്.