യൂട്യൂബര്‍ അതുല്‍ വ്‌ലോഗ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. താന്‍ പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും, സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസമാണ് കാണിക്കുന്നതെന്നും അതുല്‍ പറഞ്ഞതായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനോടാണ് താരം ശക്തമായി പ്രതികരിച്ചത്. തന്നെക്കുറിച്ച് സ്വന്തം വീട്ടില്‍ വന്നുനിന്ന് നേരില്‍ കണ്ടതുപോലെയാണ് ഇയാള്‍ പോസ്റ്റിട്ടിരിക്കുന്നതെന്നും ലക്ഷ്മി പ്രിയ ആരോപിച്ചു.
അതുലിന് തന്നോടുള്ള ഈ വ്യക്തിവൈരാഗ്യത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നാളെ ഔദ്യോഗികമായി മൊഴി നല്‍കുമെന്നും ലക്ഷ്മി പ്രിയ അറിയിച്ചിട്ടുണ്ട്. നിയമവഴിയിലൂടെ ഇതിന് കൃത്യമായ മറുപടി നല്‍കാനാണ് താരത്തിന്റെ തീരുമാനം. സൈബര്‍ ഇടങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് താരം നല്‍കുന്നത്.സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഇതിനോടകം വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒട്ടനവധി ആരാധകരും സിനിമാപ്രേമികളും നടിക്ക് പിന്തുണയുമായി രംഗത്തെത്തുമ്പോള്‍, യൂട്യൂബറുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് സോഷ്യല്‍ മീഡിയ ലോകം. പോലീസിന്റെ തുടരന്വേഷണത്തില്‍ മാത്രമേ ഈ വിവാദത്തിന് പിന്നിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂ.
ലക്ഷ്മി പ്രിയയുടെ വാക്കുകള്‍... എന്നെക്കുറിച്ച് എന്റെ വീട്ടില്‍ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങള്‍ക്കുള്ള അഭിപ്രായം നിങ്ങള്‍ക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാന്‍ തീര്‍ത്തു പറയാം. എനിക്ക് നിങ്ങള്‍ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നില്‍ അല്ല ആളുള്ളത്. മുന്നില്‍ ആണ്. ഈശ്വരന്‍ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി.
പിന്നെ, നെറികേടുകള്‍ പറഞ്ഞ് അരി വാങ്ങുന്ന പരമന്‍മാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാന്‍ ഒരു സ്റ്റേറ്റ്‌മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലക്ഷ്മി പ്രിയ എന്ന ഞാന്‍ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര Acp മനോജ് സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാര്‍ത്ഥo ലക്ഷ്മി പ്രിയ എന്ന ഞാന്‍ നാളെ അതങ്ങ് പുറത്ത് വിടും. A
നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങള്‍ മൂടി വച്ചും ജീവനേക്കാള്‍ ഏറെ മറ്റുള്ളവരെ സ്‌നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസ്സില്ല. സത്യമേവ ജയതേ, ധര്‍മ്മമേവ ജയതേ.