മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമയായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികളെന്ന് നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയ്‌മെന്റ്. ഫേസ്‌ബുക്കിലൂടെയാണ് നിർമ്മാതാക്കൾ ഇക്കാര്യം അറിയിച്ചത്്.
മോഹൻലാൽ മമ്മൂട്ടി ഫാൻസുകൾ തമ്മിൽ തമ്മിലടി ഉണ്ടാവാതിരിക്കാൻ ബോക്‌സ് ഓഫീസ് കളക്ഷൻ പുറത്തുവിടുന്നില്ലെന്നാണ് പോസ്റ്റിലുള്ളത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാന പ്രകാരമാണിതെന്നും പോസ്റ്റിലുണ്ട്.പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കാൻ സഹായിച്ചതിന് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
നവാഗതനായ പാടൂർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിച്ചത് ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സായിരുന്നു.ഏതാണ്ട് രണ്ട് മാസക്കാലമായി മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ തിയേറ്ററുകളിലെത്തിയിട്ട്. സമ്മിശ്ര പ്രതികരണം നേടിയ സിനിമകളിൽ ഒന്നായിട്ടും ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് നിർമ്മാണ കമ്പനിയായ ഗുഡ് വിൽ എന്റർടെയ്ന്മെന്റ്‌സ് അവകാശപ്പെടുന്നത്.
വൈശാഖ്- മോഹൻലാൽ ടീമിലിറങ്ങിയ പുലിമുരുകനാണ് കളക്ഷന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 125 കോടിയിലധികമാണ് പുലിമുരുകൻ സ്വന്തമാക്കിയത്. 75 കോടിയിലധികം സ്വന്തമാക്കിയ മോഹൻലാലിന്റെ തന്നെ ദ്രശ്യം ആയിരുന്നു രണ്ടാമത്തെ സിനിമ. ഏതായാലും ഈ ചിത്രത്തെയാണ് മമ്മൂട്ടിച്ചിത്രം മറികടന്നിരിക്കുന്നത്.