സിനിമാ മേഖലയെ സംബന്ധിച്ച് പുറത്തുവരുന്ന മീ ടു വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.തൊഴില്‍ നഷ്ടമാകുമെന്നും അവസരങ്ങള്‍ കുറയുമെന്നൊക്കെയുളള ആശങ്കങ്ങള്‍ വകവെയ്ക്കാതെയാണ് പല നടിമാരും വെളിപ്പെടുത്തലുമായി എത്തുന്നത്. ഹോളിവുഡില്‍ തുടങ്ങിയ മീ ടു മൂവ്മെന്റ് ഇന്ത്യയിലും സജീവമായതോടെയാണ് അധിക പേരും രംഗത്തെത്തിയിരുന്നത്. നടി തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലിനു ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടു ക്യാംപെയ്ന്‍ ഒന്നുകൂടി സജീവമായിരുന്നത്.
നാനാ പടേക്കറിനെതിരെയുളള തനുശ്രീയുടെ വെളിപ്പെടുത്തല്‍ നേരത്തെ ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തനുശ്രീയ്ക്ക് പിന്നാലെ സിനിമാ രംഗത്ത് മുന്‍നിരയിലുളള പല താരങ്ങളും ലൈംഗികാരോപണങ്ങളുമായി എത്തിയിരുന്നു. ഇത്തരത്തില്‍ മീ ടൂ വെളിപ്പെടുത്തലുമായി എത്തുന്ന താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് ബോളിവുഡില്‍ ലഭിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളടക്കം നേരത്തെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍താരം ആമിര്‍ ഖാനും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ മീടു ക്യാംപെയ്ന് പിന്തുണ പ്രഖ്യാപിച്ച് താരങ്ങളെല്ലാം എത്തിയ സമയത്തായിരുന്നു ആമിര്‍ ഖാനും എത്തിയിരുന്നത്. ഫര്‍ഹാന്‍ അക്തര്‍,പ്രിയങ്കാ ചോപ്ര,ദീപികാ പദുകോണ്‍, തുടങ്ങിയ താരങ്ങളെല്ലാം തന്നെ നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആമിര്‍ ഖാനും എത്തിയിരിക്കുന്നത്. ആമിര്‍ ഖാനൊപ്പം ഭാര്യ കിരണ്‍ റാവുവും ഉണ്ടായിരുന്നു.
തന്റെ പുതിയ ചിത്രത്തില്‍ നിന്നും പിന്മാറികൊണ്ടായിരുന്നു ആമിര്‍ മീടു ക്യാംപെയ്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് കപൂര്‍ ലൈംഗികാരോപണത്തില്‍പ്പെട്ട സമയത്താണ് ആമിര്‍ സുപ്രധാന തീരുമാനം എടുത്തത്. അണിയറയില്‍ ഒരുങ്ങുന്ന മൊഗുള്‍ എന്ന ചിത്രത്തില്‍ നിന്നുമാണ് നടന്‍ പിന്മാറിയിരിക്കുന്നത്. സുഭാഷ് കപൂറിനെതിരെ നേരത്തെ നടി ഗീതിക ത്യാഗി ആയിരുന്നു ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരുന്നത്. മൊഗുള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായിരുന്നു ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിറും കിരണും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നത് വരെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു,
ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീടു ക്യാംപെയിന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുളള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഗീതഞ്ജന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുള്‍. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടതിനാലായിരുന്നു നിര്‍മ്മാണ പങ്കാളിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആമിര്‍ എത്തിയിരുന്നത്. എന്നാല്‍ സുഭാഷ് കപൂര്‍ ആരോപണ വിധേയനായതോടെ നടന്‍ തീരുമാനം മാറ്റുകയായിരുന്നു.തനുശ്രീക്ക് പിന്നാലെ കങ്കണ റാവത്ത്,സണ്ണി ലിയോണ്‍,ചിന്മയി തുടങ്ങിയവരായിരുന്നു നേരത്തെ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്.