സൂര്യ നായകനാകുന്ന കങ്കുവ സിനിമയിലെ രണ്ടാം ഗാനം 'യോലോ' പുറത്തിറങ്ങി. ഒരു പാര്‍ട്ടി സോംഗ് എന്ന നിലയിലാണ് ഗാനം എത്തിയിരിക്കുന്നത്. നായകന്‍ സൂര്യയ്‌ക്കൊപ്പം ബോളിവുഡ് സുന്ദരി ദിഷ പഠാനിയാണ് ഗാന രംഗത്തില്‍. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ രണ്ട് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ഇതില്‍ ആധുനിക കാലത്താണ് ഈ പാട്ട് നടക്കുന്നത് എന്നാണ് ലിറിക് വീഡിയോയ്‌ക്കൊപ്പം പുറത്തുവിട്ട വിഷ്വല്‍സ് നല്‍കുന്ന സൂചന.
ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം 30 മില്ല്യണ്‍ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നവംബര്‍ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. 'യോലോ' ഗാനം ദേവി ശ്രീപ്രസാദും ലവിത ലബോയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
അതേ സമയം ഈ വര്‍ഷം തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. രണ്ട് ഭാഗമായിട്ടായിരിക്കും ചിത്രം എത്തുകയെന്നും ആദ്യഭാഗമാണ് നവംബറില്‍ എത്തുകയെന്നും സംവിധായകന്‍ ശിവയും നിര്‍മ്മാതാവ് ജ്ഞാനവേലും പറഞ്ഞിരുന്നു.
സംവിധായകന്‍ സിരുത്തൈ ശിവ 2023ല്‍ ചിത്രത്തിന്റെ പേരിന്റെ അര്‍ഥം വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അര്‍ഥം എന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അതായത് ദഹിപ്പിക്കാന്‍ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് കങ്കുവയുടെ അര്‍ഥം. തമിഴകത്ത് നിന്നുള്ള ആദ്യ 1000 കോടി ചിത്രമാകുമോ കങ്കുവ എന്നതിലാണ് ആകാംക്ഷ.
ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.
ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ചില കാസ്റ്റുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. പല സര്‍പ്രൈസുകളും സംവിധായകന്‍ ശിവ ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.