തോളിൽ സ്പർശിച്ചത് എനിക്ക് സഹിക്കാൻ പറ്റിയില്ല; സംഭവം തനിക്ക് മാനസിക പ്രശ്‌നമുണ്ടാക്കി; സുരേഷ് ഗോപിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് മാധ്യമ പ്രവർത്തക; ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി

Malayalilife
topbanner
തോളിൽ സ്പർശിച്ചത് എനിക്ക് സഹിക്കാൻ പറ്റിയില്ല; സംഭവം തനിക്ക് മാനസിക പ്രശ്‌നമുണ്ടാക്കി; സുരേഷ് ഗോപിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് മാധ്യമ പ്രവർത്തക; ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ മാധ്യമപ്രവർത്തകയുടെ തീരുമാനം. നടപടിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി അവർ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മോശം ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി പെരുമാറിയെന്നാണ് പരാതിയിൽ മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞെങ്കിലും അത് ഉൾകൊള്ളാതെയാണ് പരാതി നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി തോളിൽ സ്പർശിച്ചുകൊണ്ട് മറുപടി പറഞ്ഞതെന്നും മാധ്യമപ്രവർത്തക നേരത്തെ പ്രതികരിച്ചിരുന്നു. ആ സമയത്തു തന്നെ കൈ തട്ടി മാറ്റി എന്നും സംഭവം തനിക്ക് മാനസിക പ്രശ്‌നമുണ്ടാക്കിയെന്നും അവർ പറഞ്ഞു.

''തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹം മോളെ എന്നു വിളിക്കുകയും തോളിൽ തഴുകുകയും ചെയ്തത്. ആ സമയത്ത് എനിക്കു പെട്ടെന്ന് ഷോക്കായി പോയി. എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റാൻ വേണ്ടിയാണ് ഞാൻ പിന്നിലേക്കു വലിഞ്ഞത്. ഞാൻ മാധ്യമപ്രവർത്തകയായതിനാൽ എനിക്കതിൽ തുടർ ചോദ്യങ്ങളുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ വീണ്ടും അദ്ദേഹത്തോട് ചോദ്യം ചോദിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി എന്റെ തോളിൽ കൈവച്ചത് എനിക്ക് സഹിക്കാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല. എനിക്കത് കംഫർട്ട് ആയിരുന്നില്ല. ഞാൻ പോയിരിക്കുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോട് ചോദ്യം ചോദിക്കാനാണ്. അല്ലാതെ മറ്റൊരു സൗഹൃദ സംഭാഷണത്തിനല്ല.'' മാധ്യമപ്രവർത്തക പറഞ്ഞു.

സംഭവം മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. ''പലതവണ ആലോചിച്ചപ്പോഴും ഇതൊരു ശരിയായ പ്രവണത അല്ലെന്നു തന്നെയാണ് എനിക്കു തോന്നിയത്. മുൻപും പല മാധ്യമപ്രവർത്തകരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആ പ്രശ്‌നത്തെ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഞാൻ അഭിസംബോധന ചെയ്യേണ്ടതുണ്ട്. 15 വർഷത്തിനു മുകളിലായി ഈ മേഖലയിൽ നിൽക്കുന്ന ആളാണ് ഞാൻ. അതിന്റെ അടിസ്ഥാനത്തിൽ നിയമനടപടിക്കു പോകും.'' അവർ പറഞ്ഞു.

സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ നടത്തിയ മാപ്പപേക്ഷ തന്റെ ശ്രദ്ധയിൽപ്പെട്ടതായും മാധ്യമപ്രവർത്തക പ്രതികരിച്ചു. ''ചെയ്തത് തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കണം. എന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചതായാണ് എനിക്കു തോന്നിയത്. അതുകൊണ്ടായിരുന്നു അങ്ങനെയൊരു പ്രതികരണം. മാപ്പുപറച്ചിലായിട്ടല്ല. അത് വിശദീകരണമായാണ് തോന്നിയത്. അദ്ദേഹം എന്ത് ഉദ്ദേശിച്ചു എന്ന് എനിക്കറിയില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അപമാനിക്കപ്പെട്ടു. അതുകൊണ്ടു തന്നെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം.'' മാധ്യമപ്രവർത്തക വ്യക്തമാക്കി.

വിഷയത്തിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. താൻ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്‌നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെ മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചിരുന്നു അദ്ദേഹം.

മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാണ് സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്.

Read more topics: # സുരേഷ് ഗോപി
Women Journalist filed complaint against Suresh Gopi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES