Latest News

തന്റെ പ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടി വന്നു; നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പമെന്ന് ഡബ്ല്യൂസിസിയുടെ കുറിപ്പ്

Malayalilife
 തന്റെ പ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടി വന്നു; നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പമെന്ന് ഡബ്ല്യൂസിസിയുടെ കുറിപ്പ്

പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും നടി നയൻതാരയെയും പരസ്യമായി അധിക്ഷേപിച്ച നടൻ രാധാരവിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്്.. നടിയെ വ്യക്തിഹത്യ നടത്തിയ രാധയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരിയുൾപ്പെടെ ധാരാളം പേരാണ് രംഗത്തു വന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു സിസി. നിശ്ശബ്ദത വെടിഞ്ഞ് ചോദ്യങ്ങൾ ചോദിക്കാൻ മുന്നിട്ടിറങ്ങിയ നയൻതാരയ്ക്കൊപ്പമാണ് തങ്ങളെന്നും ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ കുറിച്ചു.രാധ രവി നടത്തിയ വ്യക്തിഹത്യ സിനിമ ലോകത്ത് വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണെന്ന് ഫേസ്‌ബുക്കിൽ കുറിപ്പിലൂടെ ഡബ്ല്യൂസിസി വിമർശിച്ചു.

ഡബ്ല്യു സിസിയുടെ കുറിപ്പ്

തമിഴ് സിനിമയിലെ മുതിർന്ന നടനായ രാധ രവി ഈയിടെ നടത്തിയ വ്യക്തിഹത്യ, നമ്മുടെ സിനിമ ലോകത് നിൽക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണ്. ആർക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാൻ ആവാത്തതുമാണ്. ഞങ്ങളുടെ സഹപ്രവർത്തക തന്റെ ഔദ്യോഗിക മറുപടിയിൽ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളിൽ സുപ്രീം കോർട്ട് വിധി പ്രകാരമുള്ള ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്. രാജ്യം അനുശാസിക്കുന്ന നിയമങ്ങൾ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയിൽ ഈ ഭേദഗതി നിലവിൽ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. തന്റെ പ്രവർത്തന മേഖലയിൽ സ്തുത്യർഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവിൽ ഉള്ളത്. കേരള ഹൈ കോടതിയിൽ സമർപ്പിച്ച റിറ്റ് പെറ്റീഷനിൽ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്. നടികർ സംഘം നയൻതാരക്ക് പിന്തുണ പ്രഖ്യാപിക്കുകയും, രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തത് കൂടാതെ , ഭാവിയിൽ ഇത് പോലെയുള്ള അഭിപ്രായപ്രകടങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശക്തമായ ഭാഷയിൽ താക്കീതും നൽകിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകൾക്ക് പരിഗണ നൽകാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങൾ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്ന നയൻതാരക്കൊപ്പം!

അവൾക്കൊപ്പം

WCC Facebook post supporting Nayanthara on Radha ravi issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES