കോഴിക്കോട്: അമ്മയുടെ യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി നടി ഊർമ്മിള ഉണ്ണി. കോഴിക്കോട് ബഷീർ അനുസ്മരണ വേദിയുടെ ബഷീർ പുരസകാരം സ്വീകരിച്ചശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. താരസംഘടനയുടെ യോഗത്തിൽ ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തെപ്പറ്റി ചോദ്യം ഉന്നയിച്ചതും അതേത്തുടർന്ന് പുറത്താക്കിയ തീരുമാനം റദ്ദാക്കുന്നകാര്യം ഭാരവാഹികൾ പ്രഖ്യാപിക്കുന്നതും.
ഇതോടെ വിഷയം വലിയ ചർച്ചയാവുകയും ഇതിൽ വിശദീകരണവുമായി ഊർമ്മിള രംഗത്തുവരികയും ചെയ്തിരുന്നു. കൂടെയുള്ളവരെല്ലാം ഇക്കാര്യം ചോദിക്കാൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് താൻ വിഷയം അവതരിപ്പിച്ചതെന്നായിരുന്നു പിന്നീട് ഒരു അഭിമുഖത്തിൽ നടി വ്യക്തമാക്കിയത്. വിഷയം ഉന്നയിച്ചത് ഊർമ്മിളയാണെന്ന വിവരം പുറത്തുവന്നതോടെ അവർക്കെതിരെയും സോഷ്യൽമീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
വീട്ടുവേലക്കാരി വീട്ടിൽ നിന്ന് പോയിട്ട് മടങ്ങിയെത്തിയില്ലെങ്കിൽ എന്താ തിരിച്ചുവരാത്തത് എന്ന് ചിന്തിക്കുന്ന അമ്മയെപ്പോലെ ദിലീപിനെ തിരിച്ചെടുക്കിന്നില്ലേ എന്ന് അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു ഊർമ്മിള ഉണ്ണി പറഞ്ഞത്. തനിക്ക് മാത്രമേ അതിന് ധൈര്യമുണ്ടായിരുന്നുള്ളൂ. ശേഷം വന്ന വാർത്തകൾ വളച്ചൊടിച്ചതാണ്. അമ്മയിൽ നിന്ന് രാജിവെച്ചവർ അത് അവരുടെ ഇഷ്ടത്തിന് ചെയ്തതാണ്.
എല്ലാകാലത്തും ആ നടിക്കുണ്ടായതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും പുറത്ത് അറിഞ്ഞിരുന്നില്ല. നടി ആക്രമിക്കപ്പെട്ടുവെന്നതിൽ ആര് പറയുന്നതാണ് സത്യമെന്നറിയില്ല. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. കേസ് നടക്കുകയാണ്. - ഊർമ്മിള പറയുന്നു. എന്താണ് ലാഘവത്തോടെ ഈ വിഷയത്തെ കാണുന്നതെന്ന പത്ര ലേഖകരുടെ ചോദ്യത്തിന് ജീവിതം പഠിപ്പിച്ചത് അങ്ങനെയാണ് എന്നായിരുന്നു ഊർമ്മിള ഉണ്ണിയുടെ മറുപടി.
അതിനിടെ നടി ആക്രമിക്കപ്പട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യമുന്നയിച്ച ഊർമിള ഉണ്ണിക്കെതിരെ അവാർഡ്ദാന വേദിയിലും പ്രതിഷേധം ഉയർന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിനാ ബഷീർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. അവാർഡ് ലഭിച്ച അദ്ധ്യാപിക ദീപാ നിശാന്ത്, ഗുരുവയുരപ്പൻ കോളജിലെ വിദ്യാർത്ഥികൾ എന്നിവരും ഊർമ്മിള ഉണ്ണിയുടെ നിലപാടിൽ പ്രതിഷേധിച്ച് അവാർഡ് ദാന ചടങ്ങിൽ നിന്നും വിട്ടുനിന്നു. താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ദീപാ നിശാന്ത് ഫേസ്‌ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.